തിരിച്ചുവരാൻ സുധാകരൻ; തീരുമാനം 4ന്
Mail This Article
തിരുവനന്തപുരം∙ വോട്ടെടുപ്പു കഴിഞ്ഞ സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റിന്റെ ചുമതലകൾ തിരികെ ലഭിച്ചേ തീരൂവെന്നു എഐസിസി നേതൃത്വത്തോടു കെ.സുധാകരൻ. ആക്ടിങ് പ്രസിഡന്റ് എം.എം.ഹസന്റെ അധ്യക്ഷതയിൽ 4നു ചേരുന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിനായി എത്തുന്ന എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാലും ദീപ ദാസ്മുൻഷിയും സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി സംസാരിച്ച് തീരുമാനമെടുക്കും.
‘പാർലമെന്റ് തിരഞ്ഞെടുപ്പ് അവസാനിക്കും വരെ’ പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനുള്ള കത്താണ് എഐസിസി ഹസനു നൽകിയിരുന്നത്. ഫലം പുറത്തു വരും വരെ എന്നാണ് എഐസിസി ഉദ്ദേശിക്കുന്നതെന്നാണ് ഹസന്റെ വാദം. വോട്ടെടുപ്പ് കഴിയും വരെ എന്നു സുധാകരനും.
ഏതാനും ദിവസം മുൻപ് കെപിസിസി ആസ്ഥാനത്തെത്തിയ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ നടന്ന ആശയവിനിമയത്തിൽ വോട്ടെണ്ണുംവരെ ഹസൻ തുടരട്ടെ എന്ന അഭിപ്രായം ഉരുത്തിരിഞ്ഞിരുന്നു. എന്നാൽ ഇതിനോട് സുധാകരൻ യോജിച്ചില്ല. ഹസൻ തുടരട്ടെ എന്ന അഭിപ്രായത്തിലാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. സുധാകരനെ മാറ്റി നിർത്തുന്നതിനോട് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല യോജിക്കുന്നില്ല.