ADVERTISEMENT

കുട്ടികൾ ശരിക്കും  എത്ര നോമ്പെടുക്കണം– മീനുക്കുട്ടി  ഒരിക്കൽ ചോദിച്ചു. തന്നേക്കാൾ വയസ്സു കുറഞ്ഞതാണ് മീനുക്കുട്ടി എന്നതിന്റെ അഹങ്കാരത്തോടെ അവൾ  ക്ലാസെടുക്കാൻ തുടങ്ങി. ‘എത്ര എണ്ണം വേണമെങ്കിലും എടുക്കാം. പക്ഷേ കുട്ടികളോട് പടച്ചോൻ അങ്ങനെ നിർബന്ധമായിട്ട് എടുക്കാനൊന്നും പറഞ്ഞിട്ടില്ല. നമുക്ക് പറ്റുന്ന അത്രേം എടുക്കാം.’

‘അപ്പോൾപ്പിന്നെ ആദ്യപത്ത് നോമ്പിനെ കുട്ടികളുടെ പത്തെന്നു പറയുന്നതെന്തിനാ?’ മീനുവിന്  പിന്നെയും സംശയം.

‘നോമ്പും കാലാവസ്ഥയും ഒക്കെ തമ്മിൽ ഏതാണ്ട് ബന്ധമുണ്ടെന്നാ തോന്നുന്നേ. ഓരോ ദിവസത്തെയും നോമ്പിന് ക്ഷീണം കൂടിക്കൊണ്ടേയിരിക്കും. അവസാനമൊക്കെയാകുമ്പോൾ നമുക്ക് വല്ലാത്ത ക്ഷീണമുണ്ടാകും. പക്ഷേ ആദ്യത്തെ നോമ്പിന് ക്ഷീണവും ബുദ്ധിമുട്ടും എല്ലാം കുറവായിരിക്കും. അതാണല്ലോ കുട്ടികൾക്ക് എടുക്കാൻ സാധിക്കുക. അതു കൊണ്ടാ അങ്ങനെ പറയുന്നേ..’

‘പടച്ചവൻ എന്തിനാ മനുഷ്യനിങ്ങനെ പട്ടിണി കിടക്കണമെന്നാഗ്രഹിക്കുന്നത്?’ അവളുടെ ഉത്തരങ്ങളെ മൂടും വിധം മീനുക്കുട്ടി  ചോദിച്ചു കൊണ്ടേയിരുന്നു. 

ആ ചോദ്യത്തിന് ഉത്തരം പറയാനറിയാതെ അവളൊന്നു പകച്ച നേരത്താണ് ഉമ്മൂമ അവർക്കിടയിലേക്കു വന്നത്. മീനുവിനെ ചേർത്തു നിർത്തി ഉമ്മൂമ പറഞ്ഞു. ‘നീ കണ്ടിട്ടുണ്ടോ പട്ടിണി കിടക്കുന്ന, കഴിക്കാനൊരു നേരത്തെ ഭക്ഷണമില്ലാത്ത മനുഷ്യന്മാരെ...?’

മീനുവിന്റെയോ അവളുടെയോ വീടിന്റെ പരിസരത്തൊന്നും അങ്ങനെ പട്ടിണി കിടക്കുന്ന മനുഷ്യരില്ല. ഇല്ലെന്നു തലയാട്ടിയപ്പോൾ ഉമ്മൂമ പറഞ്ഞു. ‘അങ്ങനെയും ചില മനുഷ്യർ നമുക്കിടയിലുണ്ടാകും. തെരുവിൽ കഴിയുന്ന എത്രയോ മനുഷ്യരുണ്ട്. അവർക്കൊക്കെ വിശപ്പ് ഒരു ശീലമായിക്കാണും. നമ്മളത് ശ്രദ്ധിക്കുക പോലും ചെയ്യാറില്ലല്ലേ? പലപ്പോഴും. അവരൊക്കെ അനുഭവിക്കുന്നത് എന്താണെന്നു നമ്മളും മനസ്സിലാക്കേണ്ടേ..? വിശപ്പിന്റെ വില എന്തെന്നറിയണം. അന്നത്തിന്റെ പുണ്യമെന്താണെന്നറിയണം അതിനൊക്കെയാ നോമ്പു നോൽക്കുന്നത്. അതു നമ്മളിൽ കരുണ വളർത്തും. അനുകമ്പ വളർത്തും അങ്ങനെയങ്ങനെയങ്ങനെ.....’

എന്നാൽ പിന്നെ ഇന്നുമുതൽ ഞാനും നോമ്പെടുക്കുന്നുണ്ട്. ഞാനും അറിയണ്ടേ വിശപ്പിന്റെ വിലയെന്നു മീനുക്കുട്ടിയുടെ വാദം.

വയ്യാണ്ടാവ്ട്ടോ..വേണ്ടാന്ന് ..ഉമ്മൂമയുടെ മുന്നറിയിപ്പ്. 

പക്ഷേ അവൾ തയാറായില്ല..അങ്ങനെയാണ് അവൾക്കൊപ്പം മീനുക്കുട്ടിയും നോമ്പെടുത്തു തുടങ്ങിയത്...

ഇപ്പോഴൊരു പക്ഷേ അവളേക്കാൾ നോമ്പെടുക്കാറുണ്ട് മീനുക്കുട്ടി.

English Summary: Children and Ramadan fasting 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com