ADVERTISEMENT

ന്യൂഡൽഹി ∙  നിയമന വിഷയത്തിൽ തോന്നുംപടി നിലപാടു മാറ്റിയ കേരള പിഎസ്‌സിക്കു സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. കേരള ജല അതോറിറ്റിയിൽ 2012 ലെ എൽഡിസി നിയമന യോഗ്യത സംബന്ധിച്ച നിലപാടിൽ ചാഞ്ചാട്ടം നടത്തിയെന്നു വിമർശിച്ച കോടതി, ഇതു ഭാവിയിൽ പിഎസ്‌സിക്കു പാഠമാകണമെന്നു ചൂണ്ടിക്കാട്ടി. 

145 ഒഴിവുകളിലേക്കുള്ള 2012–ലെ വിജ്ഞാപനവുമായി ബന്ധപ്പെട്ടതാണു കേസ്. ഏതെങ്കിലും വിഷയത്തിലെ ബിരുദം, കുറ‍ഞ്ഞതു 3 മാസത്തെ സർട്ടിഫിക്കറ്റ് ഇൻ ഡേറ്റ എൻട്രിയും ഓഫിസ് ഓട്ടോമേഷനുമായിരുന്നു യോഗ്യത. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ) യോഗ്യത നേടിയവർ തങ്ങളുടേതും ഉയർന്ന, സമാന യോഗ്യതയാണെന്ന് അവകാശപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസിന്റെ തുടക്കം. 

അതിനെ എതിർത്ത് അനുകൂല വിധി നേടിയെങ്കിലും ഡിസിഎ ഉള്ളവരെ കൂടി ഉൾപ്പെടുത്തിയാണ് പിഎസ്‌സി റാങ്ക് ലിസ്റ്റ് ഇറക്കിയത്. വിജ്ഞാപനപ്രകാരം അടിസ്ഥാന യോഗ്യതയുള്ളവർ ഇതു ചോദ്യം ചെയ്തു. കേസ് പലവട്ടം കേരള ഹൈക്കോടതി ബെഞ്ചുകൾ പരിഗണിച്ചു. കഴിഞ്ഞ ഒക്ടോബറിൽ സിംഗിൾ ബെഞ്ച് റാങ്ക് ലിസ്റ്റ് പുതുക്കാൻ

 പിഎസ്‌സിയോട് നിർദേശിച്ചു. ഡിസിഎ യോഗ്യതയുള്ളവർ അപ്പീൽ നൽകിയെങ്കിലും ജനുവരിയിൽ ഡിവിഷൻ ബെഞ്ച് അതു തള്ളി. ഇതു ശരിവച്ചുകൊണ്ടാണ് ഇന്നലെ സുപ്രീം കോടതി ഉത്തരവിറക്കിയത്. 

‘പൊതുസേവകരുടെ നിയമനം പോലെ ഉത്തരവാദിത്തമേറിയ ചുമതല നിർവഹിക്കുന്ന പിഎസ്‌സി ഉയർന്ന സത്യസന്ധ്യതയും സുതാര്യതയും കാണിക്കണം. അതുപോലെ, നേരത്തേ നൽകിയ സത്യവാങ്മൂലങ്ങൾക്കു വിരുദ്ധമായി കോടതി മുൻപാകെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറയുകയോ നിബന്ധനകളിൽ അവ്യക്തത പുലർത്തുകയോ ചെയ്യരുത്’ –ജഡ്ജിമാരായ പി.എസ്. നരസിംഹ, സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ച് തുറന്നടിച്ചു. 

കേസിന് ആസ്പദമായ നിയമന നടപടി കുഴച്ചുമറിച്ചതിന്റെ ഉത്തരവാദിത്തം പിഎസ്‌സിയുടേതാണെന്നു പറയാൻ മടിയില്ലെന്നും കോടതി കൂട്ടിച്ചേർത്തു. ഈ കേസിലെ അനുഭവം ഉൾക്കൊണ്ട്, ഭാവിയിലെങ്കിലും ഉദ്യോഗാർഥികളുടെ ജീവിതത്തെയും പ്രതീക്ഷകളെയും അഭിലാഷങ്ങളെയും നിസ്സാരവൽക്കരിക്കുന്നതിൽ നിന്നു പിഎസ്‌സി വിട്ടുനിൽക്കുമെന്നും കോടതി ഉപദേശിച്ചു.

1200 ഉദ്യോഗാർഥികളുടെ ജീവിതത്തെയും പ്രതീക്ഷകളെയും സ്വാധീനിക്കുന്ന നിയമനവിഷയം ദീർഘകാലമായി കെട്ടിക്കിടക്കുന്നതിന് കാരണം പിഎസ്‌സിയുടെ നിലപാടുകളിലെ ചാഞ്ചാട്ടവും ഉദാസീനതയുമാണെന്നു കോടതി വിലയിരുത്തി.

English Summary:

Supreme Court criticizes Kerala PSC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com