ഇത്തരം തട്ടിപ്പുകൾ നടന്നാൽ ഇന്ത്യയിൽ ആര് നിക്ഷേപിക്കും? കോടതി
Mail This Article
ന്യൂഡൽഹി ∙ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) നടന്നതുപോലെയുള്ള തട്ടിപ്പുകൾ നടന്നാൽ ആരാണ് ഇന്ത്യയിൽ നിക്ഷേപം നടത്താൻ തയാറാവുകയെന്നു പ്രത്യേക സിബിഐ കോടതി ചോദിച്ചു. രാജ്യത്തിന്റെ യശസ്സ് അപകടത്തിലാകും വിധമാണ് കാര്യങ്ങൾ. നിക്ഷേപകർ ചൈനയിലേക്കു പോകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
എൻഎസ്ഇ തട്ടിപ്പുകേസിൽ അറസ്റ്റിലായ ആനന്ദ് സുബ്രഹ്മണ്യനെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സിബിഐ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്.
ഇതൊരു ചെറിയ തട്ടിപ്പല്ലെന്നും എൻഎസ്ഇ നീതിയുക്തമാണെന്നു കരുതിയാണ് ജനങ്ങൾ എൻഎസ്ഇയിൽ നിക്ഷേപിക്കുന്നതെന്നും ജഡ്ജി സഞ്ജീവ് അഗർവാൾ ചൂണ്ടിക്കാട്ടി.
അന്വേഷണത്തിൽ കാലതാമസം വരുത്തിയ സിബിഐയെ വീണ്ടും കോടതി വിമർശിച്ചു. 2018 ൽ അന്വേഷണം ആരംഭിച്ച കേസ് ഇനിയും നീളുമോയെന്നു കോടതി ആരാഞ്ഞു.
ആനന്ദിനെ കേസുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ കൊണ്ടുപോയോ എന്ന ചോദ്യത്തിന് ഇല്ലെന്ന സിബിഐ മറുപടിയും വിമർശനത്തിനു വഴിവച്ചു.
സെബി, എൻഎസ്ഇയിലെ ഓഡിറ്റർമാർ എന്നിവരെയും വിമർശിച്ച കോടതി വീഴ്ച കണ്ടെത്താൻ അഞ്ചാറുവർഷമെടുക്കുന്നത് എങ്ങനെയാണെന്നു ചോദിച്ചു.
എൻഎസ് മുൻ എംഡി ചിത്ര രാമകൃഷ്ണ 14 വരെ സിബിഐ കസ്റ്റഡിയിലാണ്.
English Summary: CBI court on NSE scam