ADVERTISEMENT

റീസ് തോമസ് ഒരു ബുക്ക്ഹോളിക് ആണ്. ഇഷ്ടപ്പെട്ട പുസ്തകം വായിക്കാൻ കിട്ടിയില്ലെങ്കിൽ അസ്വസ്ഥനാകും. അതുകൊണ്ടു തന്നെ ഇഷ്ടപ്പെട്ട പുസ്തകം കിട്ടാൻ എന്തു സാഹസവും ചെയ്യും. ഗുരുവായൂരമ്പലനടയിൽ, ലൂക്ക, മിന്നൽ മുരളി, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമകളുടെ അസിസ്റ്റന്റ് ഡയറക്ടറും എഴുത്തുകാരനുമാണു റീസ് തോമസ്. നിധി കണ്ടെത്തി സ്വന്തമാക്കാനുള്ള ട്രഷർ ഹണ്ടിനു തുല്യമാണ് ഇഷ്ടപ്പെട്ട പുസ്തകങ്ങൾക്കു വേണ്ടി റീസ് നടത്തുന്ന പുസ്തകവേട്ടയെന്നു സുഹൃത്തുക്കൾ പറയും.

അതു വെറുതെ പറയുന്നതല്ല. വോൾഫ്ഗാങ് ഹെറൻഡോർഫ് എഴുതിയ 'ടിഷിക്' എന്ന ജർമൻ നോവലിന്റെ രണ്ടാം ഭാഗം വായിക്കാൻ റീസ് തോമസ് നടത്തിയ നീക്കങ്ങൾ പുസ്തക വേട്ടയുടെ ഒരുദാഹരണമാണ്. അതിങ്ങനെയാണ്: മോഷ്ടിച്ച കാറിൽ കൗമാരക്കാരായ ടിഷിക്കും മെയ്ക്കും കാണാക്കാഴ്ചകളിലേക്കു യാത്രകൾ പോകുന്ന കഥയാണു ടിഷിക്. ഇതിന്റെ ഇംഗ്ലിഷ് പരിഭാഷ 'വൈ വി ടുക് ദ് കാർ' എന്ന നോവൽ റീസ് വായിച്ചിരുന്നു. ഇതിന്റെ രണ്ടാം ഭാഗം എഴുതി പൂർത്തിയാക്കുന്നതിനു മുൻപു വോൾഫ്ഗാങ് ആത്മഹത്യ ചെയ്തെങ്കിലും പൂർത്തിയാകാത്ത പുസ്തകം പബ്ലിഷിങ് കമ്പനി പുറത്തിറക്കി. ആദ്യഭാഗം വായിച്ച റീസിനു രണ്ടാം ഭാഗം വായിക്കണമെന്ന് അതിയായ മോഹം. പൂർണമായും ജർമൻ ഭാഷയിലുള്ള നോവൽ വേറൊരിടത്തും ഇല്ല. അന്വേഷിച്ചു മടുത്തപ്പോൾ റീസ് ഇൻസ്റ്റഗ്രാമിൽ ജർമൻകാരെ തിരയാൻ തുടങ്ങി. ഏറെ നാളത്തെ തിരച്ചിലിനൊടുവിൽ നോവലിന്റെ രണ്ടാം ഭാഗം കയ്യിലുള്ള ഒരു ജർമൻകാരിയെ കണ്ടെത്തി. പുസ്തകം നൽകാൻ തയാറായില്ലെങ്കിലും പുസ്തകത്തിന്റെ പേജുകളുടെ ഫോട്ടോ റീസിന് അയച്ചു കൊടുത്തു.‌ പേജുകൾ കയ്യിൽ കിട്ടിയെങ്കിലും ജർമൻ ഭാഷയിലുള്ള നോവൽ കയ്യിൽ പിടിച്ചു റീസ് ആകാശത്തേക്കു നോക്കിയിരുന്നു. എന്തായാലും നോവൽ വായിക്കുമെന്ന് ഉറപ്പിച്ച റീസ് ജർമൻ ഭാഷ പഠിക്കാൻ ആരംഭിച്ചു. കുറെ നാൾ പഠിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. ഒരു സുഹൃത്തിന്റെ നിർദേശപ്രകാരം ഓൺലൈൻ ട്രാൻസ്‌ലേഷൻ സംവിധാനങ്ങൾ ഉപയോഗിച്ചു ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി പ്രിന്റെടുത്തു. പ്രിന്റ് എടുത്ത പേജുകൾ ചേർത്തു പുസ്തകമാക്കി ഒറ്റയിരുപ്പിനു നോവൽ വായിച്ചു.

പുസ്തകം വാങ്ങാൻ കയ്യിൽ പണമില്ലാത്ത കാലത്തും റീസ് പുസ്തകങ്ങൾ കണ്ടെത്തി വായിക്കുന്നതിലും പുസ്തകങ്ങൾ സ്വന്തമാക്കുന്നതിലും ഒരു മുടക്കവും വരുത്തിയില്ല. സ്കൂൾ വിട്ടാൽ സമീപത്തുള്ള ലൈബ്രറികളിലേക്കാണു റീസ് എത്തിയിരുന്നത്. ചെറുകിട വ്യാപാരിയായ മൂവാറ്റുപുഴ കൈതമറ്റത്തിൽ തോമസ് നല്ല പുസ്തകങ്ങളെ ഇഷ്ടപ്പെട്ടിരുന്നയാളായിരുന്നെങ്കിലും മകന് ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങി നൽകാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. അമ്മ അന്നമ്മയ്ക്കും മകന്റെ ഇഷ്ടത്തിനൊപ്പം നിൽക്കാനായില്ല. ഇഷ്ട പുസ്തകങ്ങൾ സ്വന്തമാക്കാനുള്ള ആഗ്രഹം കലശലായതോടെയാണു പണം മുടക്കാതെ പുസ്തകങ്ങൾക്കായുള്ള സാഹസിക പുസ്തക വേട്ട ആരംഭിച്ചത്.

ഹാരി പോട്ടർ ആൻഡ് ദ് ഡെത്‌ലി ഹാലോസ് എന്ന പുസ്തകം മൂവാറ്റുപുഴയിലെ ന്യൂ കോളജ് ബുക് സ്റ്റാളിൽ നിന്നു മോഷ്ടിച്ചതും പുസ്തകങ്ങൾ വായിക്കുന്നതിനൊപ്പം സ്വന്തമായി സൂക്ഷിക്കാനുള്ള ആഗ്രഹവും മൂലമാണ്. വായനയിലൂടെ വളർന്ന റീസ് എഴുത്തുകാരനായപ്പോൾ ആദ്യ പുസ്തകമായ 90’സ് കിഡ്സ് ഏറ്റവും കൂടുതൽ വിറ്റു പോയത് ഈ ബുക് സ്റ്റാളിൽ നിന്നായിരുന്നു. ഇവിടെ എത്തി പഴയ മോഷണം ഏറ്റുപറഞ്ഞു പുസ്തകത്തിന്റെ പണം നൽകാൻ തയാറായപ്പോൾ 90’സ് കിഡ്സിന്റെ കോപ്പികളിൽ എഴുത്തുകാരനായ റീസിന്റെ ഒപ്പിട്ടു വാങ്ങുകയാണ് ബുക് സ്റ്റാൾ ഉടമ ദേവദാസ് ചെയ്തത്. തൃക്കളത്തൂർ കാവുംപടിയിൽ റീസ് തോമസിന്റെ വീട്ടിലെ ഷെൽഫിൽ ഉണ്ട് ഇപ്പോഴും ഹാരിപോട്ടർ ആൻഡ് ദ് ഡെത്‌ലി ഹാലോസ്. ടൈറ്റാനിക് സിനിമയുടെ തിരക്കഥ പുസ്തക രൂപത്തിലാക്കിയത് ഇന്തൊനീഷ്യയിൽ നിന്നു വരുത്തി സ്വന്തമാക്കിയതും നിധിവേട്ട പോലെയുള്ള നീക്കങ്ങൾക്കു ശേഷമായിരുന്നുവെന്നും റീസ് പറയുന്നു.

എല്ലാർക്കുമെന്ന പോലെ റീസ് തോമസിന് ആദ്യം ആരാധന തോന്നിയത് ഡിറ്റക്ടീവ് നോവലുകൾ എഴുതുന്നവരോടായിരുന്നു. കോട്ടയം പുഷ്പനാഥായിരുന്നു ആദ്യ ഹീറോ. കോട്ടയം പുഷ്പനാഥിനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട് റീസ്. ഏറെ നേരം സംസാരിച്ചതു വലിയ അനുഭവമായി റീസ് പറയുന്നു. പിന്നീട് വൈക്കം മുഹമ്മദ് ബഷീറായിരുന്നു ഇഷ്ട എഴുത്തുകാരൻ. അദ്ദേഹം മരിച്ചു കഴിഞ്ഞിട്ടും റീസ് പലവട്ടം വീട് സന്ദർശിച്ചു. ഒരു ദിവസം മുഴുവൻ ഫാബി ബഷീറിനോടു സംസാരിച്ചു.

പൗലോ കൊയ്‌ലോ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന മലയാളികളിൽ ഒരാൾ റീസ് തോമസ് ആണ്. മണ്ണൂർ ഗാർഡിയൻസ് സ്കൂളിൽ പഠിക്കുമ്പോൾ ആൽക്കെമിസ്റ്റ് വായിച്ചാണു പൗലോ കെയ്‌ലോയുടെ ആരാധകനായി റീസ് മാറിയത്. പുസ്തകം വായിച്ചു കഴിഞ്ഞു ഇ മെയിലിൽ പൗലോ കൊയ്‌ലോക്കു അഭിനന്ദന സന്ദേശം അയച്ചു. റീസിനെ ഞെട്ടിച്ചു പൗലോ കൊയ്‌ലോ മറുപടി അയച്ചു. ആ സൗഹൃദം ഇന്നും തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com