ADVERTISEMENT

വിമാനത്താവളത്തിലെ സീനാണ്. സാമുവലിനെ നാട്ടിലേക്കു കയറ്റി വിടാൻ എല്ലാവരും വന്നിട്ടുണ്ട്. യാത്ര പറഞ്ഞു സാമുവൽ ട്രോളിയും ഉന്തി അകത്തേക്കു നടന്നുപോയി. അവിടെ സിനിമ തീരുകയാണ്. പെട്ടെന്നു സാമുവൽ ട്രോളി നിർത്തി സൗബിന്റെ അടുത്തേക്കു നടന്നുവരുന്നു. ഇട്ടിരുന്ന ടീ ഷർട്ട് ഊരി സൗബിനു നീട്ടുന്നു. സൗബിൻ സ്വന്തം ടീ ഷർട്ട് ഊരി സാമുവലിനും. കണ്ടിരിക്കുന്നവരുടെ നെഞ്ചിൽ പെട്ടെന്ന് ഒരു സ്റ്റേഡിയത്തിലെ ആരവം ഉയരുകയാണ്. ഒരു തരിപ്പ്, രോമാഞ്ചം. കളി തീരുമ്പോൾ തോറ്റവനും ജയിച്ചവനും ഇല്ലാതാകുന്ന നിമിഷം. കണ്ണുനീർ വിയർപ്പിൽ അലിയുന്ന സമയം. അതിർത്തികളുടെ കുമ്മായവരകൾക്കു പകരം സ്നേഹത്തിന്റെ സുവർ‌ണ വരകൾ തെളിയുന്ന നിമിഷം. കൈമാറുന്നതു ജഴ്സിയല്ല. സ്വന്തം ചങ്കാണ്. അറിയാതെ കണ്ണു നിറഞ്ഞുപോകും.

sudani-new

 

സംസ്ഥാന ചലച്ചിത്ര അവാർഡിൽ 5 അവാർഡുകൾ നേടിയ സുഡാനി ഫ്രം നൈജീരിയ അവസാനിക്കുന്നത് ഇങ്ങനെ കണ്ണു നനയിച്ചു കൊണ്ടാണ്. ആ സ്നേഹം ജൂറി തിരിച്ചറിഞ്ഞതു കൊണ്ടാണു സക്കരിയ സംവിധാനം ചെയ്ത ആദ്യ സിനിമ തന്നെ സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ ഗോവണി കയറിപ്പോയത്. 

 

ചലച്ചിത്രോത്സവങ്ങളും ഷോർട്ട് ഫിലിമും സ്വപ്നങ്ങളുമായി നടന്നിരുന്ന മലപ്പുറം വളാഞ്ചേരിക്കാരൻ സക്കരിയ മുഹമ്മദ് സുഡാനി സംവിധാനം ചെയ്യുന്നതും സ്വപ്നം പോലെയാണ്. മുഷിൻ പരാരി എഴുതിയ കഥയും സക്കരിയ എഴുതിയ തിരക്കഥയുമായി രാജീവ് രവിയെന്ന സംവിധായകനെത്തേടിയെത്തിയതു രാജീവും സുഹൃത്തുക്കളും കൂടി  സിനിമയെടുക്കുന്ന സിനിമ കലക്റ്റീവ് എന്ന കൂട്ടായ്മയിൽ കയറിപ്പറ്റാൻവേണ്ടിയായിരുന്നു. 

sudani-soubin-scene-1

 

എല്ലാവരും കൂടി കുറച്ചു പണം ഒപ്പിച്ചിട്ടുണ്ടെന്നും രാജീവിനോടു പറഞ്ഞു. പക്ഷേ പണം വാങ്ങി പോക്കറ്റിലിടുന്നതിനു പകരം രാജീവ് രവി ഇവരെ നിർമാതാവ് സാരഥിയിലേക്കു തിരിച്ചുവിട്ടു. ഇതൊരു നല്ല സിനിമയാണെന്നും അതിനു നല്ല ശക്തനായൊരു നിർമാതാവു വേണമെന്നും രാജീവാണ് അവരെ ഓർമ്മിപ്പിച്ചു. സംഭവം ഉഗ്രനാണെന്നും ചാടി വീഴാതെ  ക്ഷമയോടെ കാത്തിരുന്നു നന്നായി ചെയ്യണമെന്നും പറയുന്നതു സാരഥിയാണ്. 

 

നല്ല സിനിമയെടുക്കുന്ന ഇ ഫോർ എന്റർടെയ്മെന്റ് ഉടമ സാരഥി തന്നെയാണു സൗബിൻ ഷാഹിറിലേക്കും മറ്റു നിർമാതാക്കളിലേക്കും സക്കരിയെ തിരിച്ചുവിടുന്നത്. പോകുന്നതിനു മുൻപു സാരഥി അവരോട് ഒരു കാര്യം കൂടി പറഞ്ഞു, ‘കൂട്ടുകാർ എല്ലാവരും കൂടി സമ്പാദിച്ച  പണം കളയാനാണു പരിപാടിയെങ്കിൽ നിങ്ങൾ നേരെ അറബിക്കടലിൽപ്പോയി എറിഞ്ഞു കളയുക. അതാണു നല്ലത്. സിനിമയെടുത്തു സമയം കളയേണ്ട. ഈ സിനിമ എടുത്ത് ഓടിക്കണമെങ്കിൽ അതിനു പരിചയമുള്ളവർ വേണം. നിങ്ങൾ അവരെ കാത്തിരിക്കണം. തിടുക്കപ്പെടരുത്.’ സൗബിനെ പറഞ്ഞു മനസ്സിലാക്കിയും സാരഥിയാണ്.

 

ഒരു ക്യാമറയും 4 ലൈറ്റും ഒരു ക്യാമറ സ്റ്റാൻഡും വച്ചാണു സുഡാനി ചിത്രീകരിച്ചത്. ചെലവുകുറയ്ക്കാൻ ശബ്ദം ലൈവായി റെക്കോർഡ് ചെയ്തു. ഷൂട്ടിങ് സ്ഥലത്തിനടുത്തു വീടുപണി നടത്തുന്നയാൾ ഒരു ദിവസം ഇവരെ വന്നു കണ്ടു പറഞ്ഞു, ‘ഒരു ദിവസം തട്ടടിക്കണം, അടുത്ത ദിവസം വാർക്കണം. അന്നു ശബ്ദമുണ്ടായാൽ നിങ്ങൾക്കു പ്രയാസമാകും. അതുകൊണ്ടു നിങ്ങൾ പറയുന്ന ദിവസം കോൺക്രീറ്റിങ് നടത്താം.’ സ്വന്തം വീടുപണിപോലും താരപ്രഭയില്ലാത്തൊരു സിനിമയ്ക്കു വേണ്ടി മാറ്റിവയ്ക്കുന്ന സൗമ്യമായ സ്നേഹം. സുഡാനി വളർന്നത് ഇത്തരം സ്നേഹത്തിനിടയിലാണ്. വളർന്നു വളർന്ന് 5 സംസ്ഥാന അവാർഡുകളാണു സുഡാനി നേടിയത്. തിരക്കഥയ്ക്കും മികച്ച ജനപ്രിയ ചിത്രത്തിനും നവാഗത സംവിധായകനും സ്വഭാവ നടിക്കും മികച്ച നടനും. 

 

സുഡാനിയിൽ രണ്ട് ഉമ്മമാരുണ്ട്. സരസ ബാലുശേരിയും സാവിത്രി ശ്രീധരനും. ക്യാമറയ്ക്കു മുന്നിൽ അഭിനയിക്കാനാകുമോ എന്നു നോക്കാനായി രണ്ടുപേരെയും വിളിച്ചു ഷൂട്ടു ചെയ്തു നോക്കി.  ഡയലോഗ് മിക്കതും തെറ്റിച്ചു പറഞ്ഞാണ് അവർ പോയത്. പിറ്റേന്നു വെളുപ്പിനു സാവിത്രി വിളിച്ചു പറഞ്ഞു, ‘മോനെ എന്നെ വിട്ടേക്ക്. അറിയാതെ അഭിനയിച്ചിട്ടു നിങ്ങടെ സിനിമ എടങ്ങേറാകര്ത്.’ സക്കരിയ പ്രതീക്ഷിച്ചത് ഈ മനസ്സു തന്നെയായിരുന്നു. സക്കരിയ പറഞ്ഞു, ‘നമുക്കു വേണ്ടത് ഇവരെത്തന്നെയാണ്.’ സാവിത്രിക്കും സരസയ്ക്കും സംസ്ഥാന അവാർഡ് കിട്ടി. 

 

നാലു ഷോർട്ട് ഫിലിമും രണ്ടു ടെലിഫിലിമും ചെയ്ത സക്കരിയ മനസ്സിൽ സിനിമ നിറച്ച് എത്രയോ ദിവസം ഉറങ്ങാതെ കിടന്നിട്ടുണ്ട്. പലയിടത്തും പല തിരക്കഥളുമായി അലഞ്ഞിട്ടുണ്ട്. പക്ഷേ രാജീവ് രവിയെക്കണ്ട് ഒരു വർഷത്തിനു ശേഷം സുഡാനി ചിത്രീകരിക്കാൻ തുടങ്ങി. 5 മാസത്തിനു ശേഷം അതു തിയറ്ററുകളെ ഇളക്കിമറിക്കുന്ന സെവൻസ് ഫുട്ബോൾ ഗ്രൗണ്ടുകളാക്കി മാറ്റി. സുഡാനി മലപ്പുറത്തെ പന്തുകളിയുടെ മാത്രം കഥയല്ല പറഞ്ഞത്. ഏറനാടൻ  സ്നേഹത്തിന്റെ കഥ കൂടിയാണ്. 

 

സിനിമയുടെ ഏണുംകോണുമറിയാവുന്ന ഒരുപാടു പേരെ മറികടന്നാണു സുഡാനി വല കുലുക്കിയത്. സംവിധായകന്റെ ആദ്യ സിനിമതന്നെ ഇത്രയേറെ അവാർഡുകൾ വാങ്ങുന്നത് അപൂർവമാണ്. ആദ്യ സിനിമതന്നെ കോടികൾ വാരുന്നതും അപൂർവം. തിയറ്ററിൽ നിന്നു പുറത്തു വരുന്നവർ നെഞ്ചോടു ചേർത്തു വച്ചിരുന്നതു സക്കരിയ എന്ന പുതുമുഖ സംവിധായകൻ ഊരി നൽകിയ സ്നേഹത്തിന്റെ ജഴ്സിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com