അടിസ്ഥാനം അവ്യക്തം; പണമിടപാടു കണ്ടെത്താൻ സാങ്കേതിക സംവിധാനങ്ങളും പരിജ്ഞാനവും ഇല്ലെന്ന് എത്തിക്സ് സമിതി
Mail This Article
ന്യൂഡൽഹി ∙ ലോക്സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ മഹുവ മൊയ്ത്ര പണം വാങ്ങിയെന്ന തീർപ്പിലെത്തിയ എത്തിക്സ് കമ്മിറ്റി അതിന്റെ അടിസ്ഥാനമെന്തെന്നു വ്യക്തമാക്കിയിട്ടില്ല. പണമിടപാടു കണ്ടെത്താൻ തങ്ങൾക്കു സാങ്കേതിക സംവിധാനങ്ങളും പരിജ്ഞാനവും ഇല്ലെന്നും അന്വേഷണത്തിന് സർക്കാർ നടപടിയെടുക്കണമെന്നുമാണു സമിതിയുടെ ശുപാർശ.
മഹുവയുടെ പണമിടപാടു കണ്ടെത്താനുള്ള അന്വേഷണം നടത്താൻ സർക്കാർ തയാറാകുമോയെന്നു വ്യക്തമാകേണ്ടതുണ്ട്. പണം വാങ്ങുന്നവരും നൽകുന്നവരും കുറ്റക്കാരാകുമെന്ന സ്ഥിതിയിൽ, മഹുവയെ കുടുക്കാൻ സഹായകമായ സത്യവാങ്മൂലം നൽകിയ ദർശൻ ഹിരാനന്ദനിയും വെട്ടിലാകുമെന്നതു പരിഗണിക്കേണ്ടതുണ്ട്.
തന്നെ പുറത്താക്കിയതു ചോദ്യം ചെയ്ത് മഹുവയ്ക്ക് ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാം. അംഗത്തെ പുറത്താക്കാൻ രാജ്യസഭയ്ക്കും ലോക്സഭയ്ക്കും അധികാരമുണ്ടെന്നു രാജാ റാം പാൽ കേസിൽ 2007 ജനുവരി 10ന് നൽകിയ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2005 ൽ, ചോദ്യങ്ങൾക്ക് ലോക്സഭയിലെ 10 അംഗങ്ങളും രാജ്യസഭയിലെ ഒരംഗവും പണം വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നു. 11 പേരും പുറത്താക്കപ്പെട്ടു. ഈ നടപടി ചോദ്യം ചെയ്ത കേസിൽ ‘പുറത്താക്കൽ അധികാരം’ കോടതി ശരിവച്ചു.
സഭയുടെ നടപടി കോടതിക്കു പരിശോധിക്കാനാവില്ലെന്ന എതിർവാദം അന്നുണ്ടായി. അംഗത്തിന്റെ മൗലികാവാകാശം ലംഘിക്കപ്പെട്ടോ, നടപടി ഭരണഘടനാപരമാണോ, ചട്ടങ്ങൾ പാലിച്ചാണോ അന്വേഷണ സമിതി പ്രവർത്തിച്ചത്, ദുരുദ്ദേശ്യമുണ്ടായിരുന്നോ, സ്വാഭാവിക നീതി അംഗത്തിനു നിഷേധിക്കപ്പെട്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാമെന്നു കോടതി വ്യക്തമാക്കി.
മഹുവയുടെ കാര്യത്തിൽ സ്വാഭാവിക നീതിയുടെ നിഷേധം ആരോപിക്കപ്പെടുന്നു. ആരോപണം ഉന്നയിച്ചവരെ വിസ്തരിക്കാൻ മഹുവയ്ക്ക് അവസരം ലഭിച്ചില്ല, സത്യവാങ്മൂലം നൽകിയ ഹിരാനന്ദാനിയെ സമിതി വിസ്തരിച്ചതുമില്ല. സമിതി അതിന്റെ നടപടിക്രമങ്ങൾ രൂപീകരിച്ചു പ്രവർത്തിക്കണമെന്നാണ് ചട്ടമെങ്കിലും അങ്ങനെ ചെയ്തതായി വ്യക്തമല്ല.