ഇന്ത്യൻ വിപണിയെ വിശ്വസിക്കാം; വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപത്തിൽ വർധന
Mail This Article
ന്യൂഡൽഹി: മേയ് മാസത്തിൽ വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപത്തിൽ (ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റ്‍മെന്റ്) വൻ വർധനവ്. ഇന്ത്യൻ വിപണിയിൽ ഓഹരികള്‍ മൂല്യം വീണ്ടെടുത്തത് എഫ്‍പിഐകളെ ആകർഷിച്ചു. ഈ മാസം ഇതുവരെ 37,316 കോടി രൂപയാണ് വിപണിയിലേക്ക് നിക്ഷേപമായി എത്തിയത്.
കഴിഞ്ഞ 6 മാസത്തിനിടെ എഫ്‍പിഐകളുടെ ഏറ്റവും ഉയർന്ന നിക്ഷേപമാണിത്. 2022 നവംബറിൽ 36,239 കോടിയുടെ നിക്ഷേപം നടന്നതാണ് ഇതിനു മുൻപത്തെ റെക്കോർഡ്. യുഎസിൽ കടമെടുപ്പു പരിധി ഉയർത്തുന്നതു സംബന്ധിച്ച വിഷയങ്ങളിൽ തീരുമാനമാകാത്തതാണ് ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റേർസിനെ അമേരിക്കൻ വിപണിയിൽ നിന്നു ഇന്ത്യയിലേക്കെത്തിക്കുന്നത്. രാജ്യത്തെ മാക്രോ ഇക്കണോമിക് ഡാറ്റ മികച്ചതായതും എഫ്‍പിഐകളെ ആകർഷിച്ചു.
മേയ് 2 മുതൽ 26 വരെയാണ് 37,317 കോടിയുടെ നിക്ഷേപം വിപണിയിലുണ്ടായത്. ഏപ്രിലിൽ 11,630 കോടിയും മാർച്ച് മാസത്തിൽ വെറും 7,936 കോടിയുടെ നിക്ഷേപവുമാണ് മാർക്കറ്റിൽ വിദേശ സ്ഥാപനങ്ങള്‍ നടത്തിയത്. മാർച്ചിലെ കണക്കെടുത്താൽ അദാനി ഗ്രൂപ്പിലേക്ക് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിക്യൂജി പാർട്ട്നേർസിന്‍റേതാണ് നിക്ഷേപത്തിന്റെ സിംഹഭാഗവും. ഏപ്രിൽ മേയ് മാസത്തിലായി 34,000 കോടിയാണ് മാർക്കറ്റിൽ നിന്നും എഫ്‌പിഐകൾ പിൻവലിച്ചത്. ഇത് തിരിച്ചു വിപണിയിലേക്കെത്തുന്നത് നേട്ടമാണ്.
വിപണിയിൽ നിക്ഷേപം വർധിച്ചതോടെ നിഫ്റ്റി 2.4 % വരെ നേട്ടമുണ്ടാക്കി. മേയ് മാസത്തിൽ മാത്രം ഡെറ്റ് മാർക്കറ്റിൽ എഫ്‍പിഐകളുടെ നിക്ഷേപം 1,432 കോടി രൂപയാണ്. ഇതോടെ പുതിയ സാമ്പത്തിക വർഷത്തിൽ രണ്ട് മാസത്തെ എഫ്‍പിഐകളുടെ നിക്ഷേപം 22,737 കോടി രൂപയിലെത്തി.
English summary- Indian market attracts FPI investment in May