എഴുത്തിന്റെ സ്വാതന്ത്ര്യത്തിന് അതിരുകൾ പാടില്ല: സാറാ ജോസഫ്
Mail This Article
എഴുത്തിന്റെ സ്വാതന്ത്ര്യത്തിന് അതിരുകൾ പാടില്ലെന്നും എഴുതുമ്പോൾ വേണ്ടത് ആന്തരിക സ്വാതന്ത്ര്യമാണെന്നും പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. മനോരമ ഹോർത്തൂസ് വേദിയിൽ പ്രമുഖ മലയാളി ചരിത്രകാരിയും ഫെമിനിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ജെ. ദേവികയുമായി നടത്തിയ 'സ്ത്രീപക്ഷ പോരാട്ടങ്ങളും സാഹിത്യവും' എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു സാറാ ജോസഫ്.
'സ്വാതന്ത്ര്യം ഏവർക്കും അർഹതപ്പെട്ടതാണ്. തുല്യത നിലനിൽക്കുന്നത് സമൂഹത്തിന്റെയും ജനാധിപത്യത്തിന്റെയും ഇടപെടൽ കാരണമാണ്. ചിലർ അതിനു പുറത്താണ്. പ്രത്യേകിച്ച് സ്ത്രീകൾ. അവർക്ക് പലപ്പോഴും ഔദാര്യം പോലെയാണ് പലതും നൽകപ്പെടുന്നത്. ഏവർക്കും തുല്യത അനുഭവിക്കാൻ പറ്റണം. എഴുതുമ്പോൾ സ്വാതന്ത്ര്യത്തോടെ എഴുതാൻ സാധിക്കുകയെന്നാൽ സത്യം പറയാനുള്ള സ്വാതന്ത്ര്യമാണ്. എഴുത്ത് എന്നും സമൂഹത്തോട് കലഹിച്ചിട്ടേയുള്ളൂ. നിലനിൽക്കുന്നവയോട് സമരം ചെയ്ത് പുതിയ സമൂഹത്തെ സ്വപ്നം കാണുകയാണ് എഴുത്തുകാർ ചെയ്യുന്നത്.'– സാറാ ജോസഫ് കൂട്ടിച്ചേർത്തു.
സ്ത്രീരചനകളും സ്ത്രീപക്ഷരചനകളും രണ്ടാണെന്നും സ്ത്രീപക്ഷരചനകള്‍ക്ക് താരതമ്യേനെ സ്വീകാര്യത കുറവാണെന്നും സാറാ ജോസഫ് പറഞ്ഞു. 'ലോകസാഹിത്യത്തിൽ പോലും സ്ത്രീരചനകളും സ്ത്രീപക്ഷരചനകളും തമ്മിൽ ഈ അന്തരം കാണാം. സ്ത്രീപക്ഷരചനകളിൽ സ്ത്രീകൾ അവരുടെ അനുഭവങ്ങളും അടിച്ചമർത്തലുകളും ആവിഷ്കരിക്കാനാണ് ശ്രമിക്കുന്നത്. അതിൽ എപ്പോഴും രക്തച്ചൊരിച്ചിലുകൾ ഉണ്ടാകും.'
എഴുതുന്നത് വ്യക്തിപരമായ സ്ത്രീജീവിതമല്ല എന്ന ബോധ്യമില്ലാതെ പുരുഷാധിപത്യ സമൂഹം നടത്തുന്ന ഇടപെടലിനെക്കുറിച്ച് ജെ. ദേവികയുടെ ചോദ്യത്തിനും സാറാ ജോസഫ് മറുപടി പറഞ്ഞു. 'പലപ്പോഴും എഴുത്തുകാരിയെന്ന നിലയിലല്ല, സ്ത്രീ എന്ന നിലയിലാണ് അവർ ആക്രമിക്കപ്പെടുന്നത്. അതുകൊണ്ടാണ് കാലങ്ങളായി ഭയം എഴുത്തുകാരികളെ നിയന്ത്രിച്ചിരുന്നത്. അതിരുകളില്ലാത്ത ലോകത്തിൽ എഴുതാൻ ശ്രമിച്ച രാജലക്ഷ്മി, മാധവിക്കുട്ടി പോലെയുള്ള എഴുത്തുകാരികളെല്ലാം ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അതിനോട് പ്രതികരിച്ചിട്ടുണ്ട്.'
ചടങ്ങിൽ സാറാ ജോസഫിന്റെ 'സഹ' എന്ന കഥാസമാഹാരം പ്രമുഖ എഴുത്തുകാരൻ എൻ. എസ്. മാധവൻ എഴുത്തുകാരിയും സാറാ ജോസഫിന്റെ മകളുമായ സംഗീത ശ്രീനിവാസന് നൽകി പ്രകാശനം ചെയ്തു.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/