ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം ∙ ഹയർസെക്കൻഡറി പൊതുപരീക്ഷ ചോദ്യപ്പേപ്പറുകളിലെ അക്ഷരത്തെറ്റുകൾക്കു പിന്നാലെ എസ്എസ്എൽസി പരീക്ഷയിലും ഗുരുതര പിഴവ്. പ്ലസ്ടു മലയാളം ചോദ്യപ്പേപ്പറിലെ വ്യാപക അക്ഷരത്തെറ്റുകൾ പൊതുവിദ്യാഭ്യാസ വകുപ്പിനു നാണക്കേടായതിനു പുറമേ പ്ലസ് വൺ ബയോളജി, ഫിസിക്സ്, ഇക്കണോമിക്സ് ചോദ്യപ്പേപ്പറുകളിലും അക്ഷരത്തെറ്റുകൾ. എസ്എസ്എൽസി ഫിസിക്സ് പരീക്ഷയുടെ ഇംഗ്ലിഷ് ചോദ്യം മലയാളത്തിലേക്കു മാറ്റിയപ്പോൾ സാങ്കേതികപദം തന്നെ മാറി ‘മണ്ടൻ ചോദ്യം’ ആയി മാറുകയും ചെയ്തു. എസ്എസ്എൽസി ഫിസിക്സിലെ ഡയഗ്രം അടിസ്ഥാനമാക്കിയുള്ള 16–ാം ചോദ്യത്തിലെ ഉപചോദ്യം സിയിൽ ഇഫക്ടീവ് റസിസ്റ്റൻസ് എന്നത് മലയാളത്തിലേക്കു തർജമ ചെയ്തപ്പോൾ ‘സഫല പ്രതിരോധം’ എന്നതിനു പകരം ‘സഫല വോൾട്ടത’ എന്നായി. ഇതോടെ ചോദ്യത്തിന്റെ അർഥംതന്നെ മാറിപ്പോയെന്നും കുട്ടികൾക്ക് ആശയക്കുഴപ്പമുണ്ടായെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഈ ചോദ്യത്തിലടക്കം സർക്യൂട്ട് എന്നതിന് ‘സെർക്കീട്ട്’ എന്നാണ് അച്ചടിച്ചത്. പ്ലസ്ടു മലയാളം ചോദ്യപ്പേപ്പറിൽ പതിനഞ്ചോളം അക്ഷരത്തെറ്റുകളാണുണ്ടായിരുന്നത്. അതു കഴിഞ്ഞാൽ കൂടുതൽ തെറ്റുകൾ പ്ലസ് വൺ ബോട്ടണി ചോദ്യപ്പേപ്പറിലാണ്. 

question-paper-mistake-cartoon

തെറ്റും ശരിയും
ബോട്ടണി, ഫിസിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ് പരീക്ഷ ചോദ്യപ്പേപ്പറുകളിലെ ചില അക്ഷരത്തെറ്റുകൾ ഇങ്ങനെ. ബ്രാക്കറ്റിൽ ശരി. ദിബീജ പത്ര സസ്യം (ദ്വിബീജ), 2 എന്ന അക്ഷരം (2 എന്ന അക്കം), ആ വായു ശ്വസനം (അവായു ശ്വസനം) ചിത്ര (ചിത്രം), സൈകിളിൽ, സൈക്ലിളിൽ (സൈക്കിളിൽ), രേഖ ചിത്രം (രേഖാ ചിത്രം), അത്ക്കതിന്റെ (അതിന്റെ), നിറചു മൂന്നപാത്രങ്ങൾ (നിറച്ച മൂന്നു പാത്രങ്ങൾ), ശാസ്ത്രനനാണ് (ശാസ്ത്രജ്ഞനാണ്), ചിത്രീകുരിച്ച് (ചിത്രീകരിച്ച്), ചെയുന്ന പ്രാവൃത്തി (ചെയ്യുന്ന പ്രവൃത്തി), വേണ്ട് രീതികളെക്കുറിച്ച് (വേണ്ട രീതികളെക്കുറിച്ച്), പ്രവർതനതത്വം (പ്രവർത്തന തത്വം), വരുമാനം കരയുന്നു (വരുമാനം കുറയുന്നു). രണ്ടു വാക്കുകൾക്കിടയിലുള്ള സ്ഥലം ഒഴിവാക്കി ഒരുമിച്ചാക്കിയതും അനാവശ്യമായി വാക്കുകൾക്കിടയിൽ സ്ഥലമിട്ടു പിരിച്ചതും എല്ലാ പേപ്പറുകളിലും വ്യാപകം. വളരെ ശ്രദ്ധയോടെ തയാറാക്കേണ്ട ചോദ്യപ്പേപ്പറിൽ രണ്ടാമതൊരു വായനയോ പ്രൂഫ് നോക്കലോ ഇല്ലാതെ അച്ചടിച്ചതാണ് പ്രശ്നമായതെന്നു വ്യക്തം. 

പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കും: മന്ത്രി 
ഹയർ സെക്കൻഡറി വാർഷിക പരീക്ഷയുടെ ചില ചോദ്യപ്പേപ്പറുകളിലെ അക്ഷരത്തെറ്റുകൾ സംബന്ധിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു. ‘ചോദ്യപ്പേപ്പർ നിർമാണത്തിന്റെ ഏതുഘട്ടത്തിലാണ് അശ്രദ്ധയുണ്ടായതെന്നു കണ്ടെത്തും. വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളുണ്ടെങ്കിൽ മൂല്യനിർണയ സമയത്ത് വേണ്ട നടപടിയെടുക്കും.’– മന്ത്രി അറിയിച്ചു. 

നടപടിവേണമെന്ന് സംഘടനകൾ
അക്ഷരത്തെറ്റുകൾ വ്യാപകമായ സംഭവത്തിൽ അന്വേഷണവും കുറ്റക്കാർക്കെതിരെ നടപടിയും ആവശ്യപ്പെട്ട് പ്രതിപക്ഷ അധ്യാപക വിദ്യാർഥി സംഘടനകൾ. ഗൗരവതരമായ പിഴവാണ് സംഭവിച്ചതെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. പ്രൂഫ് പോലും വായിക്കാതെയാണ് ചോദ്യപ്പേപ്പർ അച്ചടിച്ചതെന്ന് കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രസിഡന്റ് കെ.അബ്ദുൽ മജീദ് പറഞ്ഞു. ചോദ്യപ്പേപ്പർ തയാറാക്കുന്നതടക്കം പരീക്ഷ നടത്തിപ്പും നിയന്ത്രണവും പാർട്ടിക്കാരായവർ കുത്തകയാക്കിയതിന്റെ ഫലമാണ് ഇതെന്ന് എഎച്ച്എസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മനോജ് ആരോപിച്ചു.

English Summary:

Kerala SSLC and Plus Two exam question papers contain numerous spelling and translation errors. Students and teachers express concern over the impact of these significant mistakes on the examinations.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com