ADVERTISEMENT

കോഴിക്കോട് ∙ എന്താണ് എഴുത്തിന്റെ ത്രിൽ? എഴുത്തിന്റെയും വായനയുടെയും ത്രിൽ ആദ്യവസാനം നിലനിർത്തുന്നതിനുള്ള സൂത്രവാക്യങ്ങൾ എന്തൊക്കെയാണ്? കഥയുടെയോ പാത്രസൃഷ്ടിയുടെയോ വിത്ത് മനസ്സിൽ ആദ്യം വീഴുന്ന നിമിഷത്തിനോ രചന പൂർത്തിയാകുമ്പോഴുള്ള ആഹ്ലാദത്തിനോ ത്രിൽ കൂടുതൽ? ത്രില്ലറുകൾക്കാണോ കൂടുതൽ ത്രിൽ? ചോദ്യങ്ങൾക്കുള്ള ഉത്തരമായി കഥാകാരന്റെ മനോവ്യാപാരങ്ങളിലെ മായക്കാഴ്ചകളും ആകസ്മികതകളും പങ്കുവച്ച് ഹോർത്തൂസിന്റെ വേദിയെ ത്രില്ലടിപ്പിച്ച് മധുശങ്കർ മീനാക്ഷി, മാനുവൽ ജോർജ്, ഷംസുദ്ദീൻ മുബാറക്, ടി.പി.ശ്രീജേഷ് എന്നിവർ. ‘എഴുത്തിലെ ത്രില്ലും കഥ എന്ന ത്രില്ലറും’ എന്ന വിഷയത്തിലൂന്നിയുള്ള ചർച്ചയിലാണു നാലു പേരും ഒരുമിച്ചത്. 

‘മരിപ്പാഴി’ എന്ന തന്റെ നോവലിന്റെ പശ്ചാത്തലമാണു കാശിയെങ്കിലും അത് എഴുതും മുൻപ് ഒരിക്കൽപോലും കാശി സന്ദർശിച്ചിട്ടില്ലെന്നു മധുശങ്കർ പറഞ്ഞു. എന്നാൽ, നോവലിനായി ഭാവനയിൽ നിന്നു സൃഷ്ടിച്ചെടുത്ത പലതും പിന്നീട് കാശി സന്ദർശിച്ചപ്പോൾ യഥാർഥത്തിൽ ഉള്ളതായിരുന്നു എന്നതു വിസ്മയിപ്പിച്ചു. ഇത്തരം ആകസ്മികതകളുടെ ത്രിൽ രചനകളിൽ ഉടനീളമുണ്ട്. എങ്കിലും എഴുത്തിൽ ത്രില്ലടിപ്പിക്കുന്നതു ഭാഷയാണ്. ചെറിയ വാക്കുകളിലേക്കു വികാരപരമായി ആശയങ്ങളെ സന്നിവേശിപ്പിക്കാനാവുന്നതു ത്രില്ലാണ്. കഥാപാത്രങ്ങളെ നോവലിനുള്ളിൽ കൃത്യമായി പ്ലേസ് ചെയ്യാനാവുമ്പോഴും ഇതേ ത്രിൽ ലഭിക്കുന്നുണ്ടെന്നും മധുശങ്കർ പറഞ്ഞു.

മുൻകൂട്ടി പ്ലാൻ ചെയ്തു കൃത്യമായ രൂപരേഖ തയാറാക്കിയുള്ള എഴുത്ത് തനിക്കു വഴങ്ങാറില്ലെന്നും വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മനസ്സിൽ കയറിക്കൂടുന്ന ഒരു കഥാപാത്രമോ കഥാസന്ദർഭമോ ഉയർത്തിവിടുന്ന ചിന്തകളിൽ നിന്നാണു തന്റെ രചനകൾ ഉണ്ടാകുന്നതെന്നും ശ്രീജേഷ് പറഞ്ഞു. പലപ്പോഴും എഴുതി ഒന്നുരണ്ട് അധ്യായങ്ങൾ പൂർത്തിയായ ശേഷം മാത്രമാണു രചന ഏതു ജോണറിലുള്ളതാണെന്നു പോലും തിരിച്ചറിയുക. ഒരു രചനയുടെ മുന്നോട്ടുള്ള പോക്ക് സ്വാഭാവികമായി സംഭവിക്കുകയാണ്. അതു പൂർത്തിയാക്കുന്നതിലാണു ത്രിൽ – ശ്രീജേഷ് പറഞ്ഞു.

‘സനാരി’ എന്ന തന്റെ നോവലുമായി ഈയിടെ പുറത്തിറങ്ങിയ ‘1000 ബേബീസ്’ എന്ന വെബ് സീരീസിനുള്ള സാമ്യം രണ്ടു പേർ ഒരേ തരത്തിൽ ചിന്തിച്ചതു കൊണ്ടു സംഭവിച്ചതാകാമെന്നു മാനുവൽ പറഞ്ഞു. സനാരി പുറത്തിറങ്ങുന്ന സമയത്തുതന്നെ വെബ് സീരീസിന്റെ ഷൂട്ടിങ്ങും പൂർത്തിയായിരുന്നു. രണ്ടിലും സമാനമായുള്ളതു കുറ്റകൃത്യത്തിന്റെ രീതി മാത്രമാണ്.

വെബ് സീരീസ് ഇറങ്ങിയതോടെ നോവലിന്റെ സസ്പെൻസ് പൊളിഞ്ഞല്ലോ എന്ന വിഷമം തോന്നിയിരുന്നു. എന്നാൽ, ആ പേടിക്ക് അടിസ്ഥാനമില്ലെന്നു പിന്നീടു മനസ്സിലായി. നോവലിന്റെ ഇതിവൃത്തം മോഷ്ടിച്ചാണു വെബ് സീരീസ് ചിത്രീകരിച്ചതെന്നു പറഞ്ഞു കേസിനു പോയാൽ വിവാദമുണ്ടാകുമെന്നും കോപ്പികൾ കൂടുതൽ വിറ്റുപോകുമെന്നും അറിയാം. എന്നാൽ, അങ്ങനെ ചെയ്യുന്നതു നീതികേടാണ്. ശ്രീനാരായണഗുരുവിൽ തുടങ്ങി ഗുരുവിൽ തന്നെയാണു സനാരി അവസാനിക്കുന്നത്. എല്ലാ മതങ്ങളും പറയുന്നത് ഒന്നാണെന്നുള്ള ഗുരുവിന്റെ ആത്മോപദേശ ശതകത്തിന്റെ കാമ്പു തന്നെയാണു സനാരിയിലൂടെ പറയാൻ ശ്രമിച്ചതെന്നും മാനുവൽ പറഞ്ഞു. 

മരണാനന്തര ജീവിതം ചർച്ച ചെയ്യുന്ന തന്റെ നോവൽ ‘ദായിഷി’ന്റെ രചനാവേളയിൽ മരണത്തിന്റെ മായക്കാഴ്ചകൾ പലപ്പോഴും തനിക്കുണ്ടായിട്ടുണ്ടെന്നു ഷംസുദ്ദീൻ മുബാറക് പറഞ്ഞു. മാലാഖമാരെത്തി നോവലിലെ കഥാപാത്രത്തിന്റെ ജീവൻ വലിച്ചെടുത്തു പോകുന്നതായി നോവലിലുണ്ട്. ഇതിനു സമാനമായ കാഴ്ചകളാണ് ഉറങ്ങാൻ കിടന്നപ്പോൾ ഉണ്ടായത്– ഷംസുദ്ദീൻ പറഞ്ഞു. 

English Summary:

Writing formulas from famous writers on Manorama Hortus platform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com