ADVERTISEMENT

ഗായിക ജ്യോത്സ്നയുടെ കുട്ടിക്കാലത്തെ കുസൃതിക്കഥ വെളിപ്പെടുത്തി അമ്മ ഗിരിജ. മഴവിൽ മനോരമയിലെ ജനപ്രിയപരിപാടിയായ സൂപ്പ‍ർ 4ന്റെ വേദിയിൽ അതിഥിയായി എത്തിയതായിരുന്നു ഗിരിജ. ജ്യോത്സ്നയെക്കുറിച്ച് അമ്മയോടു സംസാരിക്കുന്നതിനിടെ ജ്യോത്സ്നയ്ക്ക് അവസാനമായി അടി കൊടുത്തത് എപ്പോഴായിരുന്നു എന്ന് പരിപാടിയിലെ മത്സരാർഥികളിൽ ഒരാൾ ചോദിച്ചപ്പോഴുള്ള മറുപടിയായാണ് ഗായികയുടെ കുട്ടിക്കാലത്തെ ഒരു വികൃതിക്കഥ ഗിരിജ വെളിപ്പെടുത്തിയത്. കഥ ഇങ്ങനെ: 

‘ജ്യോത്സ്നയ്ക്ക് അടി കൊടുത്തത് ഒരുപാട് വർഷങ്ങൾക്കു മുന്‍പാണ്. എന്നാണെന്ന് എനിക്കു കൃത്യമായി ഓർമയില്ല. അബുദാബിയിലായിരുന്ന സമയത്താണത്. എനിക്ക് മൂത്ത ഒരു മകൾ കൂടിയുണ്ട് വീണ. ഇവർ രണ്ടു പേരും അബുദാബി ഇന്ത്യൻ സ്കൂളിൽ ആയിരുന്നു പഠിച്ചത്. സ്കൂളിൽ പോകുന്നതും വരുന്നതുമൊക്കെ ഒരുമിച്ചായിരുന്നു. ഒരു ദിവസം ക്ലാസ് കഴിഞ്ഞ് കരഞ്ഞു കൊണ്ടാണ് വീണ തിരിച്ചെത്തിയത്. കാര്യം തിരക്കിയപ്പോൾ അവൾ പറഞ്ഞു, അമ്മേ ചിന്നു (ജ്യോത്സ്ന) ബസില്‍ ഇല്ല, ചിന്നൂനെ കാണാനില്ല എന്ന്. കേട്ടപ്പോൾ ‍ഞങ്ങളും പേടിച്ചു. 

ഉടനെ സ്കൂളിലേയ്ക്ക് അന്വേഷിച്ചിറങ്ങാൻ തുടങ്ങിയപ്പോഴേയ്ക്കും പെട്ടെന്നൊരു ഫോൺ വന്നു. എടുത്തപ്പോഴേയ്ക്കും അമ്മേ ഞാൻ ചിന്നു ആണെന്ന് മറുതലയ്ക്കൽ നിന്നും കേട്ടു. സ്കൂളിൽ നിന്നാണു വിളിക്കുന്നതെന്നും പറഞ്ഞു. എന്താ അവിടെ നിന്നതെന്ന് അന്വേഷിച്ചപ്പോൾ പെട്ടെന്ന് ഐസ്ക്രീം കഴിക്കാൻ തോന്നി എന്നും കാന്റീനിൽ പോയി ഐസ്ക്രീം വാങ്ങി വന്നപ്പോഴേയ്ക്കും സ്കൂൾ ബസ് വിട്ടു പോയി എന്നുമായിരുന്നു മറുപടി. ഐസ്ക്രീം വാങ്ങാൻ പൈസ വേണ്ടേ എന്നു ഞാൻ ചോദിച്ചപ്പോൾ കുഴപ്പമില്ല സെക്യൂരിറ്റി അങ്കിളിന്റെ കയ്യിൽ നിന്ന് ഒരു ദിർഹം വാങ്ങി എന്നു പറ‍ഞ്ഞു. അന്നാണ് ജ്യോത്സ്നയെ അവസാനമായി അടിച്ചത്. 

അന്നത്തെ വികൃതിക്ക് അമ്മ സ്കെയിൽ വച്ചാണ് തല്ലിയതെന്ന് ജ്യോത്സ്നയും ഓർത്തെടുത്തു. ഇത്തരം ചില ചെറിയ കുസൃതികൾ കാണിച്ചിട്ടുണ്ടെങ്കിലും മറ്റു പ്രശ്നങ്ങളും വാശികളും ഒന്നും ഇല്ലായിരുന്നു എന്നും ഗിരിജ വേദിയിൽ പറഞ്ഞു. സൂപ്പർ 4ന്റെ വിധികർത്താക്കളിൽ ഒരാളാണ് ജ്യോത്സ്ന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com