ഇന്നലെകളെ വിട്ടൊഴിയാം
Mail This Article
അച്ഛനും മകനും ദിവസവും അതിരാവിലെ എഴുന്നേൽക്കും. പ്രാർഥന, ഭക്ഷണം, വീട്ടുജോലി എല്ലാം ഒരുമിച്ചാണ്. അവധിക്കാലമായതിനാൽ തന്റെ പണിസ്ഥലത്തു കൊണ്ടുപോയി ചെറുജോലികളിൽ അവനെയും ഉൾപ്പെടുത്തും. ഒരു ദിവസം അയാൾ മകനോടു പറഞ്ഞു: ഇന്നു ഭക്ഷണമില്ല, ഉപവാസദിനമാണ്. പതിവുപോലെ ജോലി ചെയ്ത കുട്ടി വിശന്നുതളർന്നു. ഒരുവിധം പകൽ അവസാനിച്ചു. രാത്രി നല്ലവണ്ണം ഭക്ഷണം കഴിച്ചു. പിറ്റേദിവസം രാവിലെ കുട്ടി ഉണരാൻ വിസമ്മതിച്ചു. എനിക്കു ജോലി ചെയ്യാൻ പറ്റില്ല, വിശക്കും എന്നവൻ പറഞ്ഞു. അച്ഛൻ മറുപടി കൊടുത്തു: നീ ചാടിയെണീക്കൂ, ഇന്ന് എപ്പോൾ വേണമെങ്കിലും ഭക്ഷിക്കാം. ഉപവാസം ഇന്നലെ അവസാനിച്ചു. ഇന്ന് ഉപവാസമില്ലാത്ത ദിവസമാണ്.
ഇന്നലെകൾ അവസാനിക്കാതെ ഇന്ന് ആരംഭിക്കില്ല. ഒരു പകലും നിശ്ചിത സമയത്തിലധികം നീണ്ടുനിൽക്കാറില്ല. അവസാനമില്ലാത്ത ഒരു രാത്രിയുമില്ല. എല്ലാം നിരന്തരം മാറുകയും പുതുതാകുകയും ചെയ്യുന്നുണ്ട്. മനുഷ്യർ മാത്രമാകും ഇന്നലെകളിൽ സ്വയം തളച്ചിട്ട് ഇന്നിന്റെ സന്തോഷങ്ങൾ നിഷേധിക്കുന്നത്. കഴിഞ്ഞകാലത്ത് ജീവിക്കുന്നവർക്കു രണ്ടു പ്രത്യേകതകളുണ്ട്. ഒന്ന്, അവർ കഴിഞ്ഞകാലത്തെ ദുരനുഭവങ്ങളെ മാത്രമേ താലോലിക്കൂ. ജീവിതം അർഥപൂർണമാക്കിയ ഒട്ടേറെ സന്ദർഭങ്ങളുണ്ടായിട്ടുണ്ടെങ്കിലും അവയിലൊന്നുപോലും ഓർമച്ചെപ്പിൽ സൂക്ഷിക്കില്ല. രണ്ട്, മുന്നോട്ടു സഞ്ചരിക്കാതിരിക്കാനുള്ള ശക്തമായ ഒരു കാരണമാണ് അവർക്ക് ഓരോ നിർഭാഗ്യനിമിഷവും. എത്ര നന്മചെയ്താലും അവസാനം ഇതേ തിരിച്ചുകിട്ടൂ, എന്തെങ്കിലും ചെയ്താലേ കുഴപ്പമുള്ളൂ തുടങ്ങിയ ന്യായീകരണങ്ങളിൽ അവർ സ്വയം വിശ്രമിക്കും.
ഇന്നലെകളിൽ ജീവിച്ചാൽ ചില വിപത്തുകളുണ്ട്. നിഷ്ക്രിയതയായിരിക്കും അടിസ്ഥാന മനോഭാവം. ഒരു മാറ്റത്തെയും അംഗീകരിക്കില്ല. സ്വന്തം കഴിവുകളും മികവുകളും കുഴിച്ചുമൂടും. ഓരോ ദിവസത്തിനും അതിന്റേതായ സന്തോഷങ്ങളും ലക്ഷ്യങ്ങളുമുണ്ട്. ഇന്നലത്തെ അസ്തമയത്തെ അംഗീകരിക്കാത്ത ആൾക്ക് എങ്ങനെ ഇന്നത്തെ ഉദയം കണ്ടെത്താനാകും.
English Summary: Subhadinam