‘വിവാഹം 19ാം വയസ്സിൽ; എന്റെ വിവാഹവും ജാതകം നോക്കിയാണ് നടത്തിയത്’: ഒരു ജാതി ജാതകം നായിക അഭിമുഖം

Mail This Article
പൊട്ടിച്ചിരികൾക്കും വിവാദങ്ങൾക്കുമിടയിൽ തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ് വിനീത് ശ്രീനിവാസൻ നായകനായെത്തിയ ‘ഒരു ജാതി ജാതകം’. എം. മോഹനൻ സംവിധാനം ചെയ്ത ഈ കോമഡി ചിത്രത്തിൽ വിനീതിനൊപ്പം എട്ടു നായികമാരാണ് ഉണ്ടായിരുന്നത്. സ്ത്രീകഥാപാത്രങ്ങളുടെ കൂട്ടത്തിൽ പ്രേക്ഷകർക്ക് ഏറെ സർപ്രൈസ് ആയ കഥാപാത്രമായിരുന്നു ഗോപിക. കണ്ണൂരിന്റെ കഥപറയുന്ന ചിത്രത്തിൽ ഗോപികയായെത്തിയത് കണ്ണൂരുകാരിയായ ഐശ്വര്യ മിഥുൻ കോറോത്ത് എന്ന നടിയാണ്.
മലയാള സിനിമയിൽ ചിരിയുടെ രസക്കൂട്ട് തീർത്ത നിരവധി സിനിമകളുടെ സംവിധായകനായ സിദ്ദീഖ് ആണ് ‘പൊറാട്ട് നാടകം’ എന്ന സിനിമയിൽ ഐശ്വര്യയെ ആദ്യമായി അവതരിപ്പിച്ചത്. അക്കാര്യത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് ഐശ്വര്യ പറയുന്നു. ഒരു ജാതി ജാതകത്തിലേത് പോലെ തന്നെ തന്റേതും ജാതകം നോക്കി നടന്ന വിവാഹമായിരുന്നു എന്നും അതുകൊണ്ട് തന്നെ സിനിമയുമായി ഏറെ കണക്റ്റ് ചെയ്യാൻ കഴിഞ്ഞുവെന്നും ഐശ്വര്യ പറയുന്നു. വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുള്ള ഐശ്വര്യയ്ക്ക് 'കാഥിക' എന്ന ടൈറ്റിൽ കൂടി ഉണ്ട്. സിനിമ എന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് ‘ഒരു ജാതി ജാതക’ത്തിലെ വിശേഷങ്ങളുമായി ഐശ്വര്യ മിഥുൻ കോറോത്ത് മനോരമ ഓൺലൈനിൽ.

കുട്ടിക്കാലം മുതൽ കണ്ട സ്വപ്നം
അഭിനയം എന്നും എന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നു. കുഞ്ഞുനാൾ മുതൽ നടി ആകണം എന്നു തന്നെയാണ് ഞാൻ ആഗ്രഹിച്ചത്. സ്കൂളിൽ യൂത്ത് ഫെസ്റ്റിവൽ, കഥാപ്രസംഗം, മോണോ ആക്ട്, നാടകം എല്ലാറ്റിലും പങ്കെടുത്തിരുന്നു, സംസ്ഥാനതല ജേതാവ് ആയിരുന്നു. അപ്പോഴും അഭിനയമായിരുന്നു മനസ്സിൽ. ഒരു പ്രാവശ്യം ദേശീയതലത്തിൽ നാടക മത്സരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. അതായിരുന്നു അഭിനയത്തിന്റെ തുടക്കം.

സ്കൂളിൽ പഠിക്കുന്ന കാലത്ത് ഐശ്വര്യ എന്താകുമെന്ന് ചോദിച്ചാൽ, നടി ആകണം എന്നായിരുന്നു പറഞ്ഞിരുന്നത്. ഞാൻ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. പത്താം ക്ലാസിൽ ഫുൾ എ പ്ലസ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ ഒരു ഡോക്ടറോ എൻജിനീയറോ ഒക്കെ ആകുമെന്നായിരുന്നു അധ്യാപകരുടെ വിശ്വാസം. നടി ആകണം എന്ന് ഞാൻ പറയുമ്പോൾ, അങ്ങനെയല്ല പഠിച്ച് നല്ലൊരു ജോലി നേടണം എന്നൊക്കെ ആയിരുന്നു എല്ലാവരും എന്നോടു പറഞ്ഞിരുന്നത്. പക്ഷേ ഒരു നടി ആകണം എന്ന എന്റെ ആഗ്രഹം മാറ്റാൻ ആർക്കും കഴിഞ്ഞില്ല.

വിവാഹശേഷം അഭിനയത്തിലേക്ക്
ഞാൻ ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിലും സോഷ്യോളജിയിലും ഡിഗ്രി എടുത്തു. 2014ൽ എന്റെ വിവാഹം കഴിഞ്ഞു മുംബൈയിൽ സ്ഥിരതാമസം ആക്കി. മിഥുൻ എന്നെ കാണാൻ വന്നപ്പോൾ തന്നെ എനിക്ക് അഭിനയത്തിൽ താല്പര്യമുണ്ട് എന്ന് ഞാൻ പറഞ്ഞിരുന്നു. എനിക്ക് എന്താണ് ഇഷ്ടം അതു തന്നെ ചെയ്തോളൂ എന്നാണ് മിഥുൻ പറഞ്ഞത്. എന്നെ മനസ്സിലാക്കുന്ന ഒരാളെത്തന്നെ എനിക്ക് പങ്കാളി ആയി കിട്ടി എന്നത് എന്റെ ഭാഗ്യമാണ്. അഭിനയജീവിതമെല്ലാം തുടങ്ങിയത് വിവാഹശേഷമാണ്. 2015ൽ ആറുമാസം ‘ഭാര്യ’ എന്നൊരു സീരിയലിൽ അഭിനയിച്ചിരുന്നു. സീരിയൽ അഭിനയം എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ആ സമയത്താണ് എനിക്ക് കുഞ്ഞ് ജനിച്ചത്. അതുകൊണ്ട് പിന്നെ അഭിനയിക്കാൻ കഴിഞ്ഞില്ല. മകന്റെ പേര് മാധവ്. മകന് മൂന്നു വയസ്സ് ആയപ്പോഴാണ് വീണ്ടും അഭിനയിക്കാൻ തുടങ്ങിയത്.

സിദ്ദീഖ് അവതരിപ്പിച്ച നടി
ഞാൻ 2020ൽ സിദ്ദീഖ് സാറിനെ പോയി കണ്ടിരുന്നു. അമ്മയുടെ ഒരു സുഹൃത്താണ് എന്റെ ആഗ്രഹം അറിഞ്ഞ് സിദ്ദീഖ് സാറിനെ പോയി കാണാൻ പറഞ്ഞത്. കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു ‘ഐശ്വര്യ ഇപ്പോൾ നമുക്ക് പ്രോജക്ട് ഒന്നുമില്ല, പക്ഷേ എന്തെങ്കിലും വന്നാൽ ഞാൻ അറിയിക്കാം. ഐശ്വര്യ സിനിമയിൽ എത്തേണ്ട കുട്ടി തന്നെയാണ്’. പിന്നെ ഞാൻ അത് വിട്ടു. ജീവിതത്തിലെ ഓരോ തിരക്കകളിലേക്ക് പോയി. പക്ഷേ, രണ്ടുവർഷം കഴിഞ്ഞപ്പോൾ സിദ്ദീഖ് സാർ എന്നെ വിളിച്ചു. അത് എനിക്ക് ഭയങ്കര അപ്രതീക്ഷിതം ആയിരുന്നു. അദ്ദേഹ് പറഞ്ഞു, ‘പൊറാട്ട് നാടകം എന്നൊരു സിനിമ ചെയ്യുന്നുണ്ട്. അതിൽ നായികയായി ഞാൻ കാണുന്നത് ഐശ്വര്യയെ ആണ്’ എന്ന്.
ഈ പ്രോജക്ട് ഓൺ ആയപ്പോൾ തന്നെ കണ്ണൂർ ഇങ്ങനെ ഒരു കുട്ടി ഉണ്ട്, നായിക ആ കുട്ടിയാണ് എന്ന് സംവിധായകനോട് പറഞ്ഞത്രേ. സിദ്ദീഖ് സാർ എന്നെ ഓർത്തിരുന്നു വിളിക്കും എന്നു ഞാൻ കരുതിയില്ല. എനിക്ക് ലോട്ടറി അടിച്ച ഫീൽ ആയിരുന്നു. അങ്ങനെ ‘പൊറാട്ട് നാടക’ത്തിൽ സൈജു കുറുപ്പ് ചേട്ടന്റെ ഭാര്യയായി അഭിനയിച്ചു. സിദ്ദീഖ് സാറിന്റെ മേൽനോട്ടത്തിലാണ് ആ ഷൂട്ടിങ് നടന്നത്. ഒരു പൊളിറ്റിക്കൽ സറ്റയർ ആയിരുന്നു ആ സിനിമ. ഞാൻ തന്നെയാണ് ഡബ്ബ് ചെയ്തത്. ഞാൻ അഭിനയിക്കുന്നത് കണ്ടിട്ട് സിദ്ദീഖ് സാർ പറഞ്ഞു, ‘വളരെ നന്നായിട്ടുണ്ട് ഐശ്വര്യ... തനിക്ക് സിനിമയിൽ വളരെ നല്ലൊരു ഭാവിയുണ്ട്’ എന്ന്. പക്ഷേ, സിനിമ തിയറ്ററിൽ എത്തി കാണാൻ സാറില്ലായിരുന്നു, അതിനു മുൻപ് തന്നെ സർ പോയി. അതിൽ എനിക്ക് ഭയങ്കര സങ്കടമുണ്ട്. സിദ്ദീഖ് സാറാണ് എന്നെ സിനിമയിൽ പരിചയപ്പെടുത്തിയത് എന്ന് പറയുന്നത് എനിക്ക് അഭിമാനമാണ്.

എന്റേതും ഒരു ജാതി ജാതകം
‘ഒരു ജാതി ജാതകം’ എന്ന സിനിമയിൽ എത്തിയത് വളരെ അപ്രതീക്ഷിതമായിട്ടാണ്. ഒരിക്കൽ ഇൻസ്റ്റാഗ്രാമിൽ കുറെ മെസജ് കണ്ടു. വെറുതെ തുറന്നു നോക്കിയപ്പോഴാണ് ഒരു സിനിമയിലേക്കുള്ള ക്ഷണം വന്നു കിടക്കുന്നത് കണ്ടത്. അത് കണ്ടപ്പോൾ ഒറിജിനൽ ആണെന്നു തോന്നി. കണ്ണൂരിൽ സ്ക്രീൻ ടെസ്റ്റിന് ചെല്ലാൻ പറഞ്ഞു, അവിടെ ചെന്നപ്പോൾ തിരക്കഥാകൃത്തും കാസ്റ്റിങ് ഡയറക്ടറും ഒക്കെ ഉണ്ടായിരുന്നു. അതിൽ കുറെ കഥാപാത്രങ്ങൾ ചെയ്തു നോക്കി. ഒടുവിലാണ് ഗോപിക എന്ന കഥാപാത്രത്തിലേക്ക് എന്നെ കാസ്റ്റ് ചെയ്തത്. ഗോപിക എന്ന കഥാപാത്രം എനിക്ക് ഒരുപാട് ഇഷ്ടമായി. വിനീത് ശ്രീനിവാസൻ ഏട്ടന്റെ കൂടെ ആയിരുന്നു എനിക്ക് കോംബിനേഷൻ. വളരെ രസകരമായിരുന്നു ഷൂട്ട്. അദ്ദേഹം സീനിയർ ആയ ആർട്ടിസ്റ്റ് അല്ലേ, എനിക്ക് ഓരോന്ന് പോയി ചോദിയ്ക്കാൻ പേടി ആയിരുന്നു.

പക്ഷേ, വിനീതേട്ടൻ വളരെ കൂൾ ആയിട്ടാണ് പെരുമാറിയത്. വിനീതേട്ടൻ തന്നെ ‘നമുക്ക് ഡയലോഗ് പറഞ്ഞു നോക്കാം’ എന്ന് എന്നോട് വന്നു പറഞ്ഞു, അത് കേട്ടപ്പോൾ എന്റെ ടെൻഷൻ ഒക്കെ പോയി. എനിക്ക് അങ്ങോട്ട് ചെന്ന് ‘ചേട്ടാ ഡയലോഗ് പറഞ്ഞു നോക്കാൻ വരുമോ’ എന്ന് ചോദിയ്ക്കാൻ പറ്റില്ലല്ലോ. എന്റെ വിവാഹം 19–ാം വയസ്സിൽ ആയിരുന്നു. എന്റെ വിവാഹവും ജാതകം നോക്കിയാണ് നടത്തിയത്. ആ സമയത്ത് കല്യാണം കഴിഞ്ഞില്ലെങ്കിൽ പിന്നെ ഒരുപാട് താമസിക്കും എന്ന് ജാതകത്തിൽ ഉള്ളതുകൊണ്ടാണ് ചെറിയ പ്രായത്തിൽ വിവാഹം നടത്തിയത്. അതുകൊണ്ട് തന്നെ ഈ സിനിമ എനിക്ക് വ്യക്തിപരമായി റിലേറ്റ് ചെയ്യാൻ കഴിഞ്ഞു.

വിനീത് പറഞ്ഞു, ചിരി നിർത്താൻ പറ്റിയില്ല
വീട്ടിൽ എല്ലാവരും സിനിമ കണ്ടു. ഭർത്താവ് മിഥുൻ സിനിമ കണ്ടിട്ട് പറഞ്ഞത് അദ്ദേഹത്തിന്റെ ജീവിതവുമായി കണക്റ്റ് ചെയ്യാൻ പറ്റി എന്നാണ്. ഞാൻ കണ്ണൂർ തന്നെയുള്ളത് കാരണം എന്റെ സ്ലാങ് കഥാപാത്രത്തിന് യോജിച്ചു. ഞാൻ തന്നെയാണ് ഡബ്ബ് ചെയ്തത്. എന്റെ ഭാഗം നന്നായി ചെയ്തു എന്ന് എല്ലാവരും പറഞ്ഞു. ഫൺ പാർട്ട് ഒക്കെ നന്നായി ചെയ്തു എന്ന് സംവിധായകൻ മോഹൻ സാറും പറഞ്ഞു. വിനീതേട്ടൻ പറഞ്ഞത് എനിക്ക് ഐശ്വര്യയുമായുള്ള സീനിൽ ചിരി നിർത്താൻ പറ്റിയില്ല എന്നാണ്. വളരെ നല്ല അഭിപ്രായങ്ങൾ ആണ് എല്ലായിടത്തുനിന്നും കിട്ടുന്നത്. എന്റെ സുഹൃത്തുക്കളും എല്ലാം പറഞ്ഞു, ഐശ്വര്യയിൽ നിന്ന് പ്രതീക്ഷിക്കാത്ത കഥാപാത്രമായിരുന്നു എന്ന്. എല്ലാവർക്കും വളരെ സർപ്രൈസ് ആയിപ്പോയി ആ കഥാപാത്രം എന്നാണ് പറഞ്ഞത്. ഞാൻ നാലുപ്രാവശ്യം തിയറ്ററിൽ പോയി സിനിമ കണ്ടു. ‘ഉദയനാണ് താരം’ എന്ന സിനിമയിൽ സലിം കുമാർ ചേട്ടൻ ഇരുന്ന അവസ്ഥയിലാണ് ഞാൻ തിയറ്ററിൽ ഇരുന്നത്. എല്ലാവരും എങ്ങനെ പ്രതികരിക്കുന്നു എന്ന് നേരിട്ട് കാണാൻ ആണ് ഞാൻ ആളുകൾക്കിടയിൽ തിയറ്ററിൽ പോയി ഇരുന്നത്. കണ്ണൂർ തളിപ്പറമ്പ് ആണ് എന്റെ വീട്, അവിടെയും ഞാൻ തിയറ്ററിൽ പോയി സിനിമ കണ്ടു.

കാഥികയാണ് ഞാൻ
ഞാൻ ഒരു കാഥികയായിരുന്നു. കഥാപ്രസംഗം കോഴ്സ് ചെയ്തിട്ടുണ്ട്. എനിക്ക് കാഥിക ടൈറ്റിൽ ഉണ്ട്. കുഞ്ഞിലെ മുതൽ കഥയും ആക്ഷൻ സോങ്ങും ഒക്കെ ചെയ്യാൻ വലിയ താല്പര്യമായിരുന്നു. സ്കൂളിലും കോളജിലും ഒക്കെ പഠിക്കുമ്പോൾ സ്റ്റേജിൽ കയറി കഥ പറഞ്ഞു ശീലമുണ്ട്. നൃത്തം പഠിച്ചിട്ടുണ്ട്, ഇപ്പോഴും ഭരതനാട്യം പഠിക്കുന്നുണ്ട്. പറ്റുന്ന സ്റ്റേജിൽ ഒക്കെ നൃത്തം അവതരിപ്പാറുണ്ട്. അതുകൊണ്ട് തന്നെ അഭിനയിക്കാൻ പേടി തോന്നിയിട്ടില്ല. ഞാൻ ആരെയും നോക്കി അഭിനയം പഠിച്ചിട്ടില്ല. ഒരു കഥാപാത്രം ചെയ്യുമ്പോൾ ഒപ്പമുള്ളവരോടൊപ്പം അങ്ങ് ചേരുകയാണ് ചെയ്യുന്നത്. അവരോടൊപ്പം ചേർന്ന് ‘ബിഹേവ്’ ചെയ്യുക– അങ്ങനെ ഒരു രീതിയിലാണ് ഞാൻ അഭിനയിക്കുന്നത്. വലിയ തയാറെടുപ്പുകൾ ഒന്നും ചെയ്യാറില്ല. എന്റെ അമ്മയാണ് എന്റെ ഏറ്റവും വലിയ വിമർശക. എന്നെ ബിഗ് സ്‌ക്രീനിൽ കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചത് എന്റെ അമ്മയാണ്. എന്നെ കഥാപ്രസംഗത്തിനും മോണോ ആക്ടിനും മറ്റു പരിപാടികൾക്കുമൊക്കെ കൊണ്ടുപോകുന്നത് അമ്മയായിരുന്നു. അമ്മയ്ക്ക് സിനിമ കണ്ടപ്പോൾ ഒരുപാടിഷ്ടമായി. നന്നായി ചെയ്തു എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി.

അനൂപ് മേനോനൊപ്പം ചിരം
അനൂപ് മേനോന്റെ ഒപ്പം ‘ചിരം’ ആണ് എന്റെ അടുത്ത സിനിമ. കൊൽക്കത്തയുടെ പരമ്പരാഗത ആർട് ഫോം ആയ ബാവുൽ സംഗീതവും മറ്റു ചില ആർട് ഫോമുകളും ഒക്കെ ഉള്ള സിനിമയാണ്. കാട്ടിലുള്ള ആളുകളുടെ ജീവിതരീതിയും അതിനിടയിലൂടെ ഒരു പെൺകുട്ടിയുടെ ജീവിതവുമൊക്കെ ഉൾപ്പെടുന്ന ഒരു കഥയാണ് ‘ചിരം’ പറയുന്നത്. വളരെ നല്ല കഥാപാത്രമാണ്, ഒരുപാട് പ്രതീക്ഷയുള്ള സിനിമയാണ് അത്. കൊൽക്കത്തയും ഋഷികേശും ഒക്കെയായിരുന്നു ഷൂട്ടിങ്. വളരെ നല്ലൊരു അനുഭവമായിരുന്നു. സ്ത്രീ പ്രാധാന്യമുള്ള സിനിമയാണ്. അനൂപ് ഏട്ടൻ എന്നോട് പറഞ്ഞത് ‘ഇത് നിന്റെ സിനിമയാണ്, ഞാൻ ഇതിൽ ഗസ്റ്റ് റോൾ ആണ്’ എന്നാണ്. ചിരം സിനിമയിൽ രണ്ടു മൂന്ന് ഗെറ്റപ്പ് ചെയ്യുന്നുണ്ട്. അത് എനിക്ക് കുറച്ച് ചലഞ്ചിങ് ആയ കഥാപാത്രമായിരുന്നു. ഋഷികേശിലെ ഗംഗ ആരതിയൊക്കെ സിനിമയ്ക്ക് വേണ്ടി എടുത്തിട്ടുണ്ട്.
ഒരു ജാതി ജാതകം കണ്ടിട്ട് ഒരുപാട് മെസ്സേജുകളും അന്വേഷണങ്ങളുമൊക്കെ വരുന്നുണ്ട്. നല്ല സിനിമകളുടെ ഭാഗമാവുക എന്നതാണ് എന്റെ ആഗ്രഹം. ഞാൻ ഇപ്പോൾ ചെയ്ത മൂന്നു പ്രോജക്ടുകളും വളരെ നല്ലതായിരുന്നു. നല്ലൊരു ക്യാരക്ടർ റോൾ ആണെങ്കില്‍ പോലും മതി, പക്ഷേ നല്ല പ്രോജക്ട് ആയിരിക്കണം. അതാണ് ആഗ്രഹം.