‘ആ ഗാനം ഇവിടെ ആലപിക്കില്ല, അതെന്റെ ഹൃദയമാണ്’; ആരാധകന്റെ ആവശ്യം നിഷേധിച്ച് അർജിത് സിങ്
Mail This Article
യുകെയില്‍ സംഗീതപരിപാടി അവതരിപ്പിക്കവെ ‘ആർ കോബെ’ എന്ന ഗാനം ആലപിക്കാമോ എന്ന ആരാധകന്റെ ആവശ്യം നിഷേധിച്ച് ഗായകൻ അർജിത് സിങ്. കൊൽക്കത്തയിലെ ആർജികാർ മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട യുവഡോക്ടർക്കു നീതി വേണമെന്നാവശ്യപ്പെട്ട് പൊട്ടിപ്പുറപ്പെട്ട് പ്രതിഷേധങ്ങൾക്കു പിന്തുണയറിയിച്ച് അർജിത് സിങ് ഒരുക്കിയ ഗാനമാണ് ‘ആർ കോബെ’. ആ ഗാനം ആലപിക്കേണ്ട ഇടം യുകെ അല്ലെന്നും കൊൽക്കത്തയിലെ തെരുവുകളാണെന്നും ഗായകൻ വേദിയിൽ പറഞ്ഞു.
‘പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് ഞാൻ ആർ കോബെ രചിച്ചത്. ഇവിടെ കൂടിയിരിക്കുന്ന ആളുകൾ പ്രതിഷേധിക്കാനെത്തിയവരല്ല. അവർ എന്റെ ഗാനങ്ങൾ ആസ്വദിക്കാനാണ് വന്നത്. ഇതെന്റെ തൊഴിലാണ്. ആർ കോബെ ആലപിക്കേണ്ട യഥാർഥ ഇടം ഇവിടെയല്ല. നിങ്ങൾ കൊൽക്കത്തയിലേക്ക് പോകൂ. അവിടെയാണ് ആർ കോബെ ആലപിക്കപ്പെടേണ്ടത്. വരുമാനം ലക്ഷ്യമിട്ടുകൊണ്ടല്ല ഞാൻ ആർ കോബെ ഒരുക്കിയത്. ആ ഗാനം ആർക്കു വേണമെങ്കിലും ഉപയോഗിക്കാം. എന്നാലിവിടെ ഇപ്പോൾ ഞാനത് പാടില്ല. അതെന്റെ ഹൃദയമാണ്. ആസ്വാദനത്തിനു വേണ്ടി പാടേണ്ടതല്ല ആ ഗാനം’, അർജിത് സിങ് പറഞ്ഞു.
യുവഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ തെരുവിലിറങ്ങി സമരം ചെയ്തപ്പോഴാണ് പാട്ടിലൂടെ പിന്തുണയറിയിച്ച് അർജിത് സിങ് രംഗത്തെത്തിയത്. 3 ആഴ്ചകൾക്കു മുൻപ് പുറത്തിറങ്ങിയ ഗാനം ഇതിനകം 2.5 മില്യൻ പ്രേക്ഷകരെ നേടി. സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിൽ അണിനിരക്കാൻ പ്രചോദനമാകുന്ന ‘ആർ കോബെ’ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ഷെയർ ചെയ്തിരുന്നു. പ്രത്യാശയുടെ ശബ്ദവും നീതിക്കുവേണ്ടിയുള്ള പോരാട്ടവും മാറ്റത്തിനു വേണ്ടിയുള്ള ഉത്തേജനവുമായാണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിയത്.