ADVERTISEMENT

ന്യൂഡൽഹി ∙ കല്ലുവാതുക്കൽ വിഷമദ്യദുരന്തക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി മണിച്ചനെ, പിഴയായി വിധിച്ച 30.45 ലക്ഷം രൂപ ഈടാക്കാതെ തന്നെ ഉടൻ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെന്ന പേരിൽ മോചനം നിഷേധിക്കാനാകില്ലെന്നു ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മണിച്ചനെ പാർപ്പിച്ചിരിക്കുന്ന തിരുവനന്തപുരം നെട്ടുകാൽത്തേരി ജയിലിൽ സുപ്രീം കോടതി ഉത്തരവ് ലഭിച്ചാൽ ഇന്നുതന്നെ മോചനമുണ്ടാകും. 

ദുരന്തബാധിതർക്കു നഷ്ടപരിഹാരം നൽകാൻ പിഴത്തുക ഈടാക്കണമെന്നു സർക്കാർ വാദിച്ചു. എന്നാൽ, മദ്യദുരന്തം തടയുന്നതിൽ പരാജയപ്പെട്ട നിലയ്ക്ക് സർക്കാരിനുതന്നെ നഷ്ടപരിഹാരം നൽകിക്കൂടേയെന്നു കോടതി വാക്കാൽ ആരാഞ്ഞു. 

31 പേരുടെ മരണത്തിന് ഇടയാക്കിയ 2000 ലെ മദ്യദുരന്തക്കേസിലെ പ്രധാന പ്രതിയായ മണിച്ചൻ (ചന്ദ്രൻ) 22 വർഷമായി ജയിലിലാണ്. ജീവപര്യന്തത്തിനു പുറമേ 43 വർഷം തടവു കൂടി കോടതി വിധിച്ചിരുന്നു. ഇതിൽ ഇളവു നൽകി മോചനത്തിനു ഗവർണർ ഉത്തരവിട്ടെങ്കിലും പിഴത്തുക ഇളവു ചെയ്തിരുന്നില്ല. പിഴ കൂടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് മണിച്ചന്റെ ഭാര്യ ഉഷ സുപ്രീം കോടതിയെ സമീപിച്ചത്. പണമടച്ചില്ലെങ്കിൽ 22 വർഷവും 9 മാസവും കൂടി ജയിലിൽ തുടരണമെന്ന നിലപാടാണ് സർക്കാർ കോടതിയിൽ ആവർത്തിച്ചത്. 

പിഴയായി കൊടുക്കാൻ പണമില്ലെന്ന് ഉഷയുടെ അഭിഭാഷക മാലിനി പൊതുവാൾ കോടതിയോടു പറഞ്ഞു. മോചന ഉത്തരവിറക്കിയ ഗവർണറോടു തന്നെ പിഴയിളവിന്റെ കാര്യവും ആവശ്യപ്പെട്ടുകൂടേ എന്നാണ് കോടതി ആദ്യം ചോദിച്ചത്. മണിച്ചന് 70 വയസ്സോടടുത്ത കാര്യവും കേസിലെ മറ്റു ചില പ്രതികളെ പിഴ അടയ്ക്കാതെ മോചിപ്പിച്ച കാര്യവും അഭിഭാഷക ചൂണ്ടിക്കാട്ടിയിരുന്നു.

English Summary: Supreme Court Asks Kerala Government To Release Manichan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com