കടലിന്നഗാധമാം നീലിമയിൽ അവൾ ഇപ്പോഴും അവനെയും കാത്തിരിക്കുന്നു; പക്ഷേ...
Mail This Article
അടുത്തിടെ ഒരു ട്രെയിൻയാത്രയ്ക്കിടയിലാണ് രവിശങ്കറിനെ വീണ്ടും ഓർമിച്ചത്. എംടി തിരക്കഥയെഴുതിയ ‘സുകൃതം’ എന്ന ചിത്രത്തിലെ നായകൻ. ചിത്രത്തിനൊടുവിൽ റെയിൽവേ പാളത്തിന്റെ ഒത്ത നടുവിലൂടെ കരിങ്കൽചുരത്തിന്റെ കറുത്ത തണുപ്പിലേക്ക് കാൽനടയായി യാത്രയാകുന്ന രവിയുടെ ആ വിഷ്വൽ ഇപ്പോഴും മനസ്സിലുണ്ട്. നിളയുടെ നിലാത്തീരങ്ങളിലൂടെ അയാൾ പണ്ടു പാടിനടന്ന വരികളും ഓർമയിലുണ്ട്.
ഭേദമാവില്ലെന്നുറപ്പിച്ച ഒരു തീരാവ്യാധി ബാധിച്ചനാൾതൊട്ട് ജീവിതത്തിൽനിന്നു മരണത്തിലേക്കു പിൻനടക്കാൻ തുടങ്ങിയതാണ് അയാൾ. ആ നടപ്പ് തീരുന്നത് അവിടെയാണ്; ആ കരിങ്കൽച്ചുരത്തിൽ. മരണത്തിനുമപ്പുറം മറ്റെങ്ങോട്ടോ ആ ചുരത്തിലൂടെ അയാൾ സഞ്ചരിച്ചെത്തിയിരിക്കണം എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഓരോ അസ്‌തമയവും അയാളെ നൊമ്പരപ്പെടുത്തിയിരുന്നു, ഇനിയൊരു പുലർച്ചയിലേക്ക് കൺതുറക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന് അയാൾ കരുതിയിരിക്കണം... ജീവിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പതിയെപ്പതിയെ മരിച്ച്, അതിലും പതിയെപ്പതിയെ പുനർജ്‌ജനിച്ച്, അടുത്ത ജന്മങ്ങൾ പോലും ജീവിച്ച്.... അയാളെ പോലെ മറ്റാർക്കു മനസ്സിലാകും, മുൻകൂട്ടിയറിയുന്ന മരണം ജീവിതത്തിന്റെ ഒരു ആഘോഷപര്യായമാണെന്ന്...
നഗരത്തിരക്കിലെ വലിയ ഉദ്യോഗം വിട്ടു നാട്ടുമ്പുറത്തെ വീട്ടുമുറിയിൽ അടച്ചിരിക്കുമ്പോഴും വല്ലപ്പോഴും ഇരച്ചുകയറുന്ന കാഴ്‌ചക്കാരുടെ മുന്നിൽ അവശത പുതച്ചു കിടക്കുമ്പോഴും, എന്തിനും കൂടെനിന്ന ചെറുപ്പക്കാരനായ സുഹൃത്തിന്റെ കാമം പുരണ്ട കണ്ണേറുകളിലേക്കു സ്വന്തം ഭാര്യയെ വിട്ടുകൊടുക്കുമ്പോഴും രവി സ്വപ്‌നത്തിൽ പോലും ചിന്തിച്ചില്ല, കാർന്നുതിന്നു രുചി കെടുമ്പോൾ മരണം തന്റെ ഉടലിൽ ഉയിരു പിന്നെയും ബാക്കിവച്ച് കടന്നു കളയുമായിരുന്നുവെന്ന്. അയാൾ വീണ്ടുമൊരിക്കൽകൂടി ജീവിതത്തിലേക്കു പിൻനടക്കുമെന്ന്... ജീവിതത്തിലേക്കുള്ള ആ തിരിച്ചുവരവായിരുന്നു മരണത്തേക്കാൾ അയാൾക്കു ഭയാനകമായത്. മറ്റുള്ളവരുടെയെല്ലാം മനസ്സിൽ താൻ എന്നേ മരിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന തിരിച്ചറിവോടെയാണ് അയാൾ ആ പാളങ്ങളിലൂടെ പിൻനടക്കുന്നത്. ആ സങ്കടക്കാഴ്ചയിലും ഞാൻ ഓർമിച്ചതു രവിയെ പ്രണയിച്ചു കാത്തിരുന്ന ദുർഗയെന്ന പെൺകുട്ടിയെക്കുറിച്ചായിരുന്നു; അവളുടെ കാത്തിരിപ്പു കടലിന്റെ അഗാധനീലിമയെക്കുറിച്ചുമാത്രമായിരുന്നു.
ഗാനം: കടലിന്നഗാധമാം നീലിമയിൽ
ചിത്രം: സുകൃതം
രചന: ഒഎന്‍വി
സംഗീതം: ബോംബെ രവി
ആലാപനം: കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര
കടലിന്നഗാധമാം നീലിമയിൽ
കതിർ ചിന്നും മുത്തു പോലെ പവിഴം പോലെ
കമനി നിൻ ഹൃദയത്തിന്നാഴത്തിലാരാരും
അറിയാതെ കാത്തു വെച്ചതേതു രാഗം
അരുമയാം അനുരാഗ പത്മരാഗം
കതിർ ചിന്നും മുത്തു പോലെ പവിഴം പോലെ (കടലിന്ന...)
നിൻ നേർക്കെഴുമെൻ നിഗൂഡമാം രാഗത്തിൻ
ചെമ്മണി മാണിക്യം (2)
എന്റെ മനസ്സിന്നഗാധ ഹൃദത്തിലുണ്ടി-
ന്നതെടുത്തു കൊൾക ആ...........(കടലിന്ന....)
നർത്തനമാടുവാൻ മോഹമാണെങ്കിലീ
ഹൃത്തടം വേദിയാക്കൂ (2)
എന്നന്തരംഗ നികുഞ്ജത്തിലേതോ
ഗന്ധർവൻ പാടാൻ വന്നൂ ആ......(കടലിന്ന..)