വിവാഹം അസാധുവായാലും ജീവനാംശത്തിന് അർഹത

Mail This Article
ന്യൂഡൽഹി ∙ ഹിന്ദു വിവാഹ നിയമപ്രകാരം അസാധുവാക്കപ്പെട്ട വിവാഹത്തിലും സ്ഥിരമായ ജീവനാംശവും ഇടക്കാല ധനസഹായവും നൽകാമെന്നു സുപ്രീം കോടതിയുടെ വിധി. ജസ്റ്റിസ് അഭയ് എസ്. ഓക അധ്യക്ഷനും ജസ്റ്റിസുമാരായ എ. അമാനുല്ല, എ.ജെ. മാസിഹ് അംഗങ്ങളുമായുള്ള മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമത്തിലെ 25–ാം വകുപ്പ് അനുസരിച്ചാണു ജീവനാംശത്തിനുള്ള അർഹത ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
‘സ്ഥിരമായ ജീവനാംശം നൽകാമോ ഇല്ലയോ എന്നത് ഓരോ കേസിന്റെയും വസ്തുതകളെയും കക്ഷികളുടെ സാഹചര്യത്തെയും ആശ്രയിച്ചിരിക്കും. വിവാഹം അസാധുവാകേണ്ടതെന്നു പ്രഥമദൃഷ്ട്യാ കോടതിക്കു ബോധ്യമായ കേസുകളിൽ അന്തിമ തീർപ്പാകും വരെ ഇടക്കാല ജീവനാംശം നൽകാം. ഹിന്ദു വിവാഹ നിയമത്തിലെ 24–ാം വകുപ്പു പ്രകാരം ഇതിനു സാധിക്കും. ഇതിലും കക്ഷികളുടെ സാഹചര്യം പരിഗണിക്കണം’– കോടതി പറഞ്ഞു.