‘രേഖാചിത്രത്തിൽ’ നിങ്ങള്‍ കാണാതെ പോയ ബ്രില്യൻസ്; ഒടിടിയിലും കയ്യടി

Mail This Article
ആസിഫ് അലി–ജോഫിൻ ടി. ചാക്കോ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റർ ചിത്രം ‘രേഖാചിത്രത്തിന്’ ഒടിടിയിലും ഗംഭീര പ്രതികരണം. തിയറ്ററിൽ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയെ സംവിധായകന്റെ ചില ബ്രില്യൻസിനെക്കുറിച്ചും വാഴ്‌ത്തലുണ്ട്. ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി സിനിമയായതുകൊണ്ടു തന്നെ ‘കാതോടു കാതോരം’ സിനിമയിൽ നിന്നുള്ള രസകരമായ ചില കണക്‌ഷനുകൾ ഏറെ മനോഹരമായാണ് ‘രേഖാചിത്ര’വുമായി സംവിധായകൻ ബന്ധിപ്പിച്ചിരിക്കുന്നത്.
‘‘രേഖാചിത്രം, ബ്രില്യൻസ് വരവ് തുടങ്ങിയിട്ടെയുള്ളു. രേഖയുടെ കന്യാസ്ത്രീ വസ്ത്രം കീറിയത് ചുമ്മാ ഏതെങ്കിലും കമ്പിയിൽ കൊണ്ടല്ല. കാതോടു കാതോരത്തിലെ മേരിക്കുട്ടിക്കു വേണ്ടി ലൂയിസ് ഉണ്ടാക്കിക്കൊടുക്കുന്നതായി കാണിക്കുന്ന കാറ്റാടി ഫാനിന്റെ ലീഫിലെ കമ്പിയിൽ കൊണ്ടാണ്.’’–ജോസ്മോൻ വാഴയിൽ കണ്ടെത്തിയ ബ്രില്യൻസ് ഇതായിരുന്നു.
‘‘ഈ വർഷത്തെ സൂപ്പർഹിറ്റുകളിലൊന്ന് ഒടിടിയിലെത്തിക്കഴിഞ്ഞു. രേഖാചിത്രം. ഇനി അവരുടെ വരവാണ്, ആരുടെ ? ബ്രില്യൻസുകളുടെ. പഴയ ഭരതനും കമലിനുമൊപ്പം ബാക്‌ഗ്രൗണ്ടിൽ ഞാനിവിടെ കാണുന്നത്, ഒരു ട്രിപ്പിൾ ഡ്രം നടന്ന് പോവുന്നതാണ്- ദേവദൂതർ പാടിയെന്ന പാട്ടിനു വേണ്ടിയുള്ള ട്രിപ്പിൾ ഡ്രം.’’–കിരൺ എന്ന പ്രേക്ഷകൻ കണ്ടെത്തിയ ബ്രില്യൻസ്.

ഇതുപോലെ തിരക്കഥയും സംവിധാന മികവും അഭിനേതാക്കളുടെ പ്രകടനവും ഉൾപ്പടെ എല്ലാ മേഖലകൾക്കും മികച്ച പ്രതികരണമാണ് ഒടിടിയിലും ലഭിക്കുന്നത്. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എൺപതുകളിലെ മമ്മൂട്ടിയെ പുനരവതരിപ്പിച്ച രംഗങ്ങൾക്കും പ്രശംസ ലഭിക്കുന്നുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച എഐ വർക്കുകളിൽ ഒന്ന് എന്നാണ് ഈ രംഗങ്ങളെക്കുറിച്ച് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മറ്റ് ഇൻഡസ്ട്രികളിൽ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിനിമകൾ ചെയ്യുന്നതിന് പലരും കോടികൾ മുടക്കുകയും എന്നാൽ മോശം ഔട്ട്പുട്ടുകൾ ലഭിക്കുകയും ചെയ്യുമ്പോൾ ഇവിടെ വളരെ ചുരുങ്ങിയ ബജറ്റിൽ മികച്ച ഔട്ട്പുട്ടാണ് ജോഫിൻ ടി. ചാക്കോയും എഡിറ്റർ ഷമീർ മുഹമ്മദും ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്.
ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യൻ 2വിൽ നെടുമുടി വേണുവിനെയും, ‘ഗോട്ട്’ ചിത്രത്തിൽ വിജയകാന്തിനെയും പുനരവതരിപ്പിച്ചിരിക്കുന്ന രംഗങ്ങളെ താരതമ്യം ചെയ്തും നിരവധിപ്പേർ എത്തുന്നുണ്ട്. 9 കോടി ബജറ്റിൽ പൂർത്തിയാക്കിയ രേഖാചിത്രം ഏകദേശം എൺപത് കോടി രൂപയാണ് ബോക്സ്ഓഫിസിൽ നിന്നും നേടിയത്. കോടികൾ മുതൽ മുടക്കി ബ്രഹ്മാണ്ഡ സെറ്റും അനാവശ്യമായ വിഎഫ്എക്സും കുത്തിത്തിരുകി ബജറ്റ് ഇരട്ടിയാക്കുന്ന സിനിമാ പ്രവർത്തകർ ഈ ചിത്രത്തെ കണ്ടു പഠിക്കണമെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്.
അനശ്വര രാജൻ നായികയായെത്തിയ സിനിമയിൽ മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയടി നേടിയ സെറിൻ ശിഹാബ് തുടങ്ങി വലിയ ഒരു താരനിര തന്നെയാണ് അണിനിരന്നത്. ആസിഫ് അലിയുടെയും അനശ്വര രാജന്റെയും മികച്ച പ്രകടനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. 90 ലൊക്കേഷനുകളിലായി 60 ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ‘ദ പ്രീസ്റ്റ്’ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം
മലയാളത്തില്‍ അപൂര്‍വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമിച്ചത്.ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവിൽ രേഖാചിത്രം ഏറെ നിരൂപക പ്രശംസയും നേടി. അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയാറാക്കിയത്. കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു.
കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്‌ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പിആർഒ– മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.