ആശാന് അക്ഷരമൊന്നു പിഴച്ചാൽ!

Mail This Article
പരീക്ഷാവാർത്തകളിൽ കാര്യമായ പുരോഗതി കാണുന്നുണ്ട്. മുൻപൊക്കെ ഉത്തരക്കടലാസുകളിലെ വിചിത്രമായ പിഴവുകളാണു വാർത്ത സൃഷ്ടിച്ചിരുന്നത്. ഇപ്പോഴിതാ, ചോദ്യക്കടലാസുകൾതന്നെ വാർത്ത സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു: ഇക്കഴിഞ്ഞ പ്ലസ്ടു മലയാളം ചോദ്യക്കടലാസിൽ ധാരാളം തെറ്റുകളുണ്ടത്രേ. താമസം എന്നത് താസമം എന്നും കാതോർക്കും എന്നത് കാരോർക്കും എന്നുമായത് ഉദാഹരണം.
വിദ്യാലയങ്ങളിൽ അക്ഷരം പഠിപ്പിക്കേണ്ട കാര്യമില്ല എന്നും കുട്ടികൾ എഴുതുന്നതിൽ തെറ്റുകണ്ടാൽ തിരുത്തുന്ന പിന്തിരിപ്പുപണി അധ്യാപകർ എടുത്തുപോകരുത് എന്നും സിദ്ധാന്തിക്കുന്ന പുരോഗമനവാദികൾ അരങ്ങുവാഴുന്ന നാട്ടിൽ ഇതു വാർത്തയാകുന്നത് എങ്ങനെയാണ്? എന്തിനാണ്? ഉത്തരക്കടലാസിൽ ആര്, എന്ത് എഴുതിയാലും, ഒന്നും എഴുതിയില്ലെങ്കിലും പരീക്ഷയ്ക്കിരുന്നവരെല്ലാം ഉയർന്ന മാർക്കോടെ പാസാകുന്ന മധുര മനോജ്ഞ വ്യവസ്ഥയിൽ ചോദ്യക്കടലാസിൽ കുറെ തെറ്റുകണ്ടാൽ എന്താണിത്ര ബേജാറാവാൻ?
‘ആശാന് അക്ഷരമൊന്നുപിഴച്ചാൽ അൻപത്തൊന്നു പിഴയ്ക്കും ശിഷ്യന് എന്നല്ലേ?’ ഇൗ നിലയ്ക്കു ശിഷ്യരുടെ സ്ഥിതി എന്താകും എന്ന് യാഥാസ്ഥിതിക മൂരാച്ചികൾ ചോദിച്ചേക്കും. അവർ ദയവായി മനസ്സിലാക്കണം.: അക്ഷരപ്പിഴ എന്നൊരു സംഗതിയേ ഇല്ല. വിദ്യാർഥികൾ സർഗശേഷിക്കനുസരിച്ച് എഴുതും. അതിൽ തെറ്റുകുറ്റങ്ങൾ കണ്ടെത്താൻ അധ്യാപകർ നേരം കളയരുത്. സഹജമായ സർഗശേഷിയാണു പ്രധാനം, പ്രസക്തം.
ചോദ്യക്കടലാസിൽ ‘തെറ്റുണ്ടെങ്കിൽ തിരുത്തുക’ എന്ന വകുപ്പിൽ ധാരാളം തെറ്റുകൾ പണ്ടു കൊടുത്തുപോന്ന കാര്യം വിമർശകർ മറന്നുപോകരുത്. അന്ന് അതൊക്കെ വിദ്യാർഥികൾ വകതിരിച്ചു മനസ്സിലാക്കി ഉത്തരം എഴുതിയിരുന്നില്ലേ? ഇതും അതുപോലെയാണ്. കുട്ടികൾക്കു ജാഗ്രതക്കുറവ് ഉണ്ടാകുന്നുണ്ടോ എന്നു പരിശോധിക്കുകയാണ് ഇത്തരം ചോദ്യക്കടലാസുകളുടെ ലക്ഷ്യം. തിരിഞ്ഞോ?
ഇപ്പോൾ ചിലർ ആവശ്യപ്പെടുന്നുണ്ട്: ആ ചോദ്യക്കടലാസ് തയാറാക്കിയവരുടെ പേരു വെളിപ്പെടുത്തണം. വേറെ ചിലർ നിർദേശിക്കുന്നുണ്ട്: എല്ലാ ചോദ്യക്കടലാസുകളുടെയും അടിയിൽ തയാറാക്കിയവരുടെ പേരു രേഖപ്പെടുത്തണം. ഇവർക്കൊക്കെ ഇത്ര വിവരമില്ലാതെ പോയല്ലോ. ചോദ്യം തയാറാക്കിയവരുടെ യൂണിയൻ, പാർട്ടി, ജാതി, മതം എന്നിവ മനസ്സിലാക്കാതെ ഏതെങ്കിലും സർക്കാർ ഇതിലൊക്കെ നിലപാട് എടുക്കുമോ? എടുക്കാൻ പാടുണ്ടോ?
വാൽക്കഷണം: പഴയൊരു കഥയുണ്ട്: രാവണന്റെ അനുജൻ കുംഭകർണൻ തപസ്സുകൊണ്ട് നേടാൻ ഉദ്ദേശിച്ചത് ‘നിർദേവത്വം’ ആണ്; ദേവന്മാർ ഇല്ലാത്ത അവസ്ഥ. ഉച്ചരിച്ചപ്പോൾ വാക്ക് ‘നിദ്രാവത്വം’ എന്നായിപ്പോയി, ഉറക്കത്തിന്റെ അവസ്ഥ. അങ്ങനെ രാക്ഷസൻ നിർബാധമായ ഉറക്കം നേടി, അതിന്റെ പര്യായമായിത്തീർന്നു. അക്ഷരപ്പിഴകൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് പറഞ്ഞുകളയരുത്.