ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഏറ്റവും ലളിതമായ, അതിലേറെ മനോഹരമായ ഈണങ്ങൾ കൊണ്ട് എന്നും വിസ്മയിപ്പിച്ചിട്ടുള്ള സംഗീതസംവിധായകനാണ് ജോൺസൺ. എവിടെയോ നഷ്ടപ്പെട്ട, ഇപ്പോഴും ഉള്ളിലുള്ള ആ പഴയ ഗ്രാമീണതയുടെ താളമാണ് എന്നും ജോൺസന്റെ സംഗീതത്തിന്. ഒപ്പം കൈതപ്രത്തിന്റെ ലാളിത്യം നിറഞ്ഞ വരികൾ കൂടി ചേരുമ്പോൾ നഗരത്തിതിരക്കിൽ നിന്നു മാറി ഏതോ ഒരു ഗ്രാമത്തിലെ പാടവരമ്പത്ത് നനുത്ത കാറ്റേൽക്കുന്ന കുളിർമയാണ് മനസ്സിൽ തോന്നുക...

 

അങ്ങനെ ആ ഗ്രാമീണതയിലേക്ക് കണ്ണും മനസ്സും നിറച്ചു നിൽക്കുമ്പോൾ, ആ കാറ്റിന്റെ പതിഞ്ഞ താളത്തിൽ യേശുദാസിന്റെ സ്വരമാധുരിയോടെ ഒരു ഗാനം ഒഴുകിയെത്തും...

 

 

‘മഞ്ചാടിമണികൊണ്ടു മാണിക്യക്കുടം നിറഞ്ഞൂ

തില്ലാനപാടുന്ന വനമലര്‍ക്കിളിയായ് മനസ്സ്

തങ്കമനസ്സ്...

 

ആരതിപൂത്തിങ്കള്‍ ദൂരെ തൊഴുതുണര്‍ന്നൂ

കുളിരാംകുന്നിലായ്

നിഴലൂര്‍ന്നു വീണവഴിനീളേ

തുടിമഞ്ഞുതിര്‍ന്നു പോയ്...’

 

1992 ൽ പുറത്തിറങ്ങിയ ‘ആധാരം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. മുരളി, സുരേഷ് ഗോപി, ഗീത സുധീഷ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് ജോർജ് കിത്തു സംവിധാനം ചെയ്ത ആധാരത്തിന് തിരക്കഥയൊരുക്കിയത് ലോഹിതദാസാണ്. മലയാളത്തിലെ ക്ലാസിക്കുകളിൽ ഒന്നായ ആധാരത്തിലൂടെ ജോർജ് കിത്തുവിന് ആ വർഷത്തെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും മുരളിക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു.

 

വെറും സാധാരണക്കാരായ മനുഷ്യരുടെ ജീവിതയാഥാർഥ്യങ്ങളിലേക്ക്, അവരുടെ സന്തോഷത്തിലേക്കും സങ്കടങ്ങളിലേക്കും ക്യാമറ വച്ച അനുഭവമായിരുന്നു ആധാരം. ഈ പാട്ടും അതുപോലെ തന്നെ... 

 

അങ്ങേയറ്റം സ്വാഭാവികമായി ഒരു ഗ്രാമത്തിന്റെ കാഴ്ചകളിലേക്ക് സിനിമ സഞ്ചരിക്കുന്നു. തോടും പാടവും പുഴയും ചെറിയ നാട്ടുവഴികളും അമ്പലവും പള്ളിയുമൊക്കെയുള്ള തനതു കാഴ്ചകളിലേക്കും അവിടുത്തെ മനുഷ്യരിലേക്കും അവരുടെ ദിനചര്യകളിലേക്കും കണ്ണോടിക്കുന്ന രീതിയിലാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. അവരോരുത്തരുടേയും ജീവിതവും ആ നാടിന്റെ തുടിപ്പുമെല്ലാം ഈ ഗാനത്തിന്റെ ഈണത്തിലും വരികളിലും ചേർന്നു നിൽക്കുന്നു. 

 

കേൾക്കുമ്പോൾ തന്നെ മനസ്സു നിറയ്ക്കുന്ന, ആ മായാത്ത ഓർമയുടെ ഈണം തന്നെയാണ് ഈ ഗാനത്തെ എന്നും മലയാളികളുടെ ഏറ്റവും പ്രിയ ഗാനങ്ങളിൽ ഒന്നാക്കി മാറ്റുന്നത്...

 

 

ചിത്രം: ആധാരം

 

സംഗീതം: ജോൺസൺ

 

രചന: കൈതപ്രം

 

ആലാപനം: യേശുദാസ്

 

 

"മഞ്ചാടിമണികൊണ്ടു മാണിക്യക്കുടം നിറഞ്ഞൂ..

തില്ലാനപാടുന്ന വനമലര്‍ക്കിളിയായ് മനസ്സ്

തങ്കമനസ്സ്

ആരതിപൂത്തിങ്കള്‍ ദൂരെ തൊഴുതുണര്‍ന്നൂ

കുളിരാംകുന്നിലായ്

നിഴലൂര്‍ന്നു വീണവഴിനീളേ

തുടിമഞ്ഞുതിര്‍ന്നു പോയ്..

മഞ്ചാടിമണികൊണ്ടു മാണിക്യക്കുടം നിറഞ്ഞൂ

 

തന്താനാനതന്താനാന.............

 

ചിറ്റോലഞൊറികള്‍ കിങ്ങിണിത്തോണിയില്‍

മെല്ലെത്തഴുകുമ്പോള്‍

അലകളില്‍ പുഞ്ചിരിനുരയുമ്പോള്‍

ആല്‍ത്തറക്കാവിലെ മണ്ഡപക്കോണിലായ്

മിഴികൂമ്പി മൌനമാര്‍ന്നതെന്തേ കളമൊഴിയേ

അമ്പലമണികള്‍ തേടുകയായ്

നിന്‍ശ്രുതിമന്ത്രം

കാണാക്കൊമ്പില്‍ സാന്ദ്രമൊഴുകി വേണുഗാനം

മഞ്ചാടിമണികൊണ്ടു

മാണിക്യക്കുടം നിറഞ്ഞൂ....

 

തന്താനാനതന്താനാന.............

 

ആ നീലലതയില്‍ മധുരനൊമ്പരം

ഇതളായ് മിഴിയുകയായ്

മിഴികളില്‍ മിഴിനീര്‍ മായുകയായ്

മാര്‍കഴിച്ചേലുമായ് കാര്‍ത്തികപ്പന്തലില്‍

പൊന്‍വീണമീട്ടി വന്ന ദേവീ ഋതുദേവീ

തിരുവായ്മൊഴിയായ് പൂമാതില്‍ സ്വരജതിയെവിടെ

നീരാജനമായ് ശ്രീവിടര്‍ത്തും ദീപമെവിടെ?

 

മഞ്ചാടിമണികൊണ്ടു മാണിക്യക്കുടം നിറഞ്ഞൂ

തില്ലാനപാടുന്ന വനമലര്‍ക്കിളിയായ് മനസ്സ്

തങ്കമനസ്സ്

ആരതിപൂത്തിങ്കള്‍ ദൂരെ തൊഴുതുണര്‍ന്നൂ

കുളിരാംകുന്നിലായ്

നിഴലൂര്‍ന്നു വീണവഴിനീളേ

തുടിമഞ്ഞുതിര്‍ന്നു പോയ്

 

മഞ്ചാടിമണികൊണ്ടു മാണിക്യക്കുടം നിറഞ്ഞൂ

തില്ലാനപാടുന്ന വനമലര്‍ക്കിളിയായ് മനസ്സ്..."

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com