ബിസിനസും കലതന്നെ: ജോയ്‌ആലുക്കാസ്
Mail This Article
കോഴിക്കോട് ∙ ബിസിനസ് എന്നത് കലയാണെന്നും സംഗീതജ്ഞനു സംഗീതംപോലെ ബിസിനസ് ഉള്ളിലുള്ള ഏതൊരാൾക്കും ഈ കലയും സ്വായത്തമാക്കാമെന്നും ജോയ്‌ആലുക്കാസ് ഗ്രൂപ്പ് മേധാവി ജോയ് ആലുക്കാസ് പറഞ്ഞു. മനോരമ ഹോർത്തൂസിൽ ‘ദ് ആർട്ട് ഓഫ് സ്പ്രെഡിങ് ജോയ്’ എന്ന ആത്മകഥയെക്കുറിച്ചുള്ള സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിലെ പല അനുഭവങ്ങളും ദുനരുഭവങ്ങളുമാണ് എന്നെ വളർത്തിയത്. എന്റെ ജീവിതകാലത്ത് ഒരിക്കലും സ്വർണവില കുത്തനെ ഇടിഞ്ഞുകണ്ടിട്ടേയില്ല. സ്വർണം ധരിച്ചാലേ ഒരു പെൺകുട്ടി സുന്ദരിയാവൂ എന്ന കാഴ്ചപ്പാട് എനിക്കില്ല. പക്ഷേ രാസവസ്തുക്കൾ ഉപയോഗിച്ചു സൗന്ദര്യം വർധിപ്പിക്കുന്നതിനേക്കാൾ ആരോഗ്യത്തിനു നല്ലത് ആഭരണമണിഞ്ഞ് സൗന്ദര്യം കൂട്ടുന്നതാണെന്നാണ് അഭിപ്രായം.
വിവാഹത്തിൽ ഒരു താലി വേണമെന്നതിനാൽ ഏതൊരാളുടെയും ജീവിതവമായി സ്വർണം ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. എന്റെ ജീവിതകാലത്ത് ആളുകൾക്ക് സ്വർണത്തിനോടുള്ള ഇഷ്ടം കുറയില്ലെന്ന് ഉറപ്പുണ്ട്. കേരളത്തിൽ പുതുതലമുറയ്ക്ക് ആഭരണത്തോട് ഇഷ്ടം കുറഞ്ഞാലും ഉത്തരേന്ത്യയിലും മറ്റും സ്വർണം വാങ്ങുന്നവർ അനേകമുണ്ട്. ബംഗ്ലദേശികളും പാക്കിസ്ഥാനികളും ശ്രീലങ്കക്കാരും സ്വർണാഭരണം ഇഷ്ടപ്പെടുന്നവരാണ്–ജോയ് ആലുക്കാസ് പറഞ്ഞു. മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ മോഡറേറ്ററായിരുന്നു.