യുഎസ് തീരുവ: സർക്കാർ എന്തു ചെയ്യാൻ പോകുന്നു? സഭയിൽ വ്യക്തമാക്കണമെന്ന് രാഹുൽ

Mail This Article
ന്യൂഡൽഹി ∙ യുഎസ് തീരുവ വിഷയത്തിലും ചൈനീസ് കയ്യേറ്റത്തിലും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ചു. വിദേശിയുടെ മുന്നിൽ തലകുനിച്ചുനിൽക്കുകയെന്നതാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും നയമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സഖ്യകക്ഷിയായ യുഎസ് ഏർപ്പെടുത്തിയ തീരുവ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ തകർക്കും. കൃഷി, ഓട്ടമൊബീൽ, ഫാർമ മേഖലകളെ തീരുവ കാര്യമായി ബാധിക്കും.
തീരുവ വിഷയത്തിൽ സർക്കാർ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് സർക്കാർ സഭയിൽ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ 4,000 ചതുരശ്രകിലോമീറ്റർ സ്ഥലം ചൈന കൈവശം വച്ചിരിക്കുകയാണ്. എന്നിട്ടും നമ്മുടെ വിദേശകാര്യ സെക്രട്ടറി ചൈനീസ് അംബാസഡർക്കൊപ്പം കേക്ക് മുറിക്കുന്നത് കണ്ടു. വീരമൃത്യു വരിച്ച ജവാന്മാരുടെ രക്തസാക്ഷിത്വമാണ് അവർ കേക്ക് മുറിച്ച് ആഘോഷിച്ചത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 75–ാം വാർഷികം പ്രമാണിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ്ങും കഴിഞ്ഞ ദിവസം കേക്ക് മുറിച്ചതിനെക്കുറിച്ചായിരുന്നു രാഹുലിന്റെ പരാമർശം. അതിർത്തി സാധാരണനിലയിലേക്ക് എത്തുന്നതിന് പ്രതിപക്ഷം എതിരല്ല, പക്ഷേ അതിനു മുൻപ് നമ്മുടെ ഭൂമി തിരിച്ചുപിടിക്കണം. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ചൈനയ്ക്ക് കത്തയച്ചു. എന്നാൽ ആ വിവരം നമ്മൾ അറിഞ്ഞത് നമ്മുടെ ആളുകൾ വഴിയില്ല, ചൈനീസ് അംബാസഡറിലൂടെയാണ്. വിദേശനയമെന്നത് മറ്റ് രാജ്യങ്ങളെ കൈകാര്യം ചെയ്യുന്നതിലെ മികവാണെന്നും രാഹുൽ പറഞ്ഞു.
എന്നാൽ, ഒരിഞ്ചു സ്ഥലം പോലും ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് ബിജെപി അംഗമായ അനുരാഗ് ഠാക്കൂർ പറഞ്ഞു. ചൈനീസ് വിഷയം ഇപ്പോൾ ഉന്നയിക്കുന്നവർ ദോക‍്‍ ലാ സംഘർഷം നടന്നപ്പോൾ ചൈനയുമായി സൂപ്പ് പങ്കിട്ടുവെന്നും അദ്ദേഹം ആരോപിച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷൻ എന്തിനാണ് ചൈനീസ് ഫണ്ടിങ് തേടിയതെന്നും അദ്ദേഹം ചോദിച്ചു.
∙ ‘വിദേശനയത്തിൽ ഇടത്തേക്കാണോ വലത്തേക്കാണോ ചായ്‌വെന്ന് ഒരിക്കൽ ഇന്ദിരാ ഗാന്ധിയോട് ചോദ്യമുയർന്നു. ഇടത്തേക്കും വലത്തേക്കും ചായുകയല്ല, നിവർന്നുനിൽക്കുമെന്നായിരുന്നു അവരുടെ മറുപടി. പക്ഷേ, ബിജെപിയോടും ആർഎസ്എസിനോടും ഈ ചോദ്യം ചോദിക്കുമ്പോൾ അവരുടെ ഉത്തരം വ്യത്യസ്തമായിരിക്കും. മുന്നിലെത്തുന്ന ഏതു വിദേശിക്കും മുന്നിൽ തലകുനിച്ചുനിൽക്കുമെന്നായിരിക്കും അവരുടെ മറുപടി.’ – രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞത്.