ഗുരുവായൂർ ദേവസ്വത്തിന്റെ പണം പ്രാഥമിക സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചെന്ന് ഓഡിറ്റ് വകുപ്പ്

Mail This Article
കൊച്ചി ∙ ഗുരുവായൂർ ദേവസ്വത്തിന്റെ ഫണ്ടുകൾ ചട്ടവിരുദ്ധമായി രണ്ടു പ്രാഥമിക സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നു സംസ്ഥാന ഓഡിറ്റ് വകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. ഷെഡ്യൂൾഡ് വിദേശബാങ്കായ ഡവലപ്മെന്റ് ബാങ്ക് ഓഫ് സിംഗപ്പൂർ (ഡിബിഎസ്) ബാങ്ക് ഇന്ത്യ ലിമിറ്റഡിൽ പണം നിക്ഷേപിച്ചതു ഘട്ടംഘട്ടമായി മാറ്റാനും നിർദേശം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.
ഗുരുവായൂർ ദേവസ്വം ചട്ടപ്രകാരം സഹകരണ മേഖലയിൽ സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, സഹകരണ അർബൻ ബാങ്ക് എന്നിവിടങ്ങളിലാണു ദേവസ്വത്തിനു തുക നിക്ഷേപിക്കാവുന്നത്. എന്നാൽ ഇതിനു വിരുദ്ധമായി എരിമയൂർ സർവീസ് സഹകരണ ബാങ്ക്, പേരകം സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ അക്കൗണ്ടുള്ളതായി റിപ്പോർട്ടിൽ അറിയിച്ചു. 2021 മാർച്ച് 31ലെ കണക്ക് പ്രകാരം 10.12 ലക്ഷം രൂപയുടെ നിക്ഷേപം എരിമയൂർ സർവീസ് സഹകരണ ബാങ്കിലും 7.32 ലക്ഷം രൂപ പേരകം സർവീസ് സഹകരണ ബാങ്കിലുമുണ്ടെന്നും അറിയിച്ചു. ഇത് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നെന്നും വ്യക്തമാക്കി.
ഗുരുവായൂർ ദേവസ്വത്തിന്റെ പണം 60 ശതമാനത്തോളം ദേശസാൽകൃത ബാങ്കുകളിലും ബാക്കി റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ഷെഡ്യൂൾഡ് ബാങ്കുകളിലും മറ്റു ബാങ്കുകളിലുമാണു നിക്ഷേപിച്ചിട്ടുള്ളതെന്നു നേരത്തെ ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി അറിയിച്ചിരുന്നു. പേരകം, എരുമയൂർ സർവീസ് സഹകരണ ബാങ്കുകളിലായി രണ്ടു കീഴേടം ക്ഷേത്രങ്ങളുടെ സേവിങ്സ് അക്കൗണ്ട് ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിലെ പണം സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ഡോ. മഹേന്ദ്ര കുമാർ നൽകിയ ഹർജിയിലാണു ഓഡിറ്റ് വകുപ്പ് സീനിയർ ഡപ്യൂട്ടി ഡയറക്ടർ എൻ.സതീശൻ റിപ്പോർട്ട് നൽകിയത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ഹർജി നൽകിയത്.
ഈ മാസം 5 വരെയുള്ള സ്ഥിര നിക്ഷേപത്തിന്റെ വിശദാംശങ്ങളും ഓഡിറ്റ് വകുപ്പ് കോടതിയിൽ നൽകി. 1975.909 കോടിയാണ് 17 ബാങ്കുകളിലായി ആകെ സ്ഥിര നിക്ഷേപം. ഡിബിഎസ് ബാങ്കിൽ 205.26 കോടി രൂപയുടെ നിക്ഷേപവും ഇതിൽ ഉൾപ്പെടുന്നു.