ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ 2035 നു മുൻപ്: കേന്ദ്രമന്ത്രി
Mail This Article
ന്യൂഡൽഹി ∙ അടുത്ത വർഷം ഏപ്രിലിൽ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുമെന്നും 2040 ൽ ഇന്ത്യക്കാരൻ ചന്ദ്രനിൽ കാലുകുത്തുമെന്നും കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് പ്രഖ്യാപിച്ചു. പ്രഥമ ദേശീയ ബഹിരാകാശ ദിനാഘോഷ വേളയിലാണ് പ്രഖ്യാപനം. നാസയിൽനിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു (ഐഎസ്എസ്) പോകാനുള്ള ദൗത്യസംഘം പരിശീലനത്തിലാണ്. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല, മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ എന്നിവരെയാണു ബഹിരാകാശ യാത്രയ്ക്കായി തിരഞ്ഞെടുത്തത്. 2035 ആകുമ്പോഴേക്കും ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്) കമ്മിഷൻ ചെയ്യുന്നതും 2040 നു മുൻപ് ഇന്ത്യൻ ബഹിരാകാശ യാത്രികർ ചന്ദ്രനിൽ ഇറങ്ങുന്നതും ഉൾപ്പെടുന്ന സ്പേസ് വിഷൻ 2047ന്റെ രൂപരേഖ ഡോ. ജിതേന്ദ്ര സിങ് വിശദീകരിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്തു. ചന്ദ്രയാൻ 3ൽ നിന്നു ലഭിച്ച ചിത്രങ്ങളും ഡേറ്റയും ഐഎസ്ആർഒ പരസ്യപ്പെടുത്തി. ഐഎസ്ആർഒ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാകും. ചന്ദ്രയാൻ 3 വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന്റെ ഓർമയ്ക്കായാണ് ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി പ്രഖ്യാപിച്ചത്.