രാജസൂയം കഴിഞ്ഞ് മങ്കൊമ്പിന്റെ മടക്കം

Mail This Article
മലയാള ചലച്ചിത്ര ഗാനരചനയുടെ തീരത്തേക്ക്, കാവാലം നാരായണപ്പണിക്കർക്കു മുൻപേ തുഴഞ്ഞെത്തിയതാണു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്ന കുട്ടനാട്ടുകാരൻ. അച്ഛനുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം എനിക്കു കേട്ടറിവു മാത്രമാണ്. 1974 മുതൽ സജീവമായിരുന്നു ആ രചനാകൗശലം. ഒരുപക്ഷേ അന്യഭാഷാചിത്രങ്ങൾ മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്തപ്പോൾ, ഏറ്റവുമധികം മലയാളികളല്ലാത്ത സംഗീത സംവിധായകർക്കു വേണ്ടി, കൂടുതൽ വട്ടം അക്ഷരങ്ങളെ ചിന്തേരിട്ടു ഗാനങ്ങളാക്കിയ രചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണനാകാം.
1974ലെ ‘അലകൾ’ എന്ന ചിത്രത്തിലെ ദക്ഷിണാമൂർത്തി സ്വാമി കാംബോജിയിൽ ചിട്ടപ്പെടുത്തിയ ‘അഷ്ടമിപ്പൂത്തിങ്കളേ...’ എന്ന ഗാനത്തിലൂടെയാണ് മറ്റു മഹാരഥന്മാരുടെ കാലത്ത് എന്റെ ആസ്വാദനത്തെ അദ്ദേഹം മധുരിപ്പിച്ചത്. ‘അയലത്തെ സുന്ദരി’യിലെ (1974) ‘ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ...’ എന്ന പാട്ടു കേട്ടപ്പോൾ, അദ്ദേഹമെഴുതിയ അതിലെ അനുപല്ലവിയിലെ ‘മുഖക്കുരു മുളയ്ക്കുന്ന’ പ്രായമാണ് എനിക്ക്. പിന്നീടങ്ങോട്ട് എഴുത്തിന്റെ ഒഴുക്കു നിലയ്ക്കാത്തതായിരുന്നു. നാടൻ പാട്ടിന്റെ മടിശ്ശീല കിലുക്കി ഏറെ. എങ്കിലും എന്റെ കൗമാര കൗതുകങ്ങൾക്ക് ഉൾപ്പുളകങ്ങളെയാണു കൂടുതൽ സമ്മാനിച്ചത്.
അമ്മിണി അമ്മാവൻ എന്ന ചിത്രത്തിലെ അദ്ദേഹം രചിച്ച ഗാനത്തിന്റെ പല്ലവിയോടെ ഈ ഓർമക്കുറിപ്പ് ആദരവോടെ, അഞ്ജലിയോടെ ചുരുക്കുന്നു: ‘രാജസൂയം കഴിഞ്ഞു, എന്റെ രാജയോഗം തെളിഞ്ഞു...’. വൈവിധ്യങ്ങളുടെ രചനാ വീഥികളിലൂടെ രാജയോഗം തെളിഞ്ഞ അദ്ദേഹം രാജസൂയം കഴിഞ്ഞു തൂലിക താഴെ വച്ചു യാത്രയായി.