'ഞങ്ങൾക്ക് ആ യാത്ര എല്ലാ തിരക്കിനുമിടയിൽ നിന്നും ഒരു ഒളിച്ചോട്ടമായിരുന്നു...'; ഓർമയിലെ ആ നല്ല ദിനങ്ങള്
Mail This Article
20 കൊല്ലങ്ങൾക്ക് മുമ്പാണ് ആദ്യമായി അദ്ദേഹത്തോടൊപ്പം ചോറ്റാനിക്കര മകം തൊഴാൻ വരുന്നത്. കല്യാണം കഴിഞ്ഞ്, ഒരു മാസം തികയുന്നതിന് മുമ്പാണ് അത്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനങ്ങൾ. അന്നത്തെ ദിവസങ്ങൾ കഴിഞ്ഞു പോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പരസ്പരം പ്രണയിച്ചു തുടങ്ങിയിരുന്ന കാലം. അനിവാര്യമായ ജീവിതയാഥാർഥ്യങ്ങളെ കുറിച്ചുള്ള വ്യാകുലതകൾ ഉണ്ടാവുന്നതിനു മുമ്പുള്ള കാലം. അന്ന് പുതിയതായി വാങ്ങിയ ഒരു മാരുതി വാഗണർ കാറിൽ ആയിരുന്നു ഞങ്ങളുടെ യാത്രകൾ. പുത്തൻ കാറിലെ ആ പുതുമണം ഒരു പ്രത്യേക അനുഭൂതിയായിരുന്നു. അന്ന് അതിന്റെ സീറ്റിലെ പ്ലാസ്റ്റിക് കവർ മാറ്റിയിരുന്നില്ല.
അന്ന് അസാധാരണമായി ഒരു നേരിയ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. അമ്പലത്തിൽ തൊഴുന്നതിലുപരി ഞങ്ങൾക്ക് ആ യാത്ര ഒരു എസ്കേപ്പ് ആയിരുന്നു കൂട്ടുകുടുംബത്തിന്റെ തിക്കും തിരക്കിനുമിടയിൽ നിന്നും ഒരു ഒളിച്ചോട്ടം. അമ്പലത്തിലെ തിരക്ക് കാരണം ഞങ്ങൾ പുറത്തു നിന്നാണ് തൊഴുതത്. തൊഴുതുകൊണ്ടിരിക്കുമ്പോൾ ഞങ്ങൾ പരസ്പരം ഇടംകണ്ണിട്ട് നോക്കിയതും കണ്ണുകളുടക്കിയതും ഇപ്പോൾ ഓർക്കുന്നു. പുറത്തിറങ്ങിയപ്പോൾ ഒരു മുഴം മുല്ലപ്പൂ അദ്ദേഹം വാങ്ങിത്തന്നു. അതുകഴിഞ്ഞ് ആര്യഭവനിൽ നിന്ന് ചൂട് മസാലദോശയും ഫിൽറ്റർ കോഫിയും. കാറിൽ കയറി ഒരു നിമിഷത്തേക്ക് അദ്ദേഹം മഴ ശ്രദ്ധിച്ചിരുന്നു, പിന്നെ എന്നെ നോക്കി ഒരു ചെറുപുഞ്ചിരി. അദ്ദേഹത്തിന്റെ കണ്ണുകൾ പ്രണയാതുരതയിൽ തിളങ്ങുന്നുണ്ടായിരുന്നു. മധുരിക്കുന്ന ആ ഓർമ്മകൾ ഇന്നലത്തേത് എന്നപോലെ മനസ്സിൽ കൂടുകൂട്ടി.
ഇന്ന് 20 കൊല്ലത്തിനിപ്പുറം, വീണ്ടും ഒരു മകം. “ഇവിടെ വെയിറ്റ് ചെയ്താൽ മതി, അകത്ത് തിരക്കാണ്. നിനക്ക് ബുദ്ധിമുട്ടാകും” അദ്ദേഹം പറഞ്ഞു, എന്നിട്ട് ഷർട്ട് ഊരി എന്റെ തോളത്തിട്ടു. നാലമ്പലത്തിനകത്ത് ഭയങ്കര തിരക്കാണ്. ഷുഗറിന്റെയും കൊളസ്ട്രോളിന്റെയും പരാധീനതകൾ നന്നായി അലട്ടുന്നുണ്ട്. തടി കുറയ്ക്കണം എന്ന് ഡോക്ടർ എപ്പോഴും പറയും. എന്നാലും അകത്ത് കയറി ഒന്ന് തൊഴണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ വേണ്ട, അദ്ദേഹത്തിന്റെ മുൻവിധികൾ ജയിച്ചോട്ടെ. ഞാൻ ക്ലോക്ക് റൂമിന്റെ മുമ്പിൽ അദ്ദേഹത്തെ കാത്തു നിൽക്കുമ്പോഴാണ് ഓർമ്മകളുടെ താഴ്‌വാരത്തിലേക്ക് കൂപ്പുകുത്തുന്നത്.
നല്ല വെയിലാണ്, അസഹനീയമായ ചൂട് ഉണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം തൊഴുത് പുറത്തിറങ്ങി. എന്റെ അടുത്ത് വന്ന് എന്റെ തോളത്തിട്ടിരുന്ന ഷർട്ട് എടുത്തിട്ടു. എന്നിട്ട് ക്ലോക്ക് റൂമിന് മുമ്പിലുള്ള ചെറിയ കണ്ണാടിയിൽ നോക്കി പ്രസാദം തൊട്ടു. ചെറുതായി കഷണ്ടി കയറിയ നെറ്റിയിൽ ആദ്യം മഞ്ഞൾ പ്രസാദവും ഒത്ത നടുക്കിൽ കുങ്കുമവും തൊട്ടു. മുടി ചീകി ഒതുക്കി കൊടിമരത്തിന് അടുത്തേക്ക് നടന്നു. അസ്തിത്വം എന്നത് ജീവിച്ചിരിക്കുന്നതുകൊണ്ട് മാത്രം ഉണ്ടാവുകയില്ല, അത് മറ്റുള്ളവർ നമ്മളെ എങ്ങനെ കാണുന്നു എന്നത് അനുസരിച്ചിരിക്കും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
കൊടിമരത്തിന്റെ മുമ്പിൽ നിന്ന് അദ്ദേഹം അകത്തേക്ക് എത്തി നോക്കുന്നുണ്ട്. തിരക്കിന് അവഗണിച്ചുകൊണ്ട് കൈകൾ കൂപ്പി കണ്ണടച്ച് അദ്ദേഹം തൊഴുതു നിന്നു. ഭക്തിനിർഭരമായ നിമിഷങ്ങൾ. അദ്ദേഹത്തിന്റെ മനസ്സിൽ ഇപ്പോൾ ഭഗവതി മാത്രം. ശക്തിസ്വരൂപിണിയായ സർവ്വാഭരണ വിഭൂഷിതയായ സുന്ദരിയായ ദേവിക്ക് മുമ്പിൽ ഞാനൊരു വെല്ലുവിളി അല്ല. എനിക്ക് നല്ല തോതിൽ ദേവിയോട് അസൂയ തോന്നുന്നുണ്ട്. പുറത്തിറങ്ങി ഞങ്ങൾ പാർക്കിങ്ങിലേക്ക് നടന്നു. അദ്ദേഹം തിരക്കിനെ പറ്റിയും ചൂടിനെ പറ്റിയും ഒക്കെ പരാതിപ്പെട്ടു കൊണ്ടേയിരുന്നു. “എവിടുന്നാണ് ഇത്രയും ആൾക്കാർ... എന്തിനാണ് ഇങ്ങനെ ഇടി കൂടി തൊഴാൻ വരുന്നത്” അമർഷത്തോടെ ചോദിച്ചു. ഞാനൊന്നും മിണ്ടിയില്ല. എന്തിനു വേണ്ടിയാണ്, അല്ലെങ്കിൽ ആർക്കുവേണ്ടിയാണ് പ്രാർഥിച്ചത് എന്ന് എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു.
ചുട്ടുപൊള്ളുന്ന ചൂടായിരുന്നു കാറിനകത്ത്. ആ പഴയ കാറിന്റെ എ.സി പണ്ടേ പോയതാണ്. അകത്ത് ചൂടുകാരണം അദ്ദേഹം ദേഷ്യത്തോടെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് വിൻഡോ ഗ്ലാസ് കുറച്ചു താഴ്ത്തി. എന്നിട്ട് കൈയ്യിലുള്ള ഇലപ്രസാദം ഡാഷ്ബോർഡിന്റെ മുകളിൽ വെച്ചു. മുന്‍പേതന്നെ രണ്ടുമൂന്ന് ഉണങ്ങിയ ഇലപ്രസാദങ്ങൾ കളയാതെ അതിൽ വച്ചിട്ടുണ്ട്. ആ പഴയ ഉണങ്ങിയ ഇലകൾ എന്റെ ഓർമ്മകൾ തന്നെയാണ് എന്ന് എനിക്ക് തോന്നി. ഇനിയിപ്പോൾ ഇതാണോ മിഡിൽ ലൈഫ് ക്രൈസിസ് എന്നൊക്കെ പറയുന്നത്. കാർ സ്റ്റാർട്ട് ചെയ്യുന്നതിനുമുമ്പ് അദ്ദേഹം നിശബ്ദനായി ഒരു നിമിഷം ഇരുന്നു. എന്തോ എന്നോട് പറയാനുള്ളത് പോലെ. പക്ഷേ ഇല്ല, വീണ്ടും “അമ്മേ മഹാമായേ” എന്ന് മന്ത്രിച്ച് കൊണ്ട് സ്റ്റിയറിങ്ങിൽ തൊട്ടു ധ്യാനിച്ചു. എന്റെ നല്ല ഓർമ്മകളുടെ സ്മാരകം കൂടിയായ ആ വാഹനം യാത്ര തുടർന്നു. പുറത്ത് അമ്പലത്തിന്റെ ചുറ്റുവട്ടത്ത് വെച്ചിരിക്കുന്ന സ്പീക്കറുകളിൽ നിന്ന് ദേവി മാഹാത്മ്യം മുഴങ്ങിക്കൊണ്ടേയിരുന്നു.