വെള്ളൂരിൽ ന്യൂസ് പ്രിന്റ് നിർമാണം ആറു മാസത്തിനുള്ളിൽ
Mail This Article
കോട്ടയം ∙ സംസ്ഥാന സർക്കാർ ഏറ്റെടുത്ത വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ– പഴയ എച്ച്എൻഎൽ) ആറു മാസത്തിനുള്ളിൽ ന്യൂസ് പ്രിന്റ് നിർമാണം ആരംഭിക്കാൻ സർക്കാർ തീരുമാനം. കെപിപിഎല്ലിന്റെ പുനരുജ്ജീവനത്തിന് തയാറാക്കിയ കർമ പദ്ധതി വ്യവസായ വകുപ്പ് മുഖ്യമന്ത്രിക്കു സമർപ്പിച്ചു. കമ്പനി തുറക്കുന്നതിനു മുന്നോടിയായി 11ന് വ്യവസായ മന്ത്രി പി. രാജീവ് വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെ യോഗം വിളിച്ചു. അന്നു തന്നെ വെള്ളൂരിൽ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കുന്ന സമ്മേളനവും സിപിഎം നടത്തും.
നാലു ഘട്ടങ്ങളിലായി നാലു വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്നതാണ് വ്യവസായ വകുപ്പ് തയാറാക്കിയ കർമ പദ്ധതി. ന്യൂസ്പ്രിന്റ് ഉൽപാദനത്തോടെ കമ്പനി പുനരാരംഭിച്ച് വൈവിധ്യവൽക്കരണത്തിലൂടെ പാക്കിങ് കേസുകളും പ്രിന്റിങ് പേപ്പറുകളും ഉൽപാദിപ്പിക്കണമെന്നാണ് കർമപദ്ധതിയിലെ പ്രധാന ശുപാർശ. ആറു മാസത്തിനുള്ളിൽ ഒന്നാംഘട്ട പ്രവർത്തനം ആരംഭിക്കും. ഒന്നും രണ്ടും ഘട്ടങ്ങളിൽ കമ്പനിയുടെ പ്രവർത്തന ചെലവിനുള്ള 125 കോടി സർക്കാർ നൽകണം. മൂന്നും നാലും ഘട്ടങ്ങളിലെ വികസനത്തിനുള്ള പണം കമ്പനി സ്വയം കണ്ടെത്തും. അതേസമയം എച്ച്എൻഎൽ ജീവനക്കാരുടെ നിയമനവും മറ്റു കാര്യങ്ങളും സംബന്ധിച്ച ചർച്ച നടക്കുന്നതേയുള്ളു.