ADVERTISEMENT

ജീവിതത്തിൽ പാലിക്കേണ്ട നന്മപാഠങ്ങളുടെ പരിശീലനകാലമാണു റമസാൻ വ്രതമാസം. സഹജീവികളുടെ വേദനയിൽ ആശ്വാസം പകരുന്നതു മുതൽ ദീർഘമായ ആരാധനകളും പ്രാർഥനകളുമായി ദൈവസന്നിധിയിലേക്കുള്ള ആത്മീയയാത്ര വരെ വിശാലമാണത്.

പ്രപഞ്ചസ്രഷ്ടാവിനോടുള്ള കടമകൾ മാത്രമല്ല, സമൂഹത്തിലെ സഹജീവികളോടു പുലർത്തേണ്ട ബാധ്യതകളും ഇസ്‌ലാം കൽപിക്കുന്നുണ്ട്. മനുഷ്യർ പരസ്പരം സഹോദരങ്ങളാണെന്നതാണ് ഇസ്‌ലാമിക പാഠം. ആദ്യ പിതാവായ ആദമിന്റെ സന്തതികളാണു മനുഷ്യരെല്ലാം. വിശുദ്ധ ഖുർആനിലൂടെ മാനവകുലത്തോട് അല്ലാഹു ഓർമപ്പെടുത്തുന്ന ഉന്നതമായ വചനമുണ്ട്: ‘ആദം സന്തതികളെ നാം ബഹുമാനിച്ചിരിക്കുന്നു’. വേർതിരിവുകളില്ലാതെ മനുഷ്യസമൂഹത്തെ ഒന്നടങ്കം അഭിസംബോധന ചെയ്യുന്ന വചനമാണിത്. മനുഷ്യരോടുള്ള സ്നേഹവും സൗഹൃദവും സ്രഷ്ടാവിൽനിന്നു പ്രതിഫലം ലഭിക്കുന്ന കർമങ്ങളാണെന്ന ഇസ്‌ലാമിക പാഠവും ശ്രദ്ധേയമാണ്.

മനുഷ്യരിലേക്കു നന്മയുടെ സന്ദേശമായി വിശുദ്ധ ഖുർആൻ അവതരണത്തിനു തുടക്കം കുറിച്ച മാസമാണ് റമസാൻ. വിശുദ്ധ ഗ്രന്ഥാവതരണത്തിന്റെ വാർഷികം. ഈ മാസത്തിലെ വ്രതാനുഷ്ഠാനം സ്രഷ്ടാവിനുള്ള നന്ദി കൂടിയാണ്. വ്രതം മുഹമ്മദ് നബി(സ)യിലൂടെ കൽപിച്ച പുതിയൊരു ആരാധനാകർമമല്ല. മുൻ പ്രവാചകന്മാരുടെ കാലഘട്ടത്തിലും വ്രതാനുഷ്ഠാനങ്ങൾ ഉണ്ടായിരുന്നെന്നു വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. രീതികളിലും കാഴ്ചപ്പാടുകളിലും മാറ്റമുണ്ടെങ്കിലും വിവിധ മതസമൂഹങ്ങളിൽ വ്രതാനുഷ്ഠാനങ്ങളുണ്ട്. വിവിധ ജീവിവർഗങ്ങൾ ചില പ്രത്യേക സമയത്ത് അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നതായി ശാസ്ത്ര നിരീക്ഷണങ്ങളുമുണ്ട്.

‘സ്വന്തം ഇച്ഛകളോടുള്ള സമരമാണ് ഏറ്റവും വലിയ സമരം’ എന്നാണ് പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ വചനം. ഇച്ഛകളോടുള്ള സമരമാണു റമസാൻ. നിശ്ചിത സമയം അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നു. ഒപ്പം, ആരാധനാക്രമങ്ങൾ വർധിപ്പിച്ച് ആത്മസംസ്കരണ വഴികളിലൂടെ സഞ്ചരിക്കുന്നു. മനുഷ്യരുമായുള്ള ബന്ധങ്ങൾ ദൃഢമാക്കുന്നു. സഹായങ്ങളും ദാനധർമങ്ങളും വർധിപ്പിക്കുന്നു.

ഇവയെല്ലാം റമസാനിൽ സജീവമാകുമെങ്കിലും ഒരു മാസത്തിലൊതുക്കേണ്ട നന്മകളല്ല, ജീവിതകാലം മുഴുവൻ നിലനിർത്തേണ്ട ധാർമിക പാഠങ്ങളാണ്. തഖ്‌വ അഥവാ ജീവിതത്തിലെ സൂക്ഷ്മതയാണ് നോമ്പിന്റെ ആധ്യാത്മിക ലക്ഷ്യം. സ്വന്തത്തെ തിരിച്ചറിയുക എന്ന പാഠമാണ് വേദഗ്രന്ഥങ്ങളും ആധ്യാത്മിക നായകരും ജീവിതത്തെ ഗൗരവമായി കണ്ടവരുമെല്ലാം പകർന്നു നൽകിയത്. സോക്രട്ടീസിലൂടെ പ്രശസ്തമായ യവനനീതിവാക്യങ്ങളുടെ നെറുകയിൽ പ്രതിഷ്ഠിക്കാവുന്നതാണ് ‘Know thyself’ (നീ നിന്നെത്തന്നെ അറിയുക). ഈ പാഠം മനുഷ്യർ വിസ്മരിച്ച കാലങ്ങളിൽ സമൂഹം ധാർമിക – സാംസ്കാരിക അധഃപതനത്തിലേക്കു നീങ്ങിയതു കണ്ടെത്താനാകും.

സ്രഷ്ടാവ് ജീവജാലങ്ങളെ മൂന്നു വിധത്തിലാണു സൃഷ്ടിച്ചത് എന്ന ജലാലുദ്ദീൻ റൂമിയുടെ സൂഫി നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. മാലാഖയും മനുഷ്യരും മറ്റു ജീവജാലങ്ങളുമാണത്. സ്രഷ്ടാവ് നിശ്ചയിച്ച ധാർമിക വഴികളിലൂടെ സഞ്ചരിക്കുന്നവരാണു മാലാഖമാർ. മൃഗങ്ങളടക്കമുള്ള ജീവജാലങ്ങൾക്ക് ധർമാധർമ വിവേചനശേഷിയില്ല; ജീവിതവഴിയിൽ സൂക്ഷ്മത സാധ്യവുമല്ല. മനുഷ്യസൃഷ്ടി വലിയ അദ്ഭുതമാണ്. സ്രഷ്ടാവ് മനുഷ്യനു വിവേചനശേഷിയും വേദഗ്രന്ഥങ്ങളും ധർമാധർമങ്ങൾ തിരിച്ചറിയാനുള്ള കഴിവും നൽകി. ഏതു വഴി വേണമെന്നു തിരഞ്ഞെടുക്കാൻ മനുഷ്യനു കഴിയും. നന്മയ്ക്കു പ്രതിഫലവും തിന്മയ്ക്കു ശിക്ഷയും വിധിക്കുന്ന മറ്റൊരു ലോകത്തെക്കുറിച്ച് സ്രഷ്ടാവ് മുന്നറിയിപ്പും നൽകി.

സ്വന്തത്തെ അറിഞ്ഞവർക്ക് ജീവിതത്തിലെ തിരഞ്ഞെടുപ്പിനു പ്രയാസങ്ങളില്ല. അവർ സ്രഷ്ടാവിനോടും സഹജീവികളോടുമുള്ള കടമ വിസ്മരിക്കാതെ ജീവിച്ച് പരലോകമോക്ഷം നേടാൻ സാഹചര്യമൊരുക്കും. ‘സ്വന്തത്തെ അറിഞ്ഞവൻ ദൈവത്തെ അറിഞ്ഞു’, ‘സ്വന്തത്തെ അറിഞ്ഞവൻ പരാജയപ്പെടുകയില്ല’– ഈ രണ്ടു വചനങ്ങളും തിരുനബി(സ)യുടേതാണ്.

വ്യക്തി സംസ്കൃതിയിലൂടെ സാമൂഹിക സംസ്കൃതിയാണ് റമസാൻ പരിശീലിപ്പിക്കുന്നത്. ജീവിതത്തിൽ വന്നുപോയ ദോഷങ്ങളിൽ സ്രഷ്ടാവിൽനിന്നു പൊറുക്കൽ തേടിയും മനുഷ്യരുമായുണ്ടായ പൊരുത്തക്കേടുകളിൽ വീട്ടുവീഴ്ച ചെയ്തും മനസ്സിനെ ശുദ്ധീകരിക്കുക. മനസ്സിൽ വെറുപ്പും വിദ്വേഷവും കുടിയിരുത്തിയവരുടെ പ്രാർഥന സ്വീകാര്യമല്ലെന്നാണ് ഇസ്‌ലാമിന്റെ പാഠം.

മുസ്‌ലിം ജീവിതത്തിൽ സവിശേഷമായി രണ്ടു പ്രാർഥനകളുണ്ട്. ഒന്ന്, ഹജ് വേളയിലെ തൗബ (പശ്ചാത്താപം) പ്രാർഥന. മറ്റൊന്ന്, റമസാനിലെ തൗബ പ്രാർഥന. രണ്ട് അവസരത്തിലും പ്രാർഥനയ്ക്കു മുൻപ് മനുഷ്യരുമായുള്ള ബാധ്യതകൾ തീർക്കാനും മനസ്സു വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോടു ക്ഷമ ചോദിക്കാനും തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട്.

ലോകം വലിയ പുരോഗതി നേടിയെങ്കിലും പട്ടിണി ഇന്നും വലിയ പ്രശ്നമാണ്. വിശപ്പിന്റെ തീവ്രത വായിച്ചോ പ്രബന്ധമവതരിപ്പിച്ചോ ബോധ്യപ്പെടുത്തുന്നതിനപ്പുറമാണ് അനുഭവത്തിലൂടെയുള്ള അറിവ്. വ്രതം വിശപ്പിന്റെ കാഠിന്യം മനുഷ്യരെ പഠിപ്പിക്കുന്നു, മറ്റൊരാളുടെ ദുരിതവും വേദനയും അറിയാൻ അവസരമൊരുക്കുന്നു. അതുകൊണ്ട്, തനിക്കു ലഭിച്ചതിന്റെ ഒരു വിഹിതം സഹജീവിക്കു നൽകാനുള്ള മനോഭാവം മനുഷ്യരിൽ സൃഷ്ടിക്കുന്നു. സക്കാത്തും സ്വദഖയും (നിർബന്ധദാനവും ഐച്ഛികദാനവും) പാവങ്ങളെ തേടിയെത്തുന്നു.

(മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)

English summary: Panakkad Sadiqali Shihab Thangal's Ramadan message

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com