384 മരുന്നുകൾക്ക് വില കൂടുന്നു; വില കൂടുന്നവയിൽ അർബുദത്തിനും പ്രമേഹത്തിനുമുള്ള മരുന്നുകളും

Mail This Article
ന്യൂഡൽഹി ∙ അർബുദം, പ്രമേഹം എന്നിവയ്ക്കടക്കമുള്ള 384 മരുന്നുകൾക്കും ആയിരത്തോളം മരുന്നുകൂട്ടുകൾക്കും (ഫോർമുലേഷൻസ്) അടുത്ത മാസം 1 മുതൽ വില കൂടും. അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിൽ (എൻഎൽഇഎം) ഉൾപ്പെട്ടവയാണിവ. വാർഷിക മൊത്തവില സൂചികയെ അടിസ്ഥാനമാക്കി 1.74% വിലവർധനയ്ക്ക് നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി അനുമതി നൽകി.
ഇൻസുലിൻ, മെറ്റ്ഫോർമിൻ, ഗ്ലിമെപിറൈഡ് തുടങ്ങിയ പ്രമേഹ മരുന്നുകൾ, പാരാസെറ്റമോൾ, രക്തസമ്മർദം നിയന്ത്രിക്കാനുള്ള അംലോഡിപിൻ, മെറ്റൊപ്രൊലോൽ, അർബുദ മരുന്നായ ജെഫിറ്റിനിബ്, ഡ്രിപ്പിനും അണുനശീകരണത്തിനും ഉപയോഗിക്കുന്ന റിങ്ങർ ലാക്റ്റേറ്റ്, യൂറോഹെഡ് ബോട്ടിൽ, ആന്റിബയോട്ടിക്കുകളായ മെട്രോണിഡാസോൾ, സിപ്രോഫ്ലോക്സാസിൻ, മൂത്രാശയരോഗത്തിനുള്ള മാനിറ്റോൾ, ഗർഭനിരോധന ഗുളികകൾ തുടങ്ങിയവയ്ക്കു വില വർധിക്കും. വില നിയന്ത്രണ പട്ടികയ്ക്ക് പുറത്തുള്ള നോൺ ഷെഡ്യൂൾഡ് മരുന്നുകളുടെ വിലയിൽ 10% വർധനയുണ്ടാകും.കൊറോണറി സ്റ്റെന്റുകളുടെ വില 700 രൂപവരെ വർധിക്കും. ബെയർ മെറ്റൽ സ്റ്റെന്റുകളുടെ മിനിമം വില യൂണിറ്റിന് 10,692.69 രൂപയാകും. ബയോ ഡീഗ്രേഡബിൾ സ്റ്റെന്റ് ഉൾപ്പെടെ ഡ്രഗ് എല്യൂട്ടിങ് സ്റ്റെന്റുകളുടെ വില യൂണിറ്റിന് 38,933.14 രൂപയാകുമെന്നാണ് സൂചന.
മസ്‌കുലർ അട്രോഫി: മരുന്ന് ഉൽപാദന നടപടിക്ക് സ്റ്റേ
ന്യൂഡൽഹി ∙ അപൂർവരോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫിക്കുള്ള (എസ്എംഎ) മരുന്നായ റിസ്ഡിപ്ലാം (എവ്റിസ്ഡി) ഉൽപാദിപ്പിക്കാനുള്ള ഇന്ത്യൻ കമ്പനിയുടെ നീക്കം ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് താൽക്കാലികമായി മരവിപ്പിച്ചു. ഹൈദരാബാദിലെ നാറ്റ്കോ ഫാർമയ്ക്ക് മരുന്നുനിർമാണത്തിന് അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ നൽകിയ അപ്പീലിലാണ് എവ്റിസ്ഡിയുടെ ഉൽപാദകരായ സ്വിസ് കമ്പനി റോഷിന് അനുകൂലമായ ഉത്തരവ്. അടുത്തമാസം 2നു ഹർജി പരിഗണിക്കും വരെയാണ് സ്റ്റേ.
എസ്എംഎ ബാധിതർക്ക് വായിലൂടെ നൽകുന്ന എവ്റിസ്ഡി 2021ലാണ് റോഷ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഒരു വർഷത്തെ ചികിൽസയ്ക്ക് കുറഞ്ഞത് 30 ലക്ഷം രൂപയുടെ മരുന്നാണു വേണ്ടത്. 2035 വരെ പേറ്റന്റ് ഉള്ളതാണ് മരുന്നെന്നും നാറ്റ്കോയുടെ നടപടി പേറ്റന്റ് നിയമത്തിന്റെ ലംഘനമാണെന്നുമാണ് റോഷിന്റെ വാദം. പേറ്റന്റ് ആനുകൂല്യം നേടാൻ റോഷ് തിരിമറി നടത്തിയെന്നും പേറ്റന്റിന് 2035 വരെ കാലാവധിയില്ലെന്നുമാണ് നാറ്റ്കോയുടെ നിലപാട്.റോഷ് ഈടാക്കുന്നതിനേക്കാൾ 80–90% വിലക്കുറവിൽ മരുന്നു ലഭ്യമാക്കാൻ സാധിക്കുമെന്നാണ് നാറ്റ്കോ വ്യക്തമാക്കിയത്. എസ്എംഎ ബാധിതരായ ആലുവ സ്വദേശി പി.എ.സേബ, ഡൽഹി സ്വദേശി പൂർവ മിത്തൽ എന്നിവർ നാറ്റ്കോയെ അനുകൂലിച്ച് കേസിൽ കക്ഷി ചേർന്നിരുന്നു.