മൊബൈലിൽ പ്രേതമോ?; ഇത് വെറും ഹൊററല്ല; ചതുർമുഖം റിവ്യു
Mail This Article
സ്വന്തം ഭാഷയിലുള്ള ഹൊറർ സിനിമകളോട് മലയാളിക്കു വലിയ പഥ്യമില്ല. ഹൊറർ ലേബലുള്ള പല മലയാള സിനിമകളും കണ്ട് പേടിച്ചതിനേക്കാളേറെ കരഞ്ഞിട്ടുള്ളതുകൊണ്ടാകാം അന്യഭാഷാ ഹൊറർ ചിത്രങ്ങൾക്കു പുറകെ നാം പോകുന്നത്. എന്നാൽ ഹൊറർ എന്ന പേരിൽ പ്രേക്ഷകരെ പീഡിപ്പിക്കാത്ത സിനിമയാണ് മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായി എത്തുന്ന ചതുർമുഖം. നാലു മുഖങ്ങളുടെ കഥ പറയുന്ന ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തും.
നമ്മുടെ കണ്ണുകൾകൊണ്ട് കാണാൻ സാധിക്കാത്ത ഊർജ തരംഗങ്ങൾ എപ്പോഴും അന്തരീക്ഷത്തിലുണ്ട്. മൊബൈൽ ഫോണ്‍ തരംഗങ്ങളും വൈദ്യുതിയുമെല്ലാം അതുതന്നെ. അതുപോലുള്ള ഊർജം മനുഷ്യ ശരീരത്തിലുമുണ്ട്. നാം മരിച്ചാലും നമ്മളിലെ ആ ഊർജം മറ്റൊരു രൂപത്തിലായി മാറുന്നു, ആ ഊർജമാണ് ചിത്രത്തിലെ നാലാമത്തെ മുഖം. മറ്റു മൂന്നു മുഖങ്ങളായി മഞ്ജു വാര്യരും സണ്ണി വെയ്നും അലൻസിയറുമെത്തുന്നു. ഒറ്റ വാക്കിൽ പറഞ്ഞാൽ, മലയാള സിനിമ അടുത്തകാലത്ത് കണ്ട ഏറ്റവും മികച്ച ഹൊറർ ചിത്രമാണ് ചതുർമുഖം.
മലയാളത്തിന് അന്യമായിരുന്ന ടെക്നോ ഹൊറർ ശൈലി നമുക്കു പരിചയപ്പെടുത്തുന്നു ഈ ചിത്രം. ചുറ്റുമുള്ള, എന്നും ഉപയോഗിക്കുന്ന വസ്തുകൾ നെഗറ്റീവ് എനർജിയായി ചിലപ്പോൾ ജീവനു തന്നെ ഭീഷണിയായേക്കാമെന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു. കാഴ്ചക്കാരെ ഉദ്വോഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ആദ്യ ഭാഗവും ചടുലമായ രണ്ടാം ഭാഗവും ഞെട്ടിക്കുന്ന ക്ലൈമാക്സും കൂടിയാകുമ്പോൾ ഇന്നുവരെ മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായി മാറുന്നു ചതുർമുഖം.
മഞ്ജു വാര്യർ അവതരിപ്പിക്കുന്ന, അവിവാഹിതയായ തേജസ്വിനി എന്ന കഥാപാത്രം മൊബൈലും സോഷ്യൽ മീഡിയയുമായി തലകുമ്പിട്ട് ജീവിക്കുന്ന, ന്യൂജെൻ എന്ന് പഴയ തലമുറ കളിയാക്കി വിളിക്കുന്ന ഇന്നത്തെ യുവത്വത്തിന്റെ പ്രതീകമാണ്. സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന ആന്റണിയും തേജസ്വിനിയും ബിസിനസ് പങ്കാളികളാണ്. പുതുതലമുറ യുവതീയുവാക്കളെപ്പോലെ ഫോൺ അഡിക്റ്റാണ് തേജസ്വിനി. എന്തിനും ഏതിനും മൊബൈൽ തന്നെ ശരണം. തന്റെ ഫോൺ നഷ്ടപ്പെട്ട തേജസ്വിനി കുറച്ചുകാലത്തേക്ക് വിലകുറഞ്ഞൊരു മൊബൈൽ ഓൺലൈനിൽ വാങ്ങുന്നു. ആ ഫോൺ തേജസ്വിനിയുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രതിസന്ധിയിലായ ആന്റണിയെയും തേജസ്വിനിയെയും സഹായിക്കാനെത്തുന്ന ആളാണ് അലൻസിയർ.
ഹൊറർ ചിത്രങ്ങൾ പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്നതിന്റെ പ്രധാന ഘടകം പശ്ചാത്തല സംഗീതമാണ്. ഡോണ്‍ വിന്‍സന്റിന്റെ സംഗീതം, പ്രത്യേകിച്ച് റിങ്ടോൺ കാഴ്ചക്കാരിൽ ഭീതിയുണ്ടാക്കും. അഭിനന്ദ് രാമാനുജത്തിന്റെ ദൃശ്യമികവും എടുത്തു പറയേണ്ടതാണ്. കാഴ്ചക്കാരിൽ ഞെട്ടൽ ഉളവാക്കുന്ന ദൃശ്യങ്ങളിൽ ഛായാഗ്രഹകന്റെ മികവ് കാണുന്നുണ്ട്.
ഒരു പതർച്ചയുമില്ലാതെയാണ് സലിൽ വി., രഞ്ജീത് കമല ശങ്കർ എന്നീ പുതുമുഖ സംവിധായകർ മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകൾ സമ്മാനിക്കുന്ന ടെക്നോ-ഹൊറർ ചിത്രം ഒരുക്കിയിരിക്കുന്നത്. കൊഹിനൂർ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ഈ കൂട്ടുകെട്ടിന്റെ ആദ്യ സംവിധാന സംരംഭവും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കും. മികച്ച സംവിധായക കൂട്ടുകെട്ടുകൾ പിറന്നിട്ടുള്ള മലയാള സിനിമയ്ക്ക് മുതക്കൂട്ടാകും ഇവർ. ശക്തമായ തിരക്കഥയിൽ കെട്ടിപ്പൊക്കിയ ചതുർമുഖത്തിന്റെ തിരക്കഥയും സംഭാഷണവും അഭയകുമാറും അനില്‍ കുര്യനും ചേർന്നാണ്.
മലയാള സിനിമയിലെ എണ്ണം പറഞ്ഞ അഭിനേതാക്കളായ മഞ്ജുവാര്യർ, സണ്ണിവെയ്ൻ, അലൻസിയർ കൂട്ടുകെട്ട് ചതുർമുഖത്തിനെ കൂടുതൽ മികവുറ്റതാക്കുന്നു. മൂവരുടേയും പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്. ജിസ്സ് ടോംസ് മൂവീസിന്റെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്‌ഷൻസുമായി ചേർന്ന് ജിസ്സ് ടോംസും ജസ്റ്റിൻ തോമസുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.