നടക്കണമല്ലോ സാറന്മാരേ

Mail This Article
ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയനുതന്നെ പറയേണ്ടിവന്നിരിക്കുന്നു, താൻ പറയുന്ന കാര്യങ്ങൾപോലും നടക്കുന്നില്ലെന്ന്; ഐഎഎസ് ഉദ്യോഗസ്ഥർ സമയബന്ധിതമായി അവ നടപ്പാക്കുന്നില്ലെന്ന്! ഓരോ ഫയലും ഓരോ ജീവിതമാണെന്ന്, ആദ്യമായി ഭരണമേൽക്കുമ്പോൾ പറഞ്ഞ ഒരു മുഖ്യമന്ത്രി ഇത്തരത്തിൽ അതീവഗുരുതരമായ ആരോപണം ഉന്നയിക്കുമ്പോൾ സംസ്ഥാനത്തെ സർക്കാർസംവിധാനങ്ങളിലെ ആപൽക്കരമായ മെല്ലെപ്പോക്കിന്റെ ആഴവും പരപ്പും കേരളത്തിനു വ്യക്തമായി ബോധ്യപ്പെടുകയാണ്.
സർക്കാർവിലാസം ഉത്തരവാദിത്തമില്ലായ്മയും ജനവിരുദ്ധതയും അനാസ്ഥയുമൊക്കെ മലയാള മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പുറത്തുകൊണ്ടുവരുമ്പോഴൊക്കെയും വൃഥാന്യായീകരണങ്ങളോടെ അവ നിഷേധിച്ചുപോരുന്ന മന്ത്രിമാർക്കും വകുപ്പു മേധാവികൾക്കുമൊക്കെയുള്ള മുന്നറിയിപ്പുകൂടിയാണ് മുഖ്യമന്ത്രിയുടെ ഈ വിമർശനം. ഇതോടെ ഓരോ വകുപ്പിലും നടപ്പാക്കാൻ ബാക്കിയുള്ള തീരുമാനങ്ങളുടെ കണക്കെടുക്കാൻ ചീഫ് സെക്രട്ടറി വകുപ്പുമേധാവികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വാക്കാലും ഫയലിൽ കുറിപ്പായുമുള്ള മുഖ്യമന്ത്രിയുടെ വിമർശനം വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലാണു ചീഫ് സെക്രട്ടറി വെളിപ്പെടുത്തിയത്. സർക്കാരിന്റെ കാലാവധി പൂർത്തിയാകാൻ ഒരു വർഷം മാത്രം ശേഷിക്കെ, ചില മുഖ്യപദ്ധതികൾ ഇഴയുകയാണെന്നതു മുഖ്യമന്ത്രിയെ ചൊടിപ്പിച്ചതിനു രാഷ്ട്രീയകാരണങ്ങൾ ഉണ്ടാകാമെങ്കിലും അതിന്റെ ആഘാതശേഷി വലുതാണ്.
മുഖ്യമന്ത്രിയുടെ പരാതിയെത്തുടർന്ന് തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കാനുള്ള നടപടികൾ സെക്രട്ടറിമാർ ആരംഭിച്ചിട്ടുണ്ട്. അപ്പോൾ കേരളത്തിനു ന്യായമായും ചോദിക്കാം: മുഖ്യമന്ത്രിയിൽനിന്ന് ഇങ്ങനെയൊരു കടുത്ത പരാതി ഉയർന്നിരുന്നില്ലെങ്കിൽ തൽസ്ഥിതി തന്നെയാകില്ലേ തുടരുക? മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ, സെക്രട്ടേറിയറ്റിൽ മാത്രം മൂന്നു ലക്ഷത്തിലേറെ ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് കഴിഞ്ഞ വർഷാവസാനം കേരളം കേട്ടു. ജനജീവിതവുമായി ബന്ധപ്പെട്ട ഇത്രയേറെ വിഷയങ്ങൾ പരിഹാരമില്ലാതെ കെട്ടിക്കിടക്കുമ്പോൾ സർക്കാർ കൊട്ടിഘോഷിക്കുന്ന ജനകീയതയ്ക്ക് എന്താണർഥം? സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ നിശ്ചിത എണ്ണം ഓരോ മാസവും തീർപ്പാക്കാനുള്ള കർമപദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി 2020 ഓഗസ്റ്റിൽ ചീഫ് സെക്രട്ടറിക്കു നൽകിയ നിർദേശവും ചുവപ്പുനാടയിൽ കുരുങ്ങിയോ?
ഇപ്പോഴത്തെ അനാസ്ഥയ്ക്കും ഉത്തരവാദിത്തമില്ലായ്മയ്ക്കും വ്യക്തമായൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം തൃശൂർ–ഇരിങ്ങാലക്കുട സംസ്ഥാനപാതയ്ക്കു സമീപം തിരുവുള്ളക്കാവ്-പാറക്കോവിൽ റോഡരികിൽ തള്ളിയ മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയത്. ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥനുവേണ്ടി മന്ത്രി ആർ.ബിന്ദുവിന് ഉദ്യോഗസ്ഥന്റെ ഭാര്യ ശനിയാഴ്ച നേരിട്ടുനൽകിയ സ്ഥലംമാറ്റ അപേക്ഷ അവിടെ വലിച്ചെറിഞ്ഞനിലയിൽ ഞായറാഴ്ച കണ്ടെത്തിയതോളം ക്രൂരത മറ്റെന്തുണ്ട്? പരിഹരിക്കാം എന്നു പറഞ്ഞാണ് മന്ത്രി അപേക്ഷ സ്വീകരിച്ചതെന്നു പറയുന്നു. അങ്ങനെയെങ്കിൽ ഇതാവും ഈ മെല്ലെപ്പോക്കുകാലത്തെ മന്ത്രിതല പരിഹാരം എന്നുവേണം വിചാരിക്കാൻ! ഈ സംഭവം മലയാള മനോരമയിലൂടെ പുറത്തറിഞ്ഞതിനെത്തുടർന്ന്, ഇക്കാര്യം അന്വേഷിക്കുമെന്നു മന്ത്രി പറഞ്ഞതുകൊണ്ട് ഇതിലെ ജനവിരുദ്ധതയെ വെള്ളപൂശാനാകുമോ?
ആ റോഡരികിലെ മാലിന്യത്തിൽ ഉപേക്ഷിച്ചനിലയിൽ യാദൃച്ഛികമായി കണ്ടെത്തിയത് ഒരു പാവം അപേക്ഷ മാത്രം. ഇങ്ങനെ എത്രയെത്ര അപേക്ഷകളും നിവേദനങ്ങളും സങ്കടങ്ങളും ഇതിനകം ഇതുപോലെ വഴിയാധാരമായിപ്പോയിരിക്കും! സേവനം ജനങ്ങളുടെ അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണു കേരളം. 2012ലെ കേരളപ്പിറവിദിനത്തിൽ പ്രാബല്യത്തിൽവന്ന നിയമത്തിന്റെ ലക്ഷ്യം സർക്കാർ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക എന്നതാണ്. ആത്മാർഥ ജനസേവനമായി സർക്കാർജോലിയെ കാണുന്ന ഉദ്യോഗസ്ഥർക്കു സേവനാവകാശ നിയമം കൂടുതൽ കർമോർജം പകരുകയും ചെയ്യുന്നു. എന്നാൽ, ഈ നിയമം നടപ്പാക്കിയശേഷവും സർക്കാർ സേവനങ്ങൾ പലപ്പോഴും കൃത്യമായി ജനങ്ങൾക്കു ലഭിക്കുന്നില്ല എന്നതിന്റെ ഏറ്റവും വ്യക്തമായ സൂചനയല്ലേ ഉപേക്ഷിക്കപ്പെട്ട ആ സങ്കടാപേക്ഷ? ജനങ്ങൾക്കുവേണ്ടി എന്നും നിലകൊള്ളുമെന്നു സങ്കൽപിക്കപ്പെടുന്ന ഒരു മന്ത്രിയുടെ കയ്യിലേക്കു പ്രതീക്ഷയോടെ നൽകിയ അപേക്ഷയായിരുന്നു അതെന്നുകൂടി ഓർക്കണം.
പുതിയ കാലത്തെയും ലോകത്തെയും നാം അഭിമുഖീകരിക്കുമ്പോൾ സാധാരണക്കാരുടെ പ്രശ്നങ്ങളും ജീവിതങ്ങളും ഫയൽക്കൂമ്പാരങ്ങളിൽ ശ്വാസംമുട്ടി പിടയുന്നതും സങ്കടങ്ങൾ പാതയോരത്തു മാലിന്യത്തോടൊപ്പം ഒടുങ്ങുന്നതും അത്യധികം നിർഭാഗ്യകരമാണ്. സെക്രട്ടേറിയറ്റ് മുതൽ അലയടിക്കേണ്ട ഒരു ഉണർത്തുപാട്ട് കേരളത്തിന്റെ അടിയന്തരാവശ്യമായിരിക്കുന്നു. ന്യായമായ ആവശ്യങ്ങളിൽ, അർഹമായ തീർപ്പിന്റെ മേലൊപ്പു വീഴണമെങ്കിൽ ബന്ധപ്പെട്ടവർ മനുഷ്യത്വത്തോടെ ഒന്നു മനസ്സുവച്ചാൽ മാത്രം മതി. ഈ ലളിതസത്യം മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരുമടക്കമുള്ള എല്ലാവരുടെയും ഹൃദയമന്ത്രമാകുക ഇനിയെന്നാകും?