മണിപ്പുരിൽ കുക്കി സംഘടനകൾ ഏറ്റുമുട്ടി; ഒരു മരണം

Mail This Article
കൊൽക്കത്ത ∙ മണിപ്പുരിലെ ചുരാചന്ദ്പുരിൽ കുക്കി സംഘടനകൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അനവധി പേർക്ക് പരുക്കേറ്റു. ജില്ലയിൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു. കുക്കി-സോ ഗോത്രവിഭാഗങ്ങളുടെ ഉപഗോത്രങ്ങളായ മാർ ഗോത്രവും സോമി ഗോത്രവും തമ്മിലാണ് കഴിഞ്ഞ 4 ദിവസമായി സംഘർഷം തുടരുന്നത്. ഇരുവിഭാഗങ്ങളും തമ്മിൽ സമാധാനക്കരാർ ഒപ്പിട്ടതിനു തൊട്ടുപിന്നാലെയാണ് വീണ്ടും കലാപമുണ്ടായത്.മാർ ഗോത്രത്തിന് ഭൂരിപക്ഷമുള്ള മേഖലയിൽ സോമി സായുധ സംഘടനയുടെ പതാക ഉയർത്തിയത് സംബന്ധിച്ചുള്ള തർക്കമാണ് വെടിവയ്പിലെത്തിയത്.
-
Also Read
പാക്കിസ്ഥാന് ആയുധം നൽകരുതെന്ന് ഇന്ത്യ
മാർ ഗോത്രവിഭാഗക്കാരനായ ലാൽറോപി പക്കുമേറ്റ് (53) ആണ് കൊല്ലപ്പെട്ടത്. ഇരുവിഭാഗത്തിലും പെട്ട സായുധ ഗ്രൂപ്പുകൾ പരസ്പരം വെടിവച്ചതോടെ പ്രദേശം യുദ്ധക്കളമായി. പൊലീസും കേന്ദ്രസേനയും ആകാശത്തേക്ക് വെടിവച്ചും കണ്ണീർവാതക ഷെല്ലുകൾ ഉപയോഗിച്ചുമാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്. പൊലീസും കേന്ദ്രസേനയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റൂട്ട് മാർച്ച് നടത്തി.മാർ ഗോത്ര നേതാവായ റിച്ചാർഡ് താൽതൻപിയെ കഴിഞ്ഞ ഞായറാഴ്ച സോമി വിഭാഗക്കാർ മർദിച്ചതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്. മണിപ്പുർ കലാപത്തിൽ മാർ, സോമി ഉൾപ്പെടെയുള്ള വിവിധ കുക്കി-സോ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായിരുന്നു.