ധാരാവി ദിനേശ് ആയി ദിലീഷ് പോത്തൻ; കുടുകുടെ ചിരിപ്പിക്കാൻ ‘മനസാ വാചാ’, ട്രെയിലർ പുറത്ത്
Mail This Article
ദിലീഷ് പോത്തനെ നായകനാക്കി നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്യുന്ന ചിത്രമായ ‘മനസാ വാചാ’യുടെ ട്രെയിലർ പുറത്തിറങ്ങി. അടിമുടി നർമം നിറച്ചെത്തുന്ന ചിത്രത്തിലെ ചിരിക്കാഴ്ചകളാണ് ട്രെയിലറിൽ. മനോരമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനൽ വഴിയാണ് ട്രെയിലർ പ്രേക്ഷകർക്കരികിലെത്തിയത്. മാർച്ച് 1ന് ‘മനസാ വാചാ’ പ്രദർശനത്തിനെത്തും.
തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രമാണ് ‘മനസാ വാചാ’. ദിലീഷ് പോത്തനൊപ്പം പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ എന്നിവരും മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ധാരാവി ദിനേശ് എന്നാണ് ചിത്രത്തിൽ ദിലീഷ് പോത്തൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
മജീദ് സയ്ദ് തിരക്കഥയെഴുതിയ ‘മനസാ വാചാ’ സ്റ്റാർട്ട് ആക്‌ഷൻ കട്ട് പ്രൊഡക്‌ഷൻസ് ആണ് നിർമിക്കുന്നത്. ഒനീൽ കുറുപ്പ് സഹനിർമാതാവാകുന്നു. മോഷണം ഇതിവൃത്തമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ദിലീഷ് പോത്തൻ പ്രത്യക്ഷപ്പെടുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. എൽദോ ഐസക്ക് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റിങ്: ലിജോ പോൾ. സുനിൽ കുമാർ.പി.കെ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നു.