ഔസേപ്പച്ചന്റെ ഈണം പാടി സുഷിൻ ശ്യാം; ‘മാലോകരേ...’ ഏറ്റെടുത്ത് പ്രേക്ഷകർ

Mail This Article
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ‘മച്ചാന്റെ മാലാഖ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘മാലോകരേ...’ എന്നു തുടങ്ങുന്ന ഗാനം സുഷിൻ ശ്യാം ആണ് ആലപിച്ചത്. ഗാനരംഗത്തിൽ സുഷിൻ പ്രത്യക്ഷപ്പെടുന്നുമുണ്ട്. സിന്റോ സണ്ണിയാണ് പാട്ടിനു വരികൾ കുറിച്ചത്. ഔസേപ്പച്ചൻ ഈണമൊരുക്കി.
ചിത്രത്തിന്റെ ആശയമാണ് പാട്ടിന്റെ വരികളിൽ ഉൾപ്പെടുത്തിയിരിക്കുന്നെന്നും സുഷിൻ ശ്യാമിന്റെ ആലാപനവും അഭിനയവും തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്നും ഔസേപ്പച്ചൻ മനോരമ ഓൺലൈനിനോടു പ്രതികരിച്ചു. താൻ ഈണമൊരുക്കിയ ഗാനം മറ്റൊരു സംഗീതസംവിധായകനായ സുഷിൻ ആലപിച്ചതിൽ വലിയ സംതൃപ്തിയും അഭിമാനവും തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.
കാലിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഫാമിലി എന്റർടെയിനർ ആണ് ‘മച്ചാന്റെ മാലാഖ’. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് ചിത്രത്തിന്റെ നിർമാണം. ജാക്സൺ ആന്റണിയുടെ കഥയ്ക്ക് അജീഷ്.പി.തോമസ് തിരക്കഥ രചിച്ചിരിക്കുന്നു. ചിത്രത്തിൽ മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരും വേഷമിടുന്നു.