‘മാർക്കോ’യിലെ ഏറ്റവും ബുദ്ധിമുട്ടേറിയ രംഗം, അതാണ് സിനിമയുടെ റഫറൻസ്: ഉണ്ണി മുകുന്ദൻ അഭിമുഖം

Mail This Article
ഇന്ത്യൻ സിനിമ കണ്ടുപരിചയമില്ലാത്ത അത്ര വയലൻസുമായി ഒരു സിനിമ മലയാളത്തിൽ പ്രേക്ഷകർക്കു മുന്നിലെത്തിച്ച് വിജയം നേടുക– ഇതിനായിരുന്നു മാർക്കോയിലൂടെ ഉണ്ണി മുകുന്ദൻ ധൈര്യപ്പെട്ടത്. അത് കേരളത്തിനു അപ്പുറത്ത് പാൻ ഇന്ത്യൻ തലത്തിലേക്കുളള ഉണ്ണി മുകുന്ദന്‍ എന്ന നടന്റെയും നിർമാതാവിന്റെയും വളർച്ചയ്ക്കു കൂടിയാണ് വഴിതെളിച്ചത്. ‘അപ്പുറത്തെ വീട്ടിലെ പയ്യൻ’ എന്ന ഇമേജിൽ നിന്ന്, ചോര കണ്ടാൽ കൈ വിറയ്ക്കാത്ത ആക്‌ഷൻ സൂപ്പർ സ്റ്റാറിലേക്കുള്ള പരകായപ്രവേശം! ‘ഇന്ത്യൻ ജോൺ വിക്ക്’ എന്നുവരെ ഉണ്ണി മുകുന്ദനെ വിശേഷിപ്പിക്കാൻ കാരണമായ മാർക്കോയ്ക്ക് ഒടിടിയിലും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമാവിശേഷങ്ങളുമായി ഉണ്ണി മുകുന്ദൻ മനോരമ ഓൺലൈനിൽ.
മാർക്കോ വെറുമൊരു ആക്‌ഷൻ ചിത്രമല്ല
മിഖായേൽ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് മാർക്കോ ഒരു കൗതുകമായി ഉള്ളിൽ കയറിയത്. അന്ന് മുതൽ ഇന്ന് വരെയുള്ള ഒരുപാട് പേരുടെ അധ്വാനത്തിന്റെ ഫലമാണ് ഇന്നു ലഭിച്ച അംഗീകാരങ്ങൾ എല്ലാം. ഒരു ഡോമിനന്റ് ആക്‌ഷൻ ചിത്രമായി മാർക്കറ്റിൽ കൊണ്ടുവന്നപ്പോഴും ഞാൻ ഇതിനെ ഒരു കുടുംബചിത്രമായാണ് കണ്ടിരുന്നത്. കേന്ദ്രകഥാപാത്രമായ മാർക്കോയ്ക്ക് തന്റെ കുടുംബത്തോടുള്ള അതിരില്ലാത്ത സ്നേഹത്തിന്റെ കഥയാണ് ആ സിനിമ. ഏത് തരത്തിലുള്ള വയലൻസായാലും അത് തന്റെ കുടുംബത്തിന് വേണ്ടിയാണ് മാർക്കോ ചെയ്തത്. നമ്മുടെയൊക്കെ ജീവിതത്തിൽ കുടുംബത്തിനെതിരെ എന്ത് അതിക്രമം സംഭവിച്ചാലും പ്രതികരിക്കണം എന്നുള്ള ഒരു തോന്നൽ ഉള്ളിലുണ്ടാവും. അതുകൊണ്ടു തന്നെ പ്രേക്ഷകർക്ക് റിലേറ്റ് ചെയ്യാൻ സാധിക്കുന്ന കഥയാണ് മാർക്കോയുടേത്. അത്തരത്തിലുളള കഥകൾ എല്ലായ്പ്പോഴും വിജയം കണ്ടിട്ടുണ്ട്.
വയലൻസ് ഇല്ലാതെ മാർക്കോ ഇല്ല
മാർക്കോ ഒരു ആക്ഷൻ റിവഞ്ച് ഡ്രാമ ആണ്. അതുകൊണ്ടു തന്നെ വയലൻസ് അതിന്റെ ഒരു അഭിവാജ്യ ഘടകമാണ്. ഇന്നത്തെ തലമുറ കണ്ടാസ്വദിക്കുന്ന സിനിമകളും വിഡിയോകളും ഒക്കെ തന്നെയാണ് മാർക്കോയുടെ റഫറൻസ് പോയിന്റായി നിന്നത്. കാലാനുസൃതമായ മാറ്റങ്ങൾ സംഘട്ടന രംഗങ്ങളിൽ കൊണ്ടുവരണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ എല്ലാ പ്രതികരണങ്ങളെയും വിമർശനങ്ങളെയും ഉൾക്കൊള്ളുന്നു

വെല്ലുവിളി എല്ലാ സീനിലും
മാർക്കോ എന്ന ചിത്രത്തിലെ സീനുകളെല്ലാം വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ചിത്രത്തിൽ സിംഗിൾ ഷോട്ടിലെടുത്ത സ്റ്റെയർകേസ് സീനാണ് ബുദ്ധിമുട്ടി ചെയ്ത ഒരു രംഗം. പ്രയാസപ്പെട്ട് ചിത്രീകരിച്ച ഒരു രംഗമാണെങ്കിലും അത് ഭംഗിയായി ചെയ്യാൻ കഴിഞ്ഞത് ഫൈറ്റ് മാസ്റ്ററിന്റെയും ഫൈറ്റ് കൊറിയോഗ്രാഫേഴ്സിന്റെയും സഹായം കൊണ്ടാണ്. മാർക്കോയിലെ വയലൻസ് പ്ലാൻ ചെയ്തതും അതിനെ പൂർണതയിലേക്ക് എത്തിച്ചതും കലൈ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു വലിയ ടീമിന്റെ അധ്വാനവും വേറിട്ട ആശയങ്ങളുമാണ്.
പാൻ ഇന്ത്യ വിജയം അപ്രതീക്ഷിതം
കേരളത്തിൽ മാർക്കോ വിജയിക്കും എന്നുള്ളതിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. പക്ഷേ, മാർക്കോയുടെ പാൻ ഇന്ത്യ വിജയം എല്ലാ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു. പ്രേക്ഷകരിൽ നിന്നു മാത്രമല്ല, പല ഭാഷകളിലെ അഭിനേതാക്കളിൽ നിന്നും, സാങ്കേതികപ്രവർത്തകരിൽ നിന്നും ചിത്രത്തെ പറ്റിയുള്ള അഭിപ്രായങ്ങൾ ലഭിച്ചിരുന്നു. മാർക്കോ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെട്ടതിൽ വളരെയധികം സന്തോഷവും അഭിമാനവും ഉണ്ട്.
വ്യത്യസ്തമായ സിനിമകൾ എന്നും ആഗ്രഹം
വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. മാർക്കോ എന്ന കഥാപാത്രവും ഞാൻ ആദ്യമായാണ് പരീക്ഷിക്കുന്നത്. ഇനിയും ഇതുപോലുള്ള വ്യത്യസ്തമായ കഥാപാത്രങ്ങൾ പരീക്ഷിച്ചു നോക്കണമെന്നുണ്ട്. പ്രേക്ഷകർ തീർച്ചയായും വ്യത്യസ്തമായ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ പുതിയ പരീക്ഷണങ്ങൾ ചെയ്യാനായി ഒരു അഭിനേതാവ് എന്ന നിലയ്ക്കും നിർമാതാവ് എന്ന നിലയ്ക്കും ശ്രമിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
സിനിമ കാണുന്നത് അഭിനേതാവായി
സിനിമയെന്ന മാധ്യമം ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകനാണ് ഞാൻ. മിക്കവാറും എല്ലാ ഴോണറിലുമുള്ള ചിത്രങ്ങൾ കാണാറും ആസ്വദിക്കാറുമുണ്ട്. എല്ലാ തരത്തിലുമുള്ള ചിത്രങ്ങൾ കാണുമ്പോഴാണ് പല കഥാപാത്രങ്ങളെ കുറിച്ച് അറിയാനും അതിനെപ്പറ്റി പഠിക്കാനും സാധിക്കുക എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു പ്രേക്ഷകൻ എന്നതിനെക്കാൾ അഭിനേതാവായിട്ടാണ് ഓരോ ചിത്രത്തെയും സമീപിക്കുന്നത്. നിർമാണ രംഗത്തേക്ക് കടന്നതിന് ശേഷം ഓരോ ചിത്രത്തിന്റെയും പുറകിലുള്ള ശ്രമങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാറുണ്ട്.

ഏറ്റവും പിന്തുണ അച്ഛനും അമ്മയും
എന്റെ അമ്മയും അച്ഛനും ഞാൻ അഭിനയിക്കുന്ന എല്ലാം ഇഷ്ടപ്പെടുന്നവരാണ്. അവർ തന്നെയാണ് എന്റെ ഏറ്റവും വലിയ പിന്തുണയും ശക്തിയും. ഇതുവരെയുള്ള എന്റെ സിനിമാജീവിതത്തിൽ നടന്ന എല്ലാത്തിലും അവർ എന്റെ ഒപ്പം തന്നെയുണ്ട്, എന്റെ ഉറപ്പായി! ഒരു മകൻ എന്ന നിലയിൽ ഞാൻ ചെയ്യുന്നതെല്ലാം അവർക്ക് സന്തോഷം നൽകുന്നുണ്ട് എന്ന് കാണുമ്പോൾ എനിക്കും സന്തോഷം തോന്നാറുണ്ട്. അവരുടെ സന്തോഷവും സമാധാനവും തന്നെയാണ് എന്നും എന്റെ മുൻഗണന.