ഖലിസ്ഥാൻ വിഘടനവാദം: തുൾസി ഗബാർഡിനെ ആശങ്ക അറിയിച്ച് ഇന്ത്യ

Mail This Article
ന്യൂഡൽഹി ∙ ഖലിസ്ഥാൻ വിഘടനവാദികളുടെ സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) യുഎസിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് യുഎസ് ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡിനെ ആശങ്ക അറിയിച്ചു. ഇന്ത്യാ സന്ദർശനത്തിലെത്തിയ തുൾസി ഗബാർഡ് പ്രതിരോധ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച അര മണിക്കൂറിലേറെ നീണ്ടു.
എസ്എഫ്ജെയ്ക്കു പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നുവെന്നും ബാബർ ഖൽസ എന്ന തീവ്രസംഘടനയുമായി ഇടപാടുകളുണ്ടെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഗുർപട്പന്ത് സിങ് പന്നുവിന്റെ നേതൃത്വത്തിലുള്ള എസ്എഫ്ജെ യുഎസിലെ ഹിന്ദു ആരാധനാലയങ്ങളെ ലക്ഷ്യമിടുന്നുവെന്നും ഇത്തരം പ്രവർത്തനങ്ങൾ തടയേണ്ടതുണ്ടെന്നും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും പ്രതിരോധ മേഖലയിലെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും ചർച്ച ചെയ്തു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലും തുൾസി ഗബാർഡ് പങ്കെടുത്തു. റെയ്സിന ഡയലോഗിലും പങ്കെടുത്ത ഇവർ ഇന്നു യുഎസിലേക്കു മടങ്ങും.