ADVERTISEMENT

ന്യൂഡൽഹി∙ കശ്മീരിലെ പുൽവാമയിൽ 2019 ൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിക്കാനായി പുറപ്പെട്ട തന്നെ വിമാനത്താവളത്തിൽ പൂട്ടിയിട്ടെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കുമായി നടത്തിയ അഭിമുഖത്തിലാണു രാഹുൽ ഇക്കാര്യം വിശദീകരിച്ചത്. 

സൈനികരുടെ മൃതദേഹങ്ങൾ എത്തുന്നതറിഞ്ഞു ഡൽഹി പാലം വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങിയപ്പോൾ പോകരുതെന്നു സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നിട്ടും വിമാനത്താവളത്തിലെത്തി. അവിടെ ഒരു മുറിയിൽ പൂട്ടിയിട്ടു. മുറി വിട്ടു പുറത്തുപോകരുതെന്നായിരുന്നു നിർദേശം. പ്രധാനമന്ത്രിയടക്കമുള്ളവർ ആ സമയത്തു വിമാനത്താവളത്തിൽ എത്തിയിരുന്നു. മുറിയിൽ നിന്നു പുറത്തിറങ്ങാൻ തനിക്ക് പൊരുതേണ്ടി വന്നതായും രാഹുൽ പറഞ്ഞു. 

1248-satyapal-malik

പുൽവാമയിൽ 2019 ഫെബ്രുവരിയിൽ 40 സിആർപിഎഫ് സേനാംഗങ്ങളുടെ മരണത്തിന് കാരണമായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ഗുരുതര ആരോപണങ്ങൾ സത്യപാൽ മാലിക്കും അഭിമുഖത്തിൽ ആവർത്തിച്ചു. 

സേനാംഗങ്ങളെ കൊണ്ടുപോകുന്നതിനായി 5 വിമാനങ്ങൾ ആവശ്യപ്പെട്ട് സിആർപിഎഫ് നൽകിയ അപേക്ഷ 4 മാസം ആഭ്യന്തര മന്ത്രാലയത്തിൽ കെട്ടിക്കിടന്നു. ഒടുവിൽ തള്ളി. തുടർന്നാണു യാത്രയ്ക്ക് റോഡ് മാർഗം തിരഞ്ഞെടുത്തത്. തന്നോട് ചോദിച്ചിരുന്നെങ്കിൽ വിമാനം അനുവദിക്കുമായിരുന്നു. 

പാക്കിസ്ഥാനിൽ നിന്നാണു സ്ഫോടകവസ്തുക്കൾ എത്തിയത്. വാഹനത്തിന്റെ ഡ്രൈവറും മറ്റും മുൻപു പിടിയിലായിട്ടും സുരക്ഷാ ഏജൻസികൾക്ക് അവരെ നിരീക്ഷിക്കാൻ കഴിഞ്ഞില്ല. വാഹനവ്യൂഹം കടന്നുപോകുന്ന റോഡിലേക്കുള്ള ഇടവഴികളൊന്നും തടഞ്ഞില്ല. 

പുൽവാമ സംബന്ധിച്ച് തന്റെ വെളിപ്പെടുത്തൽ വാർത്തയായി നൽകരുതെന്നു ചാനലുകൾക്കു നിർദേശമുണ്ടായിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ ഗുണ്ടാ നേതാവും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതീഖ് അഹമ്മദ് കൊല്ലപ്പെട്ടത് 10 ദിവസത്തോളം പ്രധാന വാർത്തയായെന്നും സത്യപാൽ മാലിക് പറഞ്ഞു. അതീഖിന്റെ കൊലപാതക വാർത്ത കണ്ടപ്പോൾ പുൽവാമ വാർത്തകളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണിതെന്ന് താൻ സഹോദരിയോടു പറഞ്ഞുവെന്നു രാഹുലും പറഞ്ഞു. 

ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകണമെന്നു കേന്ദ്രത്തോടു പല തവണ ആവശ്യപ്പെട്ടപ്പോഴും, എല്ലാം നന്നായി പോകുന്നുണ്ടല്ലോ, പിന്നെന്തിനാണ് ഇത്തരമൊരു ആവശ്യം എന്നായിരുന്നു മറുപടിയെന്നും സത്യപാൽ മാലിക് പറഞ്ഞു.

English Summary:

I was locked in a room when I went to the airport to pay respect to Pulwama martyrs says Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com