ADVERTISEMENT

ചേട്ടനെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന അനിയൻ. അച്ഛനെ വെറുക്കുന്ന, അമ്മയുടെ ആജ്ഞാനുവർത്തിയായ മകൻ. റോഷാക്ക് എന്ന സിനിമയിൽ സഞ്ജു ശിവറാം ഇതെല്ലാമാണ്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമാണ് റോഷാക്ക് എന്ന് സഞ്ജു പറയുന്നു. സിനിമയുടെ വിശേഷങ്ങളുമായി സഞ്ജു ശിവറാം മനോരമ ഓൺലൈനിൽ....

റോഷാക്കിലേക്ക്?

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലെ ഹീറോ എന്ന കൺസെപ്റ്റ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ആ ചിത്രം കണ്ടതിനു ശേഷം ഞാൻ നിസാമിനെ വിളിച്ചിരുന്നു. അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു എന്നുപറയാം. അതിനുശേഷം വല്ലപ്പോഴുമൊക്കെ ഞങ്ങൾ ഫോണിൽ സംസാരിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസമാണ് നിസാം ഈ പ്രോജക്ടിലേക്ക് എന്നെ വിളിക്കുന്നത്. തിരക്കഥാകൃത്ത് സമീറുമായി സംസാരിക്കണമെന്നാണ് അന്ന് നിസാം എന്നോടു പറഞ്ഞത്. അങ്ങനെ ഞങ്ങൾ സമീറുമായി സംസാരിച്ചു. അപ്പോഴാണ് ഞാൻ അറിയുന്നത് ഈ സിനിമയിൽ എന്നെയാണ് ആദ്യമായി കാസ്റ്റ് ചെയ്യുന്നത് എന്ന കാര്യം. ഇത്ര വലിയൊരു കഥാപാത്രത്തെ നിസാം എന്നെ വിശ്വസിച്ച് ഏൽപിക്കുമെന്നൊന്നും ഞാനപ്പോൾ കരുതിയിരുന്നില്ല. പിന്നീട് ഷൂട്ട് ഒക്കെ ആയപ്പോഴാണ് ഞാനത് ഉറപ്പിക്കുന്നതെന്നു പറയാം. അതിൽ ഒരുപാട് സന്തോഷം.

അനിലിന്റെ പോസിറ്റീവും നെഗറ്റീവും?

പലപ്പോഴും നമ്മുടെ സിനിമകളിൽ ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം, അതിലുള്ള ഓരോ ആർട്ടിസ്റ്റിനും സ്റ്റീരിയോ ടൈപ്പ് വേഷങ്ങളാണ് കിട്ടാറുള്ളത്. അതായത്, നെഗറ്റീവ് ഷെയ്ഡ് ഉള്ള വില്ലൻ സിനിമയിലുടനീളം നെഗറ്റീവ് മാത്രമേ ചെയ്യുകയുള്ളൂ. ഇനി അയാൾ എന്തെങ്കിലും നന്മ ചെയ്താൽ അതിനും പിന്നിലൊരു നെഗറ്റീവ് വശം ഉണ്ടാവുന്നു. എന്നാൽ ഈ സിനിമയിലെ എല്ലാ ക്യാരക്ടറും എല്ലാ ഷെയ്ഡും ചെയ്യുന്നുണ്ട്. എല്ലാവരുടേയും പോസിറ്റീവും നെഗറ്റീവും കാണിക്കുന്നുണ്ട്.

അതായത്, ഒരു നോർമൽ മനുഷ്യന്റെ കഥയാണ് ഈ സിനിമ പറയുന്നത് എന്നാണ് എനിക്ക് ആദ്യമേ തോന്നിയത്. സാധാരണക്കാരനായ ഒരാൾക്ക് എപ്പോഴും ഈ രണ്ടു വശവും ഉണ്ടാവുമല്ലോ. അനിൽ എന്ന കഥാപാത്രം എല്ലാത്തിനും ഒരു ജസ്റ്റിഫിക്കേഷനുണ്ട്. അയാളുടെ ഒരു ഭാവം മാത്രമല്ല നമ്മൾ സ്ക്രീനിൽ കാണുന്നത്. അയാളുടെ ഓരോ പ്രവൃത്തിക്കും ഒരു ന്യായവും കാരണവുമുണ്ട്. അനിലിന് അയാളുടെ അമ്മയെ ഭയങ്കര ഇഷ്ടമാണ്, ആ കുടുംബത്തോട് ഭയങ്കര ഇഷ്ടമാണ്. ഒപ്പം അയാൾക്ക് അയാളുടേതായ കുറെയധികം വിഷമങ്ങളുമുണ്ട്. അൽപം ഇൻട്രോവെർട്ടായ അല്ലെങ്കിൽ മാനസിക സമ്മർദമുള്ള ഒരാളാണ് അനിൽ എന്നാണ് ഞാൻ മനസ്സിലാക്കിയത്. അയാൾ എപ്പോഴും എന്തോ ഒരു ഭാരം ചുമക്കുന്ന ഫീലിലാണ് നടക്കുന്നത്. മറ്റു കഥാപാത്രങ്ങളുമായി ഒരു അടുപ്പവും ഇല്ലാത്ത, സൗഹൃദങ്ങൾ പോലുമില്ലാത്ത ഒരു തരം ഇൻട്രോവേർട്ടും ഇടുങ്ങിയ ചിന്താഗതിയുമുള്ള ഒരു ക്യാരക്ടർ സിനിമയിൽ ചെയ്യാൻ എനിക്ക് ഇതുവരെ അവസരം കിട്ടിയിട്ടില്ല. പക്ഷേ അതൊക്കെ ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ചുരുക്കിപ്പറഞ്ഞാൽ എനിക്ക് അനില്‍ എന്ന ക്യാരക്ടറിനെ ഒരുപാട് ഇഷ്ടപ്പെട്ടു. ഞാൻ ആസ്വദിച്ചാണ് ചെയ്തത്.

ഓരോ ക്യാരക്ടറും വളരെ വ്യത്യസ്തമാണ്?

അതേ, സീതയും ആശയും ദിലീപും ശശാങ്കനും എല്ലാം വ്യത്യസ്തരാണ്. ഒപ്പം ഇതിലുള്ള എല്ലാ ക്യാരക്ടറും നമുക്ക് സുപരിചിതരാണ്. ഇത്തരം കുടുംബങ്ങളെ നമുക്കറിയാം. ഇതേ മുഖങ്ങൾ ഉള്ള പലരെയും നമുക്കു ചുറ്റും കാണാം. സ്വന്തം കുടുംബത്തിന് ഉയർച്ചയുണ്ടാവണം, കുടുംബം നന്നായി മുന്നോട്ടുകൊണ്ടുപോകണം എന്നൊക്കെ ചിന്തിക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. പക്ഷേ പല കാരണങ്ങൾ കൊണ്ട് അതൊന്നും മുന്നോട്ടുകൊണ്ടുപോകാൻ ആവാതെ, ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് ക്രാഷ് ലാൻഡ് ചെയ്യുന്ന അവസ്ഥയിലുള്ള പല കുടുംബങ്ങളെയും ഞാൻ കണ്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ കോർത്തിണക്കിയ ഈ സിനിമ നമുക്കെല്ലാം എവിടെയൊക്കെയോ കണക്ട് ആയിട്ടുണ്ട് എന്നാണ് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നത്. നിസാമും സമീറും അത്രയും ഡീറ്റെയിൽഡ് ആയിട്ടാണ് ആ സിനിമയ്ക്കായി വർക്ക് ചെയ്തത്. അതിന്റെ ഒരു സന്തോഷം ഉണ്ട്. ഞാൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും നല്ല സിനിമയാണ് 'റോഷാക്ക്'.

sanju-rorschach

റോഷാക്ക് എന്ന പേര് കേട്ടപ്പോൾ?

ഈ പേര് ഷൂട്ട് സമയത്ത് കേട്ടപ്പോൾ അത് ആർക്കെങ്കിലും മനസ്സിലാകുമോ, ഇത് കണക്ട് ആവുമോ എന്ന് സംശയം തോന്നിയിരുന്നു. വേഡ് ഫയൽ കംപ്യൂട്ടറിൽ സേവ് ചെയ്യുമ്പോൾ കുറച്ച് സിമ്പൽസ് ആയി ചിലപ്പോൾ ചില പേര് വരാറുണ്ട്. അതേപോലെ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ആണ് എന്നാണ് ഞാൻ ആദ്യം കരുതിയത്. അത് ഞാൻ നിസാമിനോട് ചോദിക്കുകയും ചെയ്തു. ആദ്യമായിട്ടാണ് ഞാൻ ആ പേര് കേൾക്കുന്നത്. പിന്നീട് അതിനെപ്പറ്റി ഞാൻ പഠിച്ചു. ‘റോഷാക്ക്’ എന്നാണ് സ്പെല്ലിങ് എങ്കിലും ‘റോഷാ’ എന്നാണ് ഇത് വായിക്കേണ്ടത്. ഇപ്പോഴും പലരും ട്രോളിൽ റോസ് ചാറ്റ് എന്ന് ഒക്കെ വായിക്കുന്നുണ്ട്.

പിന്നെ റോഷാക്ക് ടെസ്റ്റ് പറയുന്നത് 10 ഇമേജസിനെ പറ്റിയാണ്. ഓരോരുത്തരും ഓരോ ചിത്രവും കണ്ടു മനസ്സിലാക്കുന്നത് ഓരോ തരത്തിൽ ആയിരിക്കും. അത് വച്ചിട്ട് നമ്മുടെ സൈക്കോളജി അനാലിസിസ് ചെയ്യാൻ പറ്റുമെന്നാണ് ആ ടെസ്റ്റ് പറയുന്നത്. ഇതിൽ എട്ടോളം കഥാപാത്രങ്ങളെ പ്രസന്റ് ചെയ്യുന്നു. അതായത്, ആ കഥാപാത്രങ്ങളുടെ ഇമേജസ് ആണ് നമ്മെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ഇതിലെ കഥാപാത്രങ്ങളെ ജഡ്ജ് ചെയ്യാൻ വളരെ പാടാണ്. അതാണ് പേരു കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സിനിമയിൽ നിങ്ങൾ ആരോടൊപ്പം സഞ്ചരിക്കുന്നു എന്നതിൽ നിന്നുമാണ്‌ നിങ്ങളുടെ ക്യാരക്ടർ അനലൈസ് ചെയ്യപ്പെടാൻ പോകുന്നത്. സിനിമ കണ്ടതിനുശേഷമാണ് ആ പേര് ഇത്രത്തോളം അർഥവത്താണെന്ന് മനസ്സിലായത്.

സിനിമ ഹിറ്റ് ആകുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

പ്രേക്ഷകരിൽനിന്ന് ഇത്രയും വലിയ റെസ്പോൺസ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ‘നല്ല ഒരു സിനിമ’ എന്ന പേര് ഉണ്ടാവുമെന്ന് കരുതിയിരുന്നു. പ്രേക്ഷകർക്കിടയിൽ ഡിസ്റ്റിങ്ഷനോട് കൂടി പാസാവുന്ന ഒരു സിനിമയാകും ഇതെന്ന് ചിന്തിച്ചിരുന്നു. കാരണം ഇന്നത്തെ കാലത്ത് ഒരു നല്ല സിനിമ ഉണ്ടായാൽ പോലും തിയറ്ററിൽ വലിയ റെസ്പോൺസ് കിട്ടണമെന്നില്ല. അതുകൊണ്ടുതന്നെ കൂടുതൽ ചിന്തിച്ചിരുന്നില്ല. സംവിധായകനുൾപ്പടെയുള്ള ടീമംഗങ്ങൾ വളരെ ആസ്വദിച്ചാണ് ഓരോ രംഗവും ചിത്രീകരിച്ചത്. അതിൽ അദ്ദേഹം സന്തോഷവാനായിരുന്നു. മലയാളത്തിൽ ഇത്തരം ഒരു ചിത്രം ഉണ്ടായിരുന്നു എന്ന് നാളെ പറയാൻ പറ്റുന്ന ഒരു സിനിമയാകുമെന്ന് അതുകൊണ്ടുതന്നെ ഞാൻ വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകർ ഈ സിനിമ ഏറ്റെടുക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.

റോഷാക്കിന്റെ ഒരു ഹൈലൈറ്റ് പറയാമോ?

ഒരു ബേസിക് സ്റ്റോറി ലൈനിൽ തുടങ്ങി അതിലൂടെ ജീവിതത്തിന്റെ മൾട്ടിപ്പിൾ ലയേഴ്സ് പറഞ്ഞു പോകുന്ന സിനിമയാണ് റോഷാക്ക്. എന്റെ ഏറ്റവും വലിയ ആത്മവിശ്വാസവും അതായിരുന്നു. നമുക്കെല്ലാം സുപരിചിതമായ ഒരു കഥയെ വളരെ വ്യത്യസ്തമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ച്, അയാൾക്കു മനസ്സിലാക്കാൻ കഴിയുന്ന ഒരു സ്റ്റോറി ലൈൻ ഇതിൽ പറയുന്നു. അതോടൊപ്പം സിനിമ ആസ്വാദകർക്ക് നന്നായി ആസ്വദിക്കാൻ പറ്റുന്ന തരത്തിൽ കുറെയധികം സബ് പ്ലോട്ടുകളും ഇതിൽ പറഞ്ഞു പോകുന്നുണ്ട്. എല്ലാത്തരത്തിലും ആസ്വദിക്കാവുന്ന ചിത്രം എന്നതിലുപരി സൂക്ഷ്മമായി നിരീക്ഷിക്കേണ്ട ഒരു ചിത്രമായിട്ടാണ് ഞാനീ ചിത്രത്തെ കാണുന്നത്. ആസ്വാദകരെ ചിന്തിപ്പിക്കുന്ന ഒരു പ്ലോട്ട് ഉള്ള സിനിമ.

റോഷാക്കിലേക്ക് എത്തിയപ്പോൾ ഏറ്റവും ബുദ്ധിമുട്ടിച്ച കാര്യം?

കഥ നേരത്തേ മനസ്സിലാക്കി എന്നതു തന്നെയാണ് ഇപ്പോൾ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത്. ഫ്രഷ് ആയി കാണുന്ന ഒരാൾക്ക് മനസ്സിലാവുന്നതല്ല ഇന്നിപ്പോൾ ചിത്രം കാണുമ്പോൾ എനിക്ക് മനസ്സിലാവുന്നത്. ഒരു ആസ്വാദകൻ എന്ന രീതിയിൽ പടം നന്നായിട്ട് ആസ്വദിക്കാൻ പറ്റിയില്ല. നല്ല സിനിമയുടെ ഭാഗമാകുന്ന എല്ലാവർക്കും സംഭവിക്കുന്ന ഒരു കാര്യമാണിത്. ഒരുതരത്തിൽ പറഞ്ഞാൽ നല്ല സിനിമകൾ ഏറ്റവും കുറവ് ആസ്വദിക്കുന്നത് അതിലെ അഭിനേതാക്കൾ ആയിരിക്കും. ഇന്നിപ്പോൾ ഞാൻ ആ ചിത്രത്തിൽ നിന്നൊക്കെ മാറി, മറ്റൊന്ന് ആയി ചിന്തിക്കുമ്പോഴാണ് ആ സിനിമ ആസ്വദിക്കാൻ പറ്റുന്നത്. രണ്ടര മണിക്കൂർ ഫോൺ ഒക്കെ മാറ്റിവച്ച്, ശ്രദ്ധിച്ചു കണ്ടാൽ ഭയങ്കരമായ എക്സ്പീരിയൻസ് ആവും റോഷാക്കിൽനിന്നു കിട്ടുക.

ഒരു ഹോളിവുഡ് ടച്ച്

ഇതൊരു യൂണിവേഴ്സൽ സിനിമയാണ്. ഇതിനൊരു ഗ്ലോബൽ അപ്പീൽ തോന്നിയിട്ടുണ്ട്. എന്നാൽ ഇതേപോലിരിക്കുന്ന മറ്റൊരു സിനിമ നമുക്ക് ഒരിക്കലും പറയാൻ പറ്റില്ല. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സിനിമയാണ് ഷട്ടർ ഐലൻഡ്. റോഷാക്കി'ന്റെ കഥ കേട്ടപ്പോൾ ഷട്ടർ ഐലൻഡ് പോലെയുണ്ടെന്ന് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാൻ പറഞ്ഞിരുന്നു. കാരണം അതിനും ഇത്തരം മൾട്ടിപ്പിൾ ലെയേഴ്സ് ഉണ്ട്. മറ്റൊന്നുമായി കമ്പയർ ചെയ്യാൻ പറ്റാത്ത തരത്തിലാണ് അതിന്റെ മേക്കിങ്. ക്രാഫ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും മേക്കിങ് ടൈമിൽ പറഞ്ഞിരുന്നില്ല. സ്ക്രിപ്റ്റ് വായിക്കുമ്പോൾ അവസാനത്തെ സീനുകൾ അതിൽ ഇല്ലായിരുന്നു. അതേപ്പറ്റി നിസാമിനോട് ചോദിച്ചപ്പോൾ, അത് പിന്നീട് പറയാം എന്നാണ് പറഞ്ഞത്. പിന്നീട് ഞാൻ എന്റെ ക്യാരക്ടർ മാത്രം മനസ്സിലാക്കി, അതിൽ നിന്നുകൊണ്ട് അഭിനയിച്ചു. അതിപ്പോൾ ഒരുതരത്തിൽ അനുഗ്രഹമായി എന്നു പറയാം.

നിഗൂഢത നിറഞ്ഞ സംഗീതം

നിസാമും മ്യൂസിക് ഡയറക്ടർ മിഥുനും ചേർന്ന് ഇടയ്ക്കൊരിക്കൽ ഒരു ട്രാക്ക് ചെയ്തെന്നെ കേൾപ്പിച്ചു. അത് കഴിഞ്ഞപ്പോൾ എങ്ങനെയുണ്ട് ഈ മ്യൂസിക് എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ പറഞ്ഞു ‘കൊള്ളാം, നന്നായിട്ടുണ്ട്’ എന്ന്. അപ്പോഴാണ് നമ്മുടെ പടത്തിലെ പാട്ടാണിത് എന്ന് അദ്ദേഹം പറയുന്നത്. ഞാൻ ഏതോ ഇന്റർനാഷനൽ ഫിലിമിലെ ട്രാക്ക് ആണ് പ്ലേ ചെയ്യുന്നത് എന്നാണ് ആദ്യം കരുതിയത്. അത്രയ്ക്ക് ക്വാളിറ്റിയാണ് അതിനു ഫീൽ ചെയ്തത്. അത് ഒരു മലയാള സിനിമയുമായി ബ്ലെൻഡ് ചെയ്തു പോകുന്നത് എങ്ങനെയാണെന്ന സംശയം എനിക്കുണ്ടായിരുന്നു. നമ്മുടെ പശ്ചാത്തലത്തിൽ കഥ പറയുമ്പോൾ, അല്ലെങ്കിൽ നമ്മുടെ കഥകൾക്ക് നമ്മുടെ പാട്ടുകൾ ഉപയോഗിക്കണമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. വെസ്റ്റേൺ മ്യൂസിക്ക് മലയാള സിനിമയിൽ പലപ്പോഴും ബ്ലെൻഡ് ചെയ്യുന്നതും കണ്ടിട്ടുണ്ട്. അത് ഏതാണ്ട് അലുവയും മീൻകറിയും പോലെ ചേരാതെ ഇരിക്കാറുണ്ട്. ഇവിടെ നാട്ടിൻപുറത്തെ കഥ പറയുന്നതിനിടയിൽ ഇംഗ്ലിഷ് മ്യൂസിക് വരികയും അത് ബ്ലെൻഡ് ആവുകയും ചെയ്യുന്നു. അത് കൊള്ളാലോ എന്ന് തോന്നുന്നത് ഇപ്പോഴീ മ്യൂസിക്കും സിനിമയും ചേരുമ്പോഴാണ്‌ എന്നു പറയാം. അതേ, അലുവയും മീൻകറിയും രുചികരമാണെന്ന് തോന്നിപ്പിക്കുന്ന സിനിമയാണ് റോഷാക്ക്.

റോഷാക്കിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം?

ഭാരമില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഷറഫുദ്ദീൻ ഈ ചിത്രത്തിൽ ചെയ്തത്. ബാക്കി എല്ലാവർക്കും ഓരോ പിരിമുറുക്കം ഉണ്ട്. പിരിമുറുക്കമില്ലാത്ത ഒരു കഥാപാത്രമാണ് ഷറഫുദ്ദീന്റെ ക്യാരക്ടർ. അതുകൊണ്ടുതന്നെ ആ ക്യാരക്ടർ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഷറഫുദ്ദീന്റെ ബോഡി ലാംഗ്വേജ് ഒക്കെ ഈ ചിത്രത്തിൽ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അത്രയ്ക്ക് അനായാസമായി അദ്ദേഹമത് ചെയ്തിട്ടുമുണ്ട്. പിന്നെ ഈ ചിത്രത്തെപ്പറ്റി പറയുമ്പോൾ മാത്രം ഒരാളെ പറയാൻ പറഞ്ഞാൽ അത് ബുദ്ധിമുട്ടാകും. കാരണം എല്ലാവരുമിതിൽ നന്നായി തന്നെയാണ് ചെയ്തിരിക്കുന്നത്. ഇതിൽ നായകനുമില്ല, വില്ലനുമില്ല പകരം കുറച്ച് കഥാപാത്രങ്ങൾ മാത്രമാണ്‌ ഉള്ളത്. അതിലും ഓരോരുത്തരും ഓരോ വിധത്തിൽ ആയിരിക്കും ഓരോ ക്യാരക്ടറിനെയും ജഡ്ജ് ചെയ്യുന്നത്. ഓരോരുത്തരും ഓരോ ഇമേജിനെ പലതരത്തിൽ ആയിരിക്കും വ്യാഖ്യാനിക്കുന്നത് എന്നാണ് റോഷാക്ക് ടെസ്റ്റ് പോലും പറയുന്നത്.

sanju-mammootty
കുട്ടനാടൻ ബ്ലോഗ് സിനിമയുടെ സെറ്റിൽ

മമ്മൂട്ടിയുടെ വില്ലന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍

ഒരു സീനിൽ മമ്മൂക്ക എന്നെ ബാക്കിൽനിന്ന് ചവിട്ടുന്നുണ്ട്. അത് പലതവണ എടുക്കേണ്ടി വന്നു. അദ്ദേഹമത് കൃത്യമായി ചെയ്യും. എനിക്ക് കിട്ടുന്നുമില്ല. കാരണം അത് എടുക്കുമ്പോൾ അദ്ദേഹം എന്നെ കിക്ക് ചെയ്യുന്നത് എനിക്കറിയാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരു കിക്കിൽ പോലും എന്നെ നോവിക്കാതിരിക്കാൻ ആയി അദ്ദേഹം ഒന്നു തൊടുക പോലുമില്ല. ഞാൻ അദ്ദേഹത്തോട് നന്നായി ചവുട്ടിക്കോളൂ എന്ന് പലതവണ പറഞ്ഞെങ്കിലും വളരെ കെയറിങ് ആയി അദ്ദേഹം അത് ചെയ്തുകൊണ്ടേയിരുന്നു. അദ്ദേഹം എന്നെ നോവിക്കില്ല എന്ന് ഉറപ്പായതോടെ മൂവ്മെന്റ് നടക്കുമ്പോൾ ഉണ്ടാവുന്ന ഒരു ചെറിയ കാറ്റ് കിട്ടുന്നതിലൂടെയാണ് ഞാനാ സീൻ ചെയ്തത്. അടുത്തുനിൽക്കുന്ന ആളുകളെ ബുദ്ധിമുട്ടിപ്പിക്കാതെയിരിക്കാൻ അല്ലെങ്കിൽ അവർക്ക് വേദനിക്കാതെയിരിക്കാൻ വളരെ കെയർ ചെയ്താണ് അദ്ദേഹം ഓരോ സംഘട്ടനരംഗവും ചെയ്യുന്നത്. ഇത്ര വർഷത്തെ അഭിനയ പരിചയത്തിൽനിന്ന് ഉണ്ടായ ഒന്നായിട്ടാണ് ഞാനതിനെ മനസ്സിലാക്കുന്നത്. ഒരു ആക്ടറുടെ പൂർണതയാണ് അത് സൂചിപ്പിക്കുന്നത്.

തന്റെയടുത്ത് എത്തുന്ന എല്ലാവരോടും കണ്ണിൽ നോക്കിയാണ് അദ്ദേഹം സംസാരിക്കുന്നത്. സംസാരിക്കുന്ന വിഷയത്തിന്റെ ഏറ്റവും പുതിയ ടെക്നോളജിയെയും ഏറ്റവും പുതിയ കാര്യങ്ങളെയുംപറ്റി അദ്ദേഹം പറയും. അതിപ്പോൾ കൃഷിയെപ്പറ്റി ആണെങ്കിൽ അത്, രാഷ്ട്രീയമാണെങ്കിൽ അതിനെപ്പറ്റി, സ്പോർട്സ് അങ്ങനെ. ഇതൊന്നുമല്ലാതെ ഏറ്റവും പുതിയ ഒരു ഷൂവിന്റെ മോഡലിനെ പറ്റിയാണെങ്കിൽ അതിന്റെയൊക്കെ ഏറ്റവും പുതിയ കാര്യങ്ങളാവും അദ്ദേഹം സംസാരിക്കുന്നത്. ഏറ്റവും ചെറിയ കാര്യങ്ങൾ പോലും വളരെ സീരിയസ് ആയും യുദ്ധം പോലെയുള്ള സെൻസിറ്റീവ് വിഷയങ്ങളിൽ വളരെ വൈകാരികമായും സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

പിന്നെ സൈറ്റിൽ എന്നെ ഏറ്റവും അതിശയിപ്പിച്ചത് മൊസാദിന്റെ ഫൈറ്റിങ് ടെക്നിക് അദ്ദേഹം വളരെ പെട്ടെന്ന് പഠിച്ചു ചെയ്തു എന്നുള്ളതാണ്. അത് പഠിപ്പിക്കാൻ വന്നവർ ചെയ്യുന്ന ഫൈറ്റിങ് രീതികൾ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഞാൻ ഉൾപ്പെടെയുള്ളവർ ഒന്ന് പേടിച്ച് മാറിനിന്നു. എന്നാൽ അനായാസമായി മമ്മൂക്ക അത് പഠിച്ചു ചെയ്തു. പിന്നെ അതിരപ്പിള്ളിയിലെ ഒരു പാറപ്പുറത്ത് ഇരിക്കുന്ന രംഗം ചിത്രത്തിലുണ്ട്. അത് ചെയ്യുമ്പോൾ തലേദിവസം മഴപെയ്ത് ആ പാറപ്പുറം ആകെ വഴുക്കലായിരുന്നു. അവിടേക്ക് അദ്ദേഹം ധൈര്യപൂർവം കയറി പോവുകയും, ആത്മാർഥമായി ആ സീനിനു വേണ്ടി സഹകരിക്കുകയും ചെയ്തത് കണ്ടപ്പോൾ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും പ്രായമെന്നു പറയുന്നത് അദ്ദേഹത്തിനു വെറുമൊരു നമ്പറാണെന്ന്.

റോഷാക്ക് ക്രൂവിനെപ്പറ്റി?

വളരെയധികം ശ്രദ്ധിച്ചാണ് അവർ ഓരോ ടേക്കും എടുത്തത്. നിസാമും സമീറും ക്രൂവിലെ ബാക്കി എല്ലാവരും ഇതിന് പിറകിൽനിന്ന് നൂറ് ശതമാനം വിശ്വസ്തതയോടും ആത്മാർഥതയോടും കൂടി വർക്ക് ചെയ്തിട്ടുണ്ട്. സാമ്പത്തികം മാത്രം നോക്കിയല്ല അവരെല്ലാം ചെയ്തത് എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്. ഇത്രയും നല്ലൊരു ക്രൂവിനെ ഞാനും കണ്ടിട്ടില്ല എന്ന് പറയാം. പിന്നണി പ്രവർത്തകരിൽ പലർക്കും വേണമെങ്കിൽ അടുത്ത പടത്തിലേക്ക് പോകാം. അതാണ് അവർക്കും സാമ്പത്തികമായി ലാഭം. പക്ഷേ ഇപ്പോഴും അവർ എല്ലാവരും ഈ സിനിമയ്ക്ക് പിന്നാലെ നിൽക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. സിനിമ ഇറങ്ങിക്കഴിഞ്ഞ് അതിന്റെ പ്രമോഷന്റെ കാര്യത്തിനും ബാക്കി എല്ലാത്തിനും വേണ്ടി ഉള്ള ചർച്ചകൾ സ്ഥിരമായി അവിടെ നടന്നുകൊണ്ടിരിക്കുകയാണ്. അത്തരമൊരു ക്രൂവിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.

പ്രേക്ഷകരോട്?

സ്ക്രിപ്റ്റിൽ ബ്രില്ല്യൻസ് ഉള്ള സിനിമകളുണ്ട്, ക്യാമറയിൽ ബ്രില്ല്യൻസ് ഉള്ള സിനിമകളുണ്ട്, എഡിറ്റിൽ ബ്രില്യൻസ് കാണിച്ച സിനിമകളുണ്ട്. ഇതെല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് സിനിമയാണ് റോഷാക്ക്. പിന്നെ സുഹൃത്തുക്കളൊക്കെ കഥ ചോദിക്കാറുണ്ട്. കഥയായിട്ട് ഇതിൽ ഒന്നും പറയാനില്ല. നമുക്ക് പരിചിതമായ ഒരു കഥ. അത് മാറ്റി വച്ചാൽ, സിനിമ എൻജോയ് ചെയ്തു കാണുന്ന ആളുകൾക്ക് ഒരിക്കൽ കൂടി കാണാനുള്ള സിനിമയാണ് റോഷാക്ക്. വെറുതെ കാണാൻ പോകുന്നവർക്ക് അല്ല, കുറച്ചു കൂടി താൽപര്യത്തോടെ സിനിമ കാണാൻ ശ്രമിക്കുന്നവർക്ക് കാണാൻ പറ്റുന്ന നല്ല ഒരു സിനിമയാണ് റോഷാക്ക്. കാരണം ഇതിന്റെ ഓരോ ഷോട്ടിലും ഓരോ ഇമേജ് ഉണ്ട്, ഒരു പ്രോപ്പർട്ടി വച്ചിരിക്കുന്നതുപോലെ ഫോട്ടോകളും സിമ്പലുകളും വച്ചിരിക്കുന്നു. അതിലെല്ലാം ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഫ്രെയിം ടു ഫ്രെയിമിനും ലൈറ്റിനും പ്രത്യേകതയുണ്ട്. ഷാഡോയിൽ പോലും റോഷാക് ഫ്രെയിംസ് നമുക്ക് കാണാം. അത് എല്ലാം വളരെ നന്നായി ചെയ്തിട്ടുമുണ്ട്. ഒരു പ്രേക്ഷകൻ എന്ന നിലയിൽ പൂർണമായും ഞങ്ങൾക്കും ഇതുവരെ എല്ലാം കണ്ടു മനസ്സിലാക്കാൻ പറ്റിയിട്ടില്ല. ചിത്രം ഇനിയും കാണണം എന്ന് വിചാരിക്കുന്നുണ്ട്. പല റഫറൻസിലൂടെയും ഒരുപാട് കാര്യങ്ങൾ കമ്യൂണിക്കേറ്റ് ചെയ്യാൻ ശ്രമിക്കുന്ന ഒരു ചിത്രമാണ് റോഷാക്ക്.

പുതിയ ചിത്രങ്ങൾ?

ഇനി ഇറങ്ങാൻ പോകുന്നത് തേര് എന്ന ചിത്രമാണ്. നവീൻ ജോൺ സംവിധാനം ചെയ്ത പാർട്ണേഴ്സ് എന്ന ചിത്രവുമുണ്ട്. കൂടാതെ ആവാസവ്യൂഹം സംവിധാനം ചെയ്ത കൃഷാന്തിന്റെ പുരുഷപ്രേതം, ധ്യാനിനൊപ്പം ആപ്പ് കൈസേ ഹോ തുടങ്ങിയ കുറച്ച് നല്ല സിനിമകളുടെ കൂടി ഭാഗമാകുകയാണ്. കുറച്ച് നല്ല ചിത്രങ്ങൾ വരുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. കൂടാതെ വർത്തമാനം കണ്ടിട്ട് ഇപ്പോഴും ആളുകൾ വിളിക്കുന്നുണ്ട്. അതും ഒരുപാട് സന്തോഷമുള്ള ഒരു കാര്യമാണ്. പെർഫോമൻസ് നന്നായിട്ടുണ്ട് എന്ന് പ്രേക്ഷകർ വിളിച്ച് പറയുമ്പോൾ, നല്ല സിനിമയുടെ ഭാഗമായി, നന്നായി പെർഫോം ചെയ്യാൻ കഴിഞ്ഞതിന്റെയും അത് പ്രേക്ഷകർക്ക് നന്നായി കണക്ട് ആവുകയും ചെയ്യുന്നതിന്റെ സന്തോഷവുമുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com