ഗണിതശാസ്ത്ര ഒളിംപ്യാഡിനൊരു കൈപ്പുസ്തകം
Mail This Article
കോട്ടയം കലക്ടറായിരുന്ന സമയം. മതിയായ ചികിത്സ ലഭിക്കാതെ ഒരു ചെറുപ്പക്കാരൻ മെഡിക്കൽ കോളജിൽ മരിച്ചെന്നും ഇതുസംബന്ധിച്ച് അവിടെ സംഘർഷാവസ്ഥയുണ്ടെന്നും റിപ്പോർട്ട് കിട്ടി. തുടർനടപടികൾ സ്വീകരിക്കുന്നതിനും മറ്റുമായി അന്നു മുഴുവൻ എനിക്ക് ആശുപത്രിയിൽ നിൽക്കേണ്ടിവന്നു. രാത്രി എട്ടുമണിക്കു ശേഷം ഏറെ ക്ഷീണിതനായാണ് മുട്ടമ്പലത്തെ ക്യാംപ് ഓഫിസിൽ മടങ്ങിയെത്തിയത്. ഒരു ജീവൻ അകാലത്തിൽ പൊലിഞ്ഞതിന്റെ ദുഃഖവും എന്നെ വേട്ടയാടിയിരുന്നു.
അപ്പോൾ വീടിനു പുറത്ത് ഒരു അച്ഛനും മകളും എന്നെ കാത്തുനിൽപുണ്ടായിരുന്നു. മകൾക്ക് ഗണിതശാസ്ത്ര ഒളിംപ്യാഡിൽ പങ്കെടുക്കാൻ പരിശീലനം നൽകണമെന്ന് അഭ്യർഥിക്കാനായിരുന്നു ആ കാത്തുനിൽപ്. മിടുക്കിയായ വിദ്യാർഥിനിയാണ് അവൾ. പിതാവാകട്ടെ, ഗണിതശാസ്ത്രാധ്യാപകനായിരുന്ന എന്റെ അച്ഛന്റെ ശിഷ്യനുമാണ്. ജില്ലാ ഭരണാധികാരിയുടെ സങ്കീർണമായ തിരക്കുകൾക്കിടയിൽ ഒരു കുട്ടിയെ ഗണിതം പഠിപ്പിക്കുക എന്നത് ചിന്തിക്കാനേ കഴിയില്ല. അവരെ നിരാശപ്പെടുത്താനും വയ്യ. പരീക്ഷയുടെ പ്രാഥമികമായ ചില കാര്യങ്ങൾ പറഞ്ഞുകൊടുത്ത് ആത്മവിശ്വാസം നൽകിയാണ് അവരെ മടക്കിയയച്ചത്.
ഇടുക്കി ജില്ലാകലക്ടറായിരിക്കുമ്പോഴും ഇതുപോലെ ചില അനുഭവങ്ങളുണ്ടായി. മൂന്നാർ ദൗത്യവുമായി ഞാൻ രാപകൽ തിരക്കിലായിരുന്നു. വനംവകുപ്പിന്റെ ദേവികുളത്തെ ടി.ബി.യിലായിരുന്നു എന്റെ താമസം. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ ശാസ്ത്രവും ഗണിതവും പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എന്നെ കാണാൻ വരുമായിരുന്നു.
പഠിച്ച വിഷയങ്ങൾ, പ്രത്യേകിച്ച് ഗണിതം, മറ്റുള്ളവർക്ക് പകർന്നുകൊടുക്കാനുള്ള അവസരമൊന്നും സാധാരണ ഗതിയിൽ ഞാൻ പാഴാക്കാത്തതാണ്. എന്നാൽ ജോലിത്തിരക്കിനിടയിൽ എന്നെ സമീപിച്ചവരെ വേണ്ടവിധം തൃപ്തിപ്പെടുത്താൻ എനിക്കു കഴിഞ്ഞിരുന്നില്ല. ഈ അനുഭവങ്ങൾ എന്നെ ദുഃഖിപ്പിച്ചിരുന്നു. അതിനൊരു പരിഹാരംകൂടിയാണ് ഈ പുസ്തകം.
കണക്കിലെ മത്സരപ്പരീക്ഷകളിൽ വിജയിക്കാൻ മലയാളം മാധ്യമത്തിൽ പഠിച്ച കുട്ടികളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടാണ് ഈ വഴികാട്ടി തയാറാക്കിയിട്ടുള്ളത്. സങ്കീർണമായ ചോദ്യങ്ങളെ കഴിയുന്നത്ര ലളിതമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഗണിതശാസ്ത്രത്തിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും ഇതു പ്രയോജനപ്പെടുമെന്നു കരുതുന്നു.
ഗണിതം എന്റെ ജീവശ്വാസമാണ്. അതുപോലെതന്നെ പ്രിയപ്പെട്ടതാണ് എനിക്കു ഭൗതികശാസ്ത്രവും. എന്റെ അച്ഛനാണ് എന്നെ ഈ വഴിയിലേക്കു കൈപിടിച്ചുയർത്തിയത്. ഐ.എ.എസ്. പരീക്ഷയ്ക്ക് ഞാൻ ഐച്ഛികവിഷയമായി എടുത്തതും ഈ രണ്ടു വിഷയങ്ങളാണ്. സിവിൽ സർവീസിന് ഒന്നാം റാങ്ക് നേടാൻ തുണയായതും ഈ വിഷയങ്ങൾതന്നെ.
മുപ്പത്തൊന്നു വർഷത്തെ സേവനത്തിനിടയിൽ എനിക്ക് സ്കൂൾകുട്ടികളുമായി ഒട്ടേറെ തവണ സംവദിക്കാൻ കഴിഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം ബോധ്യപ്പെട്ട ഒരു കാര്യം, നമ്മുടെ ഗ്രാമീണ വിദ്യാലയങ്ങളിൽ മലയാളംമീഡിയത്തിൽ പഠിക്കുന്ന കുട്ടികൾ ബുദ്ധിശക്തിയിലും വിശകലനപാടവത്തിലും മറ്റുള്ളവരേക്കാൾ ഒട്ടും പിന്നിലല്ല എന്നതാണ്. എന്നാൽ ഗണിതശാസ്ത്ര ഒളിംപ്യാഡ്പോലുള്ള മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുവാൻ സഹായകമായ സൗകര്യങ്ങൾ അവർക്ക് ഇപ്പോഴും കിട്ടുന്നില്ല. മലയാളത്തിൽത്തന്നെ ഒരു കൈപ്പുസ്തകം വേണമെന്ന് ആലോചിച്ചതും അതുകൊണ്ടാണ്.
‘മാതൃഭാഷയ്ക്കിഹ ദാസ്യം നടത്തായ്കിൽ
ആധിപത്യത്തിന്നനർഹർ നിങ്ങൾ
ഭക്ത്യാ സ്വഭാഷതൻ കാൽക്കൽ കുനിയായ്കിൽ
അത്തലയെങ്ങനെ പൊങ്ങിനിൽക്കും?
ബുദ്ധിമാന്മാരേ സ്വഭാഷത്തറവാട്ടിൽ
സ്വത്തു വളർത്തുവാൻ യത്നം ചെയ്‌വിൻ
ആലസ്യത്തിന്നു നിവാപാംബു നൽകുവിൻ
ഫാലത്തിലോലും വിയർപ്പിനാലേ’
എന്ന വരികൾ ഒരുവട്ടം ഓർത്തുകൊള്ളട്ടെ.
ഒളിംപ്യാഡ് പരീക്ഷകളിൽനിന്നെടുത്ത 26 ചോദ്യങ്ങളും അവ നിർധാരണം ചെയ്യാനുള്ള മാർഗ്ഗങ്ങളുമാണ് ഇതിന്റെ ഉള്ളടക്കം. ഈ എളിയ ഉദ്യമം വിദ്യാർഥികൾക്ക് അൽപമെങ്കിലും പ്രയോജനപ്പെടുമെങ്കിൽ ഞാൻ ചരിതാർഥനായി.
( ഗണിതശാസ്ത്ര ഒളിംപ്യാഡിനൊരു കൈപ്പുസ്തകം എന്ന പുസ്തകത്തിന്റെ ആമുഖം )
ഡോ. രാജു നാരായണസ്വാമി ഐ.എ.എസ് എഴുതി മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ' ഗണിതശാസ്ത്ര ഒളിംപ്യാഡിനൊരു കൈപ്പുസ്തകം ' വാങ്ങാൻ ഇവിടെ ക്ലിക് ചെയ്യുക
Content Summary: Malayalam Book Maths Olympiad - Ganitha Sasthra Olympiadinoru Kaippusthakam Written by Dr. Raju Narayana Swami IAS