കഥാപാത്രത്തിനായി മുടി മുറിച്ചു, ലുക്ക് മാറ്റി; ചാക്കോച്ചന്റെ മുതുകിൽ കുത്തിയ താരം; ‘ഓഫിസറി’ലെ വില്ലത്തി പറയുന്നു

Mail This Article
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ തിയറ്ററിൽ വലിയ വിജയം നേടി മുന്നേറുകയാണ്. പ്രേക്ഷകരെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ വില്ലൻ ഗ്യാങ്, സിനിമയിലെ നായകനൊപ്പം കയ്യടി നേടുകയാണ്. രണ്ടു പെൺകുട്ടികളടങ്ങുന്ന അഞ്ചംഗ സംഘമാണ് സിനിമയിൽ ഭീതി പടർത്തി നിറഞ്ഞാടിയത്. ബെംഗളൂരു മലയാളിയായ ലയ മാമ്മൻ ആണ് സെലിൻ ജോൺ എന്ന വില്ലത്തിയായി എത്തിയത്. തിയറ്റർ ആർട്ടിസ്റ്റ് ആയ ലയ ആദ്യമായി അഭിനയിച്ച സിനിമയാണ് ‘ഓഫിസർ ഓൺ ഡ്യൂട്ടി’. ഒരുപാട് ആക്‌ഷൻ സീനുകളുള്ള മയക്കുമരുന്നിന് അടിമയായ കഥാപാത്രം വലിയ വെല്ലുവിളി ആയിരുന്നുവെന്ന് ലയ പറയുന്നു. ആക്‌ഷൻ ചിത്രീകരണത്തിനിടയിൽ തലയിടിച്ചു വീണു പരുക്കേറ്റിരുന്നു. ആ കഥാപാത്രത്തിനായി എടുത്ത പരിശ്രമങ്ങൾ വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് ഈ യുവതാരം. സിനിമയുടെ വിശേഷങ്ങളുമായി ലയ മാമ്മൻ മനോരമ ഓൺലൈനിൽ.
സ്റ്റേജിൽ നിന്ന് ക്യാമറയ്ക്ക് മുന്നിലേക്ക്
ഓഫിസർ ഓൺ ഡ്യൂട്ടി എന്റെ ആദ്യത്തെ സിനിമയാണ്. അഭിനയം എനിക്ക് പരിചിതമായ മേഖലയാണ്. ഇന്ത്യൻ തിയറ്റർ പെർഫോമിങ് ആർട്സ് ആണ് പഠിച്ചത്. അതുകഴിഞ്ഞ് നാലുവർഷം തിയറ്റർ ആർട്ടിസ്റ്റ് ആയി ജോലി ചെയ്തു. പിന്നീട് ആർട് മാനേജ്മെന്റിലേക്ക് തിരിഞ്ഞു അങ്ങനെ പ്രൊഡക്‌ഷനിലേക്ക് തിരിഞ്ഞു. നാലുവർഷമായി സാൻഡ്ബ്ലോക്സ് കലക്ടീവിൽ ആണ് ഞാൻ ജോലി ചെയ്യുന്നത്. ഇതെല്ലാം വിട്ട് വേറെ എന്തെങ്കിലും പഠിക്കാൻ പോകണം എന്നുകരുതി ഇരിക്കുമ്പോഴാണ് ഓഫിസർ ഓൺ ഡ്യൂട്ടി എന്ന സിനിമയുടെ ഓഡിഷൻ പരസ്യം കാണുന്നത്. അങ്ങനെ അതൊന്ന് ശ്രമിച്ചു നോക്കാം എന്നു കരുതി.

ഓഡിഷന് വേണ്ടി ആദ്യം ഒരു വിഡിയോ അയച്ചുകൊടുത്തു. അതുകഴിഞ്ഞ് പ്രൊഡക്‌ഷൻ ടീമിനെ കണ്ടു. അവർ ഒരുപാടു പേരുടെ ഓഡിഷൻ എടുത്തു കൊണ്ടിരിക്കുകയായിരുന്നു. കുറച്ചു നാൾ കഴിഞ്ഞ് അവർ വിളിച്ച് നേരിട്ട് ഓഡിഷൻ ചെയ്തു. ആ സമയത്ത് ഐശ്വര്യയും (സഹതാരം) ഉണ്ടായിരുന്നു. അവിടെ മുതൽ ഞങ്ങൾ നല്ല കൂട്ടുകാരായി. അന്ന് ഞങ്ങളോട് കഥ പറഞ്ഞു തന്നു. അവിടെവച്ചാണ് ഞങ്ങളെ സിനിമയിലേക്ക് വില്ലത്തികളുടെ വേഷത്തിലാണ് നോക്കുന്നത് എന്ന് മനസ്സിലായത്. അങ്ങനെയാണ് ഞങ്ങൾ രണ്ടുപേരും ഈ സിനിമയിലെത്തി.
തിയറ്റർ വേറെ, സിനിമ വേറെ
സിനിമാഭിനയം ഒരിക്കലും തിയറ്റർ പോലെ അല്ല. സിനിമയിൽ അഭിനയിച്ചു തുടങ്ങിയ സമയത്ത് ഞാൻ ചെറുതായി കഷ്ടപ്പെട്ടു. കാരണം ക്യാമറയ്ക്ക് വേണ്ടി അഭിനയിക്കുന്നത് ഒരു പുതിയ കാര്യമായിരുന്നു. തിയറ്റർ ചെയ്യുമ്പോൾ പ്രേക്ഷകരും ലൈറ്റും ചുറ്റുപാടുകളും എല്ലാം വ്യത്യസ്തമാണ്. പക്ഷേ, സിനിമ ചെയ്യുമ്പോൾ ക്യാമറയ്ക്ക് വേണ്ടിയാണ് അഭിനയിക്കുന്നത്. ഒരു സീൻ ചെയ്യുമ്പോൾ ചിലപ്പോൾ അവിടെ മുപ്പതോളം ആൾക്കാർ നോക്കി നിൽക്കുന്നുണ്ടാകും. അതിനിടയിൽ നിന്ന് അഭിനയിക്കണം. തിയറ്റർ ആകുമ്പോൾ നമുക്ക് കഥാപാത്രത്തിലേക്ക് കയറാൻ കുറച്ചു സമയം കിട്ടും. സിനിമ അങ്ങനെ അല്ല. ഒരു സീൻ ചെയ്തിട്ട് പിന്നെ കുറെ സമയം ഉണ്ടാകും. പെട്ടെന്ന് കഥാപാത്രത്തിലേക്ക് കയറി സീൻ കഴിയുമ്പോൾ കഥാപാത്രത്തിൽ നിന്ന് ഇറങ്ങണം. അങ്ങനെ കുറെ കാര്യങ്ങൾ വ്യത്യാസമുണ്ട്.

നല്ലൊരു ടീമിനൊപ്പമാണ് വർക്ക് ചെയ്തത്. ടെൻഷൻ ഒന്നുമില്ലാതെ അഭിനയിക്കാൻ കഴിഞ്ഞു. പിന്നെ ഞങ്ങളുടെ വില്ലൻ ടീമിലെ എല്ലാവരുമായി നല്ല കൂട്ടുകാരായി. എല്ലാവരുമൊപ്പം അടിച്ചു പൊളിച്ച് ഒരു ജോളി മൂഡിലാണ് കഴിഞ്ഞത്. ഞങ്ങൾ ഇപ്പോൾ അടുത്ത സുഹൃത്തുക്കളായി. അത് സിനിമയിൽ നോക്കിയാലും കാണാൻ കഴിയും. ഓരോ സീനും ഞങ്ങൾ ആഘോഷിച്ചാണ് ചെയ്തത്. ഇപ്പോഴും ഞങ്ങൾ ഇടയ്ക്കിടെ കാണാറുണ്ട്.

‘ഡൗൺ ടു എർത്ത്’ ചാക്കോച്ചൻ
ചാക്കോച്ചൻ ഞങ്ങളോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. ഒരു പുതുമുഖമാണ് എന്ന തോന്നലൊന്നും ഉണ്ടാകാതെ ചിരകാല സുഹൃത്തുക്കളോട് പെരുമാറുന്നതുപോലെ ആണ് അദ്ദേഹം ഇടപെടുന്നത്. എല്ലാവരോടും സ്നേഹത്തോടെയും എളിമയുടെയും ഇടപെടുന്ന ‘ഡൗൺ ടു എർത്ത്’ ആയ ആളാണ് ചാക്കോച്ചൻ. അതുകൊണ്ട് ഞങ്ങൾ പെട്ടെന്ന് അദ്ദേഹവുമായി കമ്പനി ആയി. അദ്ദേഹം സെറ്റിൽ വന്നാൽ ഉടനെ ഞങ്ങളോട് കോമഡി പറയും. അത് തന്നെ ഒരു ഐസ് ബ്രേക്കിങ് ആണ്. അദ്ദേഹം ഒരു സീനിയർ ആർട്ടിസ്റ്റ് ആണെന്ന് ഞങ്ങൾക്ക് തോന്നാത്തവിധം ആണ് ഞങ്ങളോടൊപ്പം നിന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പമുള്ള സീനുകൾ ചെയ്യാൻ എളുപ്പമായി. ഷൂട്ട് ഇല്ലാത്തപ്പോൾ ഞങ്ങളുടെ ഒപ്പം ഇരുന്നു തമാശ പറയും. ആദ്യത്തെ സിനിമ തന്നെ ഇത്തരമൊരു ടീമിനൊപ്പം ആയത് വലിയ ഭാഗ്യമാണ്. ഒരു ടെൻഷനുമില്ലാതെ വർക്ക് ചെയ്യാൻ കഴിഞ്ഞു.

ആക്‌ഷൻ സീനുകൾ എല്ലാം ഒറിജിനൽ
സെലിൻ ജോൺ എന്നാണ് സിനിമയിൽ എന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിലെ വില്ലൻ ഗ്യാങ്ങിലെ ഒരു പെൺകുട്ടി. രണ്ടു വില്ലത്തിമാരിൽ ഒരാൾ. ആദ്യമായാണ് വില്ലത്തി വേഷം ചെയ്തത്. സെലിൻ എന്ന കഥാപാത്രത്തിലേക്ക് എത്താൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഞങ്ങൾ മയക്കുമരുന്നിന് അടിമകളായാണ് അഭിനയിച്ചത്. അത്തരത്തിലുള്ളവർ എങ്ങനെയാണ് പെരുമാറുന്നതെന്ന് അറിയാൻ ഡ്രഗ് അഡിക്റ്റ് ആയവരുടെ കുറെ അഭിമുഖങ്ങൾ കണ്ടു. ഇവർ സാധാരണ വില്ലന്മാരല്ല, ഇവർക്ക് കുറെ വട്ട് ഉള്ളതുപോലെ തോന്നിക്കുന്നവരാണ്. അതൊക്കെ പിടിക്കാൻ കുറച്ചു കഷ്ട്ടപ്പെട്ടു. ചില ഷോട്ടുകൾ ചെയ്തു കഴിയുമ്പോൾ എനിക്ക് തലകറക്കം വന്നിട്ടുണ്ട്. കാരണം അത്രയും എനർജിയോടെയാണ് ചെയ്യുന്നത്.
ഫൈറ്റ് സീനുകൾ ചെയ്തുകഴിഞ്ഞ് പരുക്ക് പറ്റി ഞാൻ ആശുപത്രിയിൽ ആയി. സിനിമയിൽ ഞാൻ തല ഇടിച്ചു വീഴുന്നത് യഥാർഥത്തിൽ ഉള്ളതാണ്. തല ഇടിച്ചിട്ട് ഒരാഴ്ച എന്റെ തലയിൽ വലിയൊരു മുഴ ഉണ്ടായിരുന്നു. അതുകഴിഞ്ഞ് എനിക്ക് ഭയങ്കര പനി ആയി. ചാക്കോച്ചനുമായുള്ള ഫൈറ്റ് സീൻ ചെയ്യുമ്പോൾ എനിക്ക് ഭയങ്കര പനി ആയിരുന്നു. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ നല്ല രസം തോന്നുന്നു.

‘കാണുമ്പോൾ ഒരു ഇടി തരാൻ തോന്നുന്നു’
സിനിമ വിജയിച്ചു കാണുമ്പോൾ വലിയ സന്തോഷമുണ്ട്. ചെയ്യുന്ന സമയത്ത് ഇത്രയും വലിയ വിജയമാകും എന്ന് കരുതിയില്ല. സിനിമയും ഞങ്ങളുടെ കഥാപാത്രങ്ങളും വളരെ നന്നായി എന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ട്. ആൾക്കാർ ഞങ്ങളെ കാണുമ്പോൾ ‘ഒരു ഇടി തരാൻ തോന്നുന്നുണ്ട്’ എന്നാണ് പറയുക. ‘ഞങ്ങളെ കണ്ടു പേടി തോന്നി’, ‘കൊല്ലാൻ തോന്നി’ എന്നൊക്കെ കേൾക്കുമ്പോൾ വിഷമത്തെക്കാൾ സന്തോഷമാണ്. കാരണം നമ്മുടെ കഥാപാത്രത്തിന്റെ വിജയമാണല്ലോ അത്. ഒരുപാടു നല്ല മെസ്സേജുകൾ വരുന്നുണ്ട്. കേരളത്തിലെ പ്രേക്ഷകർ വളരെ ബുദ്ധിയുള്ളവരാണ്. കലയും വ്യക്തിയും തമ്മിലുള്ള വ്യത്യാസം അവർക്ക് നന്നായി അറിയാം. ആദ്യസിനിമയിലൂടെ ഇത്രയുമൊന്നും അംഗീകാരം കിട്ടുമെന്ന് ഞാൻ കരുതിയില്ല.

സിനിമയ്ക്ക് വേണ്ടി മൂക്ക് കുത്തിയപ്പോൾ
സിനിമയ്ക്ക് വേണ്ടി എന്റെ ലുക്ക് മാറ്റി. സിനിമയിൽ എന്റെ മൂക്കിൽ സെപ്റ്റം പിയേർസിങ് ഉണ്ട്. ഞാൻ അത് മുൻപ് ചെയ്തിട്ടില്ല. മൂക്കിലും ചെവിയിലും കുത്തി ഒാർണമെന്റ്റ് ഇട്ടു. ചെവിയിലേത് പഴുത്ത് ഊരിക്കളയേണ്ടി വന്നു. എനിക്ക് സൂചി ഭയങ്കര പേടി ആണ്. മൂക്കിൽ കുത്തിയപ്പോൾ ഞാൻ കരയുന്ന ഒരു വിഡിയോ ഉണ്ട്. കുത്തിക്കഴിഞ്ഞ് കുറേനേരം കരഞ്ഞു. അതൊക്കെ കഥാപാത്രത്തിന് വേണ്ടി ആണല്ലോ എന്നു കരുതിയാണ് സഹിച്ചത്. സിനിമയിൽ കാണുന്ന അത്ര ചെറിയ മുടി അല്ലായിരുന്നു എന്റേത്.
സിനിമയ്ക്ക് വേണ്ടി മുടി കുറച്ചു കളഞ്ഞു. ഐശ്വര്യയും വിശാഖും ഒക്കെ എന്നെ കളിയാക്കുന്നത് ‘ഫ്രണ്ട്സ്’ എന്ന സിനിമയിൽ ജയറാമേട്ടൻ പൊട്ടനായി അഭിനയിക്കുമ്പോഴുള്ള ലുക്ക് ആണ് എനിക്കെന്ന് പറഞ്ഞാണ്. എനിക്ക് തന്നെ എന്നെ കണ്ണാടിയിൽ കാണുമ്പോൾ പേടി തോന്നുമായിരുന്നു. ഞാൻ എന്നെ അങ്ങനെ കണ്ടിട്ടില്ല. സിനിമ ഇറങ്ങിയതിനു ശേഷം കണ്ടപ്പോൾ ഇഷ്ടപ്പെട്ടെങ്കിലും ആ കഥാപാത്രം ഇനിയും നന്നായി ചെയ്യാൻ കഴിയുമെന്ന് തോന്നി.

കുഞ്ഞുങ്ങൾ കണ്ടു പേടിക്കുന്നു
ഞാൻ മലയാളിയാണ്, മാവേലിക്കരയാണ് സ്വദേശം, ജനിച്ചു വളർന്നത് അബുദാബിയിലാണ്. അതുകഴിഞ്ഞ് പഠിക്കാൻ ബെംഗളൂരുവിലേക്ക് വന്നു. അച്ഛനും അമ്മയും ഇപ്പോഴും അബുദാബിയിൽ ആണ്. ഒരു ചേച്ചിയും ചേട്ടനും ഉണ്ട്. അവരും കലാകാരന്മാരാണ്. പണ്ടു മുതൽ ഞങ്ങൾ മൂന്നുപേരും എല്ലാ പരിപാടിയിലും പങ്കെടുക്കുന്നവരാണ്. അവരെല്ലാം പടം കണ്ടു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. അമ്മ പറഞ്ഞു, ‘മോളേ നീ വില്ലൻ റോൾ ഇനി ചെയ്യണ്ട കേട്ടോ’ എന്ന്. നമ്മുടെ അസ്സോസിയേറ്റ് ഡയറക്ടറുടെ കൂട്ടുകാരൻ പറഞ്ഞു, സിനിമ കണ്ടിട്ട് എന്നെ കണ്ട് അദ്ദേഹത്തിന്റെ കുഞ്ഞ് പേടിച്ചു, സ്വപ്നം കണ്ടു കരഞ്ഞു എന്ന്. ഇന്ന് ഞാൻ അവനൊരു വിഡിയോ മെസ്സേജ് അയച്ചു. ‘എടാ മോനേ, ഞാൻ ശരിക്കും പാവമാണ്. ഞാൻ അങ്ങനെ ഒന്നുമല്ല. എന്നെ കണ്ടു പേടിക്കണ്ട’ എന്നൊക്കെ പറഞ്ഞായിരുന്നു വിഡിയോ ഇട്ടത്. ഒരാളുടെ ദുഃസ്വപ്നത്തിന്റെ ഭാഗമാവുക എന്നത് വളരെ വിചിത്രമാണ്.
കഥാപാത്രത്തിലേക്ക് എത്താൻ വിശാഖ് സഹായിച്ചു
സിനിമയിൽ റംസാൻ ആയിരുന്നു എന്റെ പെയർ. പക്ഷേ റംസാനുമായി അധികം സീനുകൾ ഇല്ല. റംസാനുമായി വർക്ക് ചെയ്യാൻ വളരെ നല്ലതായിരുന്നു. കൂടുതൽ സീനുകൾ ഉള്ളത് വിശാഖ് ആയിട്ടായിരുന്നു. വിശാഖ് ഈ സിനിമയിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ്. വിശാഖ് കാരണമാണ് എന്റെ കഥാപാത്രം നന്നായി ചെയ്യാൻ പറ്റിയത്. വിശാഖ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അവനും തിയറ്ററിൽ നിന്നാണ് വരുന്നത്. അതുകൊണ്ട് എങ്ങനെ പറഞ്ഞാൽ എനിക്ക് മനസ്സിലാകും എന്ന് അവന് അറിയാം. എന്റെ കുഞ്ഞു സംശയങ്ങളെല്ലാം നന്നായി പറഞ്ഞു മനസ്സിലാക്കി തന്നിരുന്നു. വിശാഖ് ഇപ്പോൾ എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ വില്ലൻ ഗ്യാങ് മുഴുവൻ ഇപ്പോൾ സുഹൃത്തുക്കളാണ്. ഞങ്ങൾ ഒരുമിച്ചാണ് ഇപ്പോൾ തിയറ്റർ വിസിറ്റും ഇന്റർവ്യൂവും ഒക്കെ ചെയ്യുന്നത്.
സംതൃപ്തി തരുന്ന കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു
അഭിനയം എന്റെ പാഷൻ ആണ്. അതുകൊണ്ടാണ് തിയറ്റർ പഠിക്കാൻ പോയത്. ഇപ്പോൾ ഒരു സിനിമ ചെയ്യാൻ കഴിഞ്ഞു. ഇനിയും സിനിമകൾ ചെയ്യണം എന്നാണ് ആഗ്രഹം. സിനിമ അല്ലെങ്കിലും തിയറ്റർ ചെയ്യാനും ഇഷ്ടമാണ്. ഏതു കഥാപാത്രം കിട്ടിയാലും അത് പെർഫെക്റ്റ് ആയി ചെയ്യണം. കുറച്ച് ഡെപ്ത്ത് ഉള്ള, ചെയ്യുമ്പോൾ നമുക്ക് സംതൃപ്തി കിട്ടുന്ന കഥാപാത്രം ചെയ്യണം എന്നാണ് ആഗ്രഹം.