എനിക്കുറപ്പായിരുന്നു ഒരു ദിവസം എനിക്കായി വരുമെന്ന്: ഉണ്ണി മുകുന്ദൻ അഭിമുഖം
Mail This Article
കോവിഡു കാലത്തു വീട്ടിലിരുന്ന ഉണ്ണി മുകുന്ദൻ ആലോചിച്ചതു തന്റെ ഭാവിയേക്കുറിച്ചായിരുന്നു. പരാജയങ്ങൾ ഉണ്ടാകുമ്പോൾ അതെല്ലാം ഉണ്ണിയുടെ തലയിൽ വരും. വിജയങ്ങളുണ്ടാകുമ്പോൾ അതെല്ലാം മറ്റാരെല്ലാമോ കൊണ്ടുപോകും. അവസാനം ഉണ്ണി തീരുമാനിച്ചു, ഇനി വളരെ ആലോചിച്ചു നല്ല കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ മാത്രം അഭിനയിച്ചാൽ മതി. വില്ലനെന്നോ സഹനടനെന്നോ നായകനെന്നോ നോക്കേണ്ട. വേഷം മാത്രം നോക്കിയാൽ മതി. അതും കുടുംബങ്ങൾ സ്നേഹിക്കുന്ന വേഷം മാത്രം. കോവിഡിനു മുൻപും പിന്നീടുമുള്ള ഉണ്ണി മുകുന്ദൻ രണ്ടാണ്. ഇപ്പോൾ മാളികപ്പുറമെന്ന ചിത്രം പുതിയ ചരിത്രമായി തിയറ്ററുകൾ നിറയ്ക്കുമ്പോൾ ഉണ്ണി പറയുന്നു, ‘എനിക്കു ഈശ്വരൻ കാത്തുവച്ച സമ്മാനം ഇതാകും. ’
∙മല്ലു സിങ് എന്ന സിനിമ വൻ വിജമായിരുന്നു. എന്നാൽ അതിനു ശേഷവും ഉണ്ണി വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടുവെന്നു തോന്നിയിട്ടുണ്ടോ.
വിജയിച്ച സിനിമയ്ക്കെല്ലാം ശേഷം ഞാൻ അതുമായി ബ്രാൻഡ് ചെയ്യപ്പെട്ടു. വിജയമുണ്ടാകുമ്പോഴെല്ലാം പറയും ഉണ്ണിക്ക് ഇതേ പറ്റൂ എന്ന്. ചിലരെങ്കിലും ഉണ്ണി മുകുന്ദൻ എന്ന നടനെ കണ്ടില്ല. മസിലില്ലാത്ത സമയത്തു പറഞ്ഞു ഇയാൾക്കു മസിൽ ഇല്ലെന്ന്. മസിൽമാനായി വന്നപ്പോൾ പറഞ്ഞു, ഇയാൾക്കു മസിലേ ഉള്ളുവെന്ന്. ഓരോ സമയത്തും ഓരോ അനുഭവങ്ങളായിരുന്നു. ഇതൊന്നും എന്നെ തളർത്തിയില്ല. എനിക്കുറപ്പായിരുന്നു ഒരു ദിവസം എനിക്കായി വരുമെന്ന്.
∙വേദന തോന്നിയിരുന്നോ.
തീർച്ചയായും. നായക വേഷം ചെയ്തിരുന്ന എന്നെ വില്ലൻ വേഷത്തിലേക്കു വിളിച്ചപ്പോൾ സ്വയം ചോദിച്ചതു എന്തു കൊണ്ട് ഞാൻ ചെയ്തതു പലരും കാണുന്നില്ല എന്ന്. പക്ഷേ നല്ല വേഷം എന്ന നിലയിൽ അതു സ്വീകരിക്കാൻ തീരുമാനിച്ചു. പരാജയപ്പെട്ട സിനിമയിൽപോലും ഞാൻ 100 ശതമാനം സമർപ്പണത്തോടെ ചെയ്തു. അതിന്റെയെല്ലാം ഫലമാകാം ഇത്. ഇന്ന് എന്നെ ചേർത്തു നിർത്താൻ നിർമാതാക്കളും എഴുത്തുകാരും സംവിധായകരുമുണ്ട്. എന്റെ അച്ഛനും അമ്മയും പറഞ്ഞിരുന്നതു നല്ല മനസ്സോടെ മുന്നോട്ടു പോകാനാണ്.ഞാൻ അവരെ അനുസരിക്കുന്ന മകനായി ജീവിച്ചുവെന്നു മാത്രം. ഇതെല്ലാം അവരുടെകൂടി പ്രാർഥനയാണ്.
∙മാളികപ്പുറം എന്ന സിനിമ ചെയ്യാൻ തീരുമാനിച്ചതു ഭക്തി കൊണ്ടാണോ.
ഞാൻ ഉറച്ച ഭക്തനാണ്. പക്ഷേ മാളികപ്പുറം ചെയ്യാൻ തീരുമാനിച്ചതു ഭക്തികൊണ്ടല്ല. അതു കുടുംബങ്ങളുമായി ചേർന്നു പോകുന്ന നല്ല സിനിമയാകുമെന്നു തോന്നിയതുകൊണ്ടാണ്. ആ സിനിമയിൽ ഏറെ ജീവിതങ്ങളുണ്ട്. അതു പ്രേക്ഷകരുടെ കൂടി ജീവിതമാണ്. ഭക്തിക്കു വേണ്ടി സിനിമ ചെയ്യേണ്ടതില്ലല്ലോ. മാത്രമല്ല ഉണ്ണി മുകുന്ദന്റെ ഭക്തി അയാളുടെ മാത്രം മനസ്സിലുള്ളതല്ലേ. മാളികപ്പുറമൊരു ഹിന്ദു ഭക്തി സിനിമയല്ല. മാത്രമല്ല അയ്യപ്പൻ ഹൈന്ദവ വിശ്വാസികളുടെ മാത്രം മനസ്സിലെ ഈശ്വരനുമല്ലല്ലോ. ആരുമില്ലാത്തവർക്ക് രക്ഷയായി ആരെങ്കിലും ഉണ്ടാകുമെന്നു പറയുന്ന സിനിമയാണ്. അങ്ങനെ വരുന്ന ആളാണു ദൈവം എന്നു ഞാൻ കരുതുന്നു. എന്റെ ജീവിതത്തിലും അങ്ങനെ പലരുമുണ്ടായിട്ടുണ്ട്. സിനിമയിൽ തളർന്നിരുന്ന സമയത്തു കൈ പിടിച്ചു നടത്തിയ പലരും. അതെല്ലാം ഈശ്വര സാന്നിധ്യമായി ഞാൻ കാണുന്നു. ഈ സിനിമയിലെ കുട്ടിക്കും സഹായിയായി വന്നത് അയ്യപ്പസ്വാമിയാണെന്നു കുട്ടി കരുതുന്നു. ഓരോരുത്തരും അവരുടെ ചുറ്റും ഈശ്വരനെ കാണുമെന്നാണ് ഈ സിനിമ പറയുന്നത്.
∙ ഉണ്ണിയുടെ ജീവിതവുമായി ബന്ധമുണ്ടോ.
കുട്ടികൾക്കു മലയ്ക്കു പോകുന്നതു സന്തോഷമുള്ള കാര്യമാണ്. ഞാനും കുട്ടിക്കാലത്ത് ആ സന്തോഷം അനുഭവിച്ചിട്ടുണ്ട്. അതല്ലാതെ ഇതിനു എന്റെ ജീവിതവുമായി ബന്ധമില്ല. പക്ഷേ എന്റെ ജീവിതം ഈ സിനിമ മാറ്റിമറയ്ക്കുന്നു എന്നതു എന്റെ നേട്ടമാണ്. എത്രയോ കുടുംബങ്ങളിൽ ഞാൻ അവരുടെ വീട്ടിലെ അംഗം പോലെയായി. കുട്ടികളിൽ പലരും എന്നെ വിളിക്കുന്നത് അയ്യപ്പ എന്നാണ്. എന്നെ എത്രയോ കാലം മല്ലു സിങ് എന്നു വിളിച്ചിരുന്നു.മലയാളി കുടംബങ്ങൾ എന്നെ ചേർത്തു നിർത്തി എന്നതാണ് ഈ സിനിമയുമായി എനിക്കുള്ള ബന്ധം. മേപ്പടിയാൻ,ഷഫീക്കിന്റെ സന്തോഷം, മാളികപ്പുറം എന്നീ മൂന്നു ചിത്രങ്ങളിലൂടെ കാണികൾ തിരിച്ചറിഞ്ഞതു എന്നിലെ നടനെയാകാം. അതിനു ഇത്രയും കാലം കാത്തിരിന്നു എന്നു മാത്രം. ഞാൻ ഒരു കാലത്തും തിരിക്കിട്ടു അർഹതപ്പെടാത്തതു പിടിച്ചെടുക്കാമെന്നു കരുതിയിട്ടില്ല.ഈ മൂന്നും വ്യത്യസ്ത സിനിമകളാണ്. പക്ഷേ അതിലൂടെ ഞാൻ പുതിയൊരു വഴിയിലെത്തി എന്നു മാത്രം.
∙ ഉണ്ണി ചെയ്ത പല സിനിമകളേക്കുറിച്ചും ഉണ്ണി ഖേദിക്കുന്നുണ്ടോ.
ഒരിക്കലുമില്ല. ആത്മാർഥമായി അതിൽ ജോലി ചെയ്ത ശേഷമാണു ഞാൻ തിരിച്ചു പോന്നിട്ടുള്ളത്. സിനിമ വിജയിക്കുന്നതിലും പരാജയപ്പെടുന്നതിലും ഒരു പാടു ഘടകങ്ങളുണ്ട്. അതിന്റെ പേരിൽ ഞാൻ ഖേദിച്ചിട്ടില്ല. ഈ വിജയങ്ങളുടെ എല്ലാം കാരണം ഞാനാണെന്നു പറയാറുമില്ല. ഇതിൽ ഞാനുമുണ്ടെന്നു മാത്രം. എന്റെ സിനിമകൾക്കൊപ്പം വലിയൊരു കൂട്ടം പ്രേക്ഷകരുണ്ടെന്നു എനിക്കു പറയാനായി എന്നു മാത്രം. മാളികപ്പുറം പരാജയപ്പെട്ടിരുന്നുവെങ്കിൽ അതിന്റെ ഉത്തരവാദിയായി എന്നെ കണക്കാക്കിയേനെ. പക്ഷേ ഈ സിനിമ എന്റെ ജീവിതത്തിലെ നല്ല അഞ്ചു സിനിമകളിൽ ഒന്നാകുമെന്നു ഞാൻ സിനിമയുടെ ഷൂട്ട് തുടങ്ങും മുൻപുതന്നെ കൂടെയുള്ളവരോടു പറഞ്ഞിരുന്നു.
∙ മാളികപ്പുറം എന്ന സിനിമ തന്ന ഉയരം വളരെ വലുതാണ്. ഇനിയുള്ള ഉണ്ണി മുകുന്ദൻ എന്താകും.
തമാശകൾ, കുടംബ ബന്ധങ്ങൾ, യുവാക്കളുടെ മനസ്സിലെ സിനിമകൾ അങ്ങനെ പല സിനിമകളുടേയും ആലോചനയിലാണ്. പത്തു വർഷത്തിനിടയിൽ ഞാൻ പലതും കണ്ടു. എന്നെ സ്നേഹിച്ച പ്രേക്ഷകർക്കു വേണ്ടി ചെയ്യുന്ന സിനിമതന്നെയാകും ലക്ഷ്യം. ആളുകൾ കാണാത്ത സിനിമ ചെയ്തിട്ടു കാര്യമില്ലെന്നു ഞാൻ കാര്യമില്ല. ജനം ചേർത്തു നിർത്തുന്ന സിനിമ ചെയ്യണം.