കോഴ്സ് മനസ്സിലാക്കാതെ വിദേശപഠനം വേണ്ട: ഡെന്നി തോമസ് വട്ടക്കുന്നേൽ
Mail This Article
കോഴിക്കോട് ∙ ഒരേ അവസരങ്ങൾക്കു പിന്നാലെ ഒരുകൂട്ടമായി പോകുന്നതിനു പകരം ഓരോ കോഴ്സിനെക്കുറിച്ചും തൊഴിൽസാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണ നേടിയശേഷംമാത്രം വിദേശപഠനത്തിനു തയാറെടുക്കണമെന്ന് സാന്റ മോണിക്ക ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേൽ അഭിപ്രായപ്പെട്ടു.
മനോരമ ഹോർത്തൂസിൽ ‘അതിരുകളില്ലാത്ത വിദ്യാഭ്യാസം, അതിർത്തികൾ താണ്ടുന്ന വിദ്യാർഥികൾ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു പലരും പോയതുകൊണ്ടു മാത്രം ചിലർ ചില കോഴ്സ് തിരഞ്ഞെടുക്കുമ്പോഴാണു പരാജയം സംഭവിക്കുന്നത്. ഓരോ വർഷവും വിദേശപഠനത്തിനു പോകുന്നവരുടെ എണ്ണം കൂടിവരികയാണ്. ഉന്നതവിദ്യാഭ്യാസത്തിന്റെ സ്വഭാവത്തിൽ ഇതു മാറ്റങ്ങൾ വരുത്തിയിട്ടുമുണ്ട്. നമ്മുടെ കോളജുകളിലും ലോകനിലവാരത്തിലുളള കോഴ്സുകളും സാഹചര്യങ്ങളുമുണ്ട്.
വിദശവിദ്യാർഥികൾക്ക് ഇവിടെ വന്നുപഠിക്കാനും സാഹചര്യമൊരുക്കണം. നമുക്കു ചുറ്റുമുള്ളവർക്കൊപ്പം പഠിക്കുന്നതും നൂറിലേറെ രാജ്യങ്ങളിൽനിന്നുള്ളവർക്കൊപ്പം പഠിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഇതിനനുസൃതമായ നയങ്ങൾ രാജ്യത്ത് രൂപപ്പെടണമെന്നും ഡെന്നി തോമസ് പറഞ്ഞു.
വിദേശപഠനം തിരഞ്ഞെടുത്തു പോകുന്നവർക്കിടയിൽ അസഹിഷ്ണുതയുടെ രാഷ്ട്രീയം വളരുന്നുണ്ടെന്നും ഇതു നേരിടാൻ സർക്കാർ ഇടപെടണമെന്നും ഈ സെഷനിൽ പങ്കെടുത്ത വിദ്യാഭ്യാസ വിദഗ്ധൻ എം.വി.ബിജുലാൽ പറഞ്ഞു.