വീണയുടെ വാദം കേട്ടില്ലെന്ന സിപിഎം നിലപാട് തെറ്റ്; നോട്ടിസ് നൽകിയത് 2021ൽ
Mail This Article
തിരുവനന്തപുരം ∙ സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്ഐഡിസിയുമായി ബന്ധമുള്ള കമ്പനിയുമായി സർക്കാരിലെ ഉന്നതന്റെ മകൾ കരാറിലേർപ്പെടുന്നതിലെ ‘കോൺഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ്’ ചൂണ്ടിക്കാട്ടി 2021ൽ തന്നെ വീണാ വിജയന്റെ കമ്പനിക്ക് നോട്ടിസ് ലഭിച്ചിരുന്നു. ബെംഗളൂരു റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) ആണ് നോട്ടിസ് നൽകിയത്. ബെംഗളൂരു കോടതി വിധിയിൽ ആർഒസി നൽകിയ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
വീണയുടെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സിപിഎം ഉന്നയിച്ച വാദം കൂടിയാണ് കഴിഞ്ഞദിവസം പുറത്തുവന്ന കോടതി വിധിയോടെ തകർന്നത്. 2020–22 കാലയളവിൽ ഇടപാടു സംബന്ധിച്ച് പലവട്ടം നോട്ടിസുകൾ നൽകിയിരുന്നെങ്കിലും വ്യക്തമായ മറുപടി നൽകാൻ വീണയുടെ കമ്പനിക്കായില്ലെന്ന് ആർഒസി കൃത്യമായി കോടതിയിൽ അറിയിച്ചിരുന്നുവെന്ന് വിധിയിൽ നിന്നു വ്യക്തമാകുന്നു.
എക്സാലോജിക്– സിഎംആർഎൽ ഇടപാടുകളെക്കുറിച്ച് ഇ.ഡി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 2021ൽ ആർഒസി എക്സാലോജിക്കിൽ നിന്നും വിശദീകരണം തേടിയത്. അങ്ങനെയെങ്കിൽ ഇ.ഡി എന്തുകൊണ്ട് ക്രമക്കേടുകളിൽ തുടരന്വേഷണം നടത്തിയില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്.