ഗ്യാൻവാപി: കാർബൺ ഡേറ്റിങ് പരിശോധനാ ആവശ്യം തള്ളി

Mail This Article
വാരാണസി ∙ കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്ന ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ കണ്ടെത്തിയതായി പറയുന്ന ‘ശിവലിംഗ’ രൂപത്തിന്റെ പഴക്കം കാർബൺ ഡേറ്റിങ് പരിശോധനയിലൂടെ നിർണയിക്കണമെന്ന ഹർജി വാരാണസി ജില്ലാ കോടതി തള്ളി. മസ്ജിദിന്റെ മതിലിനോടു ചേർന്നുള്ള ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യാരാധനയ്ക്ക് അനുമതി തേടി മുൻപ് ഹർജി നൽകിയ 5 ഹിന്ദു വനിതകളിൽ 4 പേരാണ് കാർബൺ ഡേറ്റിങ് ആവശ്യപ്പെട്ടത്.
ഇത്തരം പരിശോധനയിൽ രൂപത്തിനു കേടു സംഭവിച്ചാൽ അത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാകുമെന്നു ജസ്റ്റിസ് എ.കെ.വിശ്വേശയുടെ വിധിന്യായത്തിൽ പറയുന്നു. ശിവലിംഗം കണ്ടെത്തിയതായി പറയുന്ന ഭാഗം സംരക്ഷിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇവിടം മുദ്രവച്ച നിലയിൽ തുടരും. കാർബൺ ഡേറ്റിങ് വഴി കേടുപാടുണ്ടാകുന്നത് മതവികാരം വ്രണപ്പെടാൻ ഇടയാക്കുമെന്നും നിയമപരമായ പരിഹാരത്തിനുള്ള സാധ്യത കുറയ്ക്കുമെന്നും കോടതി നിരീക്ഷിച്ചു.
ഇക്കൊല്ലം മേയിൽ കോടതി ഉത്തരവുപ്രകാരം മസ്ജിദിൽ വിഡിയോ സർവേ നടത്തിയിരുന്നു. അംഗശുദ്ധി വരുത്താനുള്ള ചെറുകുളത്തിൽ ‘ശിവലിംഗ’ രൂപമുള്ളതായി റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാലിത് കുളത്തിലെ ജലധാരാ സംവിധാനത്തിന്റെ ഭാഗമാണെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം. കേടുപാടുകൾക്കു സാധ്യതയുള്ളതിനാൽ കാർബൺ ഡേറ്റിങ് പരിശോധന പാടില്ലെന്നും ഇവർ വാദിച്ചിരുന്നു.
എന്താണ് കാർബൺ ഡേറ്റിങ് ?
ജൈവവസ്തുക്കളുടെ കാലപ്പഴക്കം നിർണയിക്കുന്ന രീതിയാണ് കാർബൺ ഡേറ്റിങ്. എല്ലാ ജൈവവസ്തുക്കളും അന്തരീക്ഷത്തിൽനിന്ന് കാർബൺ-14 ഐസോടോപ്പിനെ വളരെ ചെറിയ അളവിൽ ആഗിരണം ചെയ്യുന്നുണ്ട്. അന്ത്യം സംഭവിക്കുമ്പോൾ ഈ പ്രക്രിയ നിലയ്ക്കുകയും കാർബൺ ഐസോടോപ് നശിച്ചുതുടങ്ങുകയും ചെയ്യും. ജൈവവസ്തുക്കൾ പുറപ്പെടുവിക്കുന്ന റേഡിയോ ആക്ടീവ് വികിരണത്തിന്റെ തീവ്രത തിട്ടപ്പെടുത്തി അതിന്റെ പഴക്കം നിർണയിക്കുകയാണ് കാർബൺ ഡേറ്റിങ്ങിൽ ചെയ്യുന്നത്. ‘ശിവലിംഗ’രൂപത്തിന്റെ അടിയിൽ കിടക്കുന്ന ജൈവവസ്തുക്കൾ ഇത്തരത്തിൽ പരിശോധിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
English Summary: Gyanvapi Mosque: carbon dating test request rejected