ADVERTISEMENT

പാന്റ്സ് വിൽക്കാൻ പാന്റലൂൺ ബ്രാൻഡുമായിട്ടാണ് കിഷോർ ബിയാനി തുടങ്ങിയത്. 1987. തനി മാർവാഡി. രാജസ്ഥാനിലെ മാർവാർ പ്രദേശത്തു നിന്നു തലമുറകൾക്കു മുമ്പേ മുംബൈയിൽ കുടിയേറിയതാണ്. ആയിരക്കണക്കിനു കോടികൾ കടമെടുത്ത്, ഡസൻകണക്കിനു ബ്രാൻഡുകളുണ്ടാക്കി. അതിൽ ബിഗ്ബസാർ പോലെ ചിലതൊക്കെ ഹിറ്റായി. ഒടുവിൽ എല്ലാം കൂടി മാനേജ് ചെയ്യാൻ പറ്റാതെ റിലയൻസിനു വിറ്റ് മാറാൻ നോക്കുമ്പോഴാണ് ആമസോൺ ക്ളിപ്പിട്ടത്.

ബിസിനസിൽ അത്യാഗ്രഹം നല്ലതോ ചീത്തയോ? കൊക്കിൽ കൊള്ളുന്നതു മാത്രമേ കൊത്താവൂ എന്നുണ്ടോ? അത്യാഗ്രഹം അത്യാപത്തായി മാറിയതിനും അല്ലാത്തതിനും ഉദാഹരണങ്ങളുണ്ട്. നമ്മുടെ നാട്ടിൽ, കാശുള്ള ബിസിനസുകാരൻ എന്നാൽ എത്ര കോടിയുടെ ആസ്തി കണ്ടേക്കും? ഓണാട്ടുകര ഭാഷയിൽ കൊച്ചാട്ടൻ ഒന്ന് ഊഹിച്ചാട്ടെ....

ഏതാണ്ട് 15 കോടിയുടെ ‘മൊതല്’ കണ്ടേക്കുമല്യോ? പെട്രോൾ പമ്പും ഗ്യാസ് ഏജൻസിയും ബാർ ഹോട്ടലും ഓരോന്നു വീതം. വലിയൊരു വീടുവച്ച് ബടാ കാറും വാങ്ങി ചില ക്ളബ്ബുകളിലൊക്കെ അംഗമായി സുഖമായി കഴിയും. അതിനപ്പുറത്തേക്കു പോകുന്നവർ ചുരുക്കം. അതിനപ്പുറത്തു പോയിട്ടും നിൽക്കാതെ ലോകത്തെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയാവണം, വാൾമാർട്ടിനെ വെല്ലണം, ഒരു ലക്ഷം കോടി ഡോളറിന്റെ (ട്രില്യൻ) ആസ്തി വേണം എന്നൊക്കെ ആഗ്രഹിച്ചതാണു ബിയാനിക്കു പറ്റിയ പറ്റ്. ബിയാനിയുടെ ബ്രാൻഡുകളെത്ര? സെൻട്രൽ, ഫ്യൂച്ചർ ഫാഷൻ, സപ്ളൈചെയിൻ, ഇന്നോവേഴ്സിറ്റി, ഈസിഡേ, നീൽഗിരിസ്, ഫർണിച്ചറിന് ഹോംടൗൺ, ആഡംബര വസ്ത്രങ്ങൾക്ക് ബ്രാൻഡ് ഫാക്ടറി, പ്ളാനറ്റ് സ്പോർട്സ്....സ്വന്തം ബ്രാൻഡിൽ സോപ്പ് പൊടിയും ടൂത്ത് പേസ്റ്റും വരെ ഇറക്കി.

റീട്ടെയിൽ കച്ചവടം പോരാഞ്ഞിട്ട് ഇൻഷുറൻസിലേക്ക് ചാടി. ഫ്യൂച്ചർ ജനറാലി എന്ന പേരിൽ തുടങ്ങിയ ഇൻഷുറൻസിൽ കൈപൊള്ളി. കടങ്ങൾ 24000 കോടി കവിഞ്ഞു, അതിൽ 12778 കോടി ബാങ്ക് കടം മാത്രം. ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളെല്ലാം പണയം വച്ച് കടമെടുത്തു. കാര്യങ്ങൾ കുഴഞ്ഞപ്പോൾ ഓഹരി വിലകൾ 90% വരെ ഇടിഞ്ഞു. ഇനി ബിയാനിയുടെ തകർച്ച ബിസിനസ് സ്കൂളുകളിൽ പാഠമാകും. പാളിയത് എവിടെയൊക്കെ എന്നു പിള്ളേരെ പഠിപ്പിക്കും.

 ആദ്യപാഠം–ഐഡിയ ഉണ്ടാവുന്നതു നല്ലതാണ്, പക്ഷേ ദിവസം കാലത്ത് എഴുന്നേൽക്കുമ്പോൾ 10 പുതിയ ആശയങ്ങൾ വരുന്നത് അപകടമാവും. ദിവസവും ബിയാനി മുതലാളി തന്റെ മാനേജർമാർക്കു മുന്നിൽ വീശിയ ആശയങ്ങൾ മുഴുവൻ നടപ്പാക്കാൻ ആരെക്കൊണ്ടും പറ്റില്ലായിരുന്നു. വൈവിധ്യവൽക്കരണം കൂടിപ്പോയി. ആനയെ ആഗ്രഹിച്ചാൽ ആട് കിട്ടിയേക്കും.

ഒടുവിലാൻ∙ ബിയാനി ബോളിവുഡ് സിനിമാ പിടിത്തവും നടത്തി, 2 പടം പിടിച്ചു. 26 കോടി പൊട്ടി, വച്ചുകെട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com