വരുന്നു, ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ്; ഭൂമി ഉൾപ്പെടെ എല്ലാ ആസ്തിവിവരങ്ങളും ഉൾപ്പെടുത്തും

Mail This Article
തിരുവനന്തപുരം∙ ഒരു വ്യക്തിയുടെ ഭൂമി ഉൾപ്പെടെയുള്ള എല്ലാ ആസ്തി വിവരങ്ങളും ഉൾക്കൊള്ളിച്ച് ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് തയാറാക്കുമെന്നും ഇതിനായി 2 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കു നൽകിയ മറുപടിയിലാണ് ഇതടക്കം പുതിയ പദ്ധതികൾ മന്ത്രി പ്രഖ്യാപിച്ചത്. ഭൂമി, വരുമാനം, വിവിധ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ എല്ലാ വിവരങ്ങളും ഒറ്റ നമ്പറിനു കീഴിലാക്കുന്നതാണ് പ്രോപ്പർട്ടി കാർഡ്. കാർഡ് നമ്പറോ അതിലെ ക്യുആർ കോഡോ ഉപയോഗിച്ച് വ്യക്തിയുടെ ആസ്തി വിവരങ്ങൾ ഓൺലൈനായി ഉദ്യോഗസ്ഥർക്കു പരിശോധിക്കാൻ കഴിയും.
ഇതുവഴി ഓരോ ആവശ്യത്തിനും വെവ്വേറെ സർട്ടിഫിക്കറ്റുകളും മറ്റും ഹാജരാക്കുന്നത് ഒഴിവാക്കാൻ കഴിയും. സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്ന മുറയ്ക്ക് അതിലെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി കാർഡ് തയാറാക്കാനാണ് ഉദ്ദേശിക്കുന്നത്. ഡിജിറ്റൽ റീസർവേ സംബന്ധിച്ച് ഒട്ടേറെ സംസ്ഥാനങ്ങൾ പഠനത്തിനായി കേരളത്തിലേക്ക് എത്തുന്നതിനാൽ ഇൗ വിഷയത്തിൽ തിരുവനന്തപുരത്ത് കോൺക്ലേവ് സംഘടിപ്പിക്കാൻ 25 ലക്ഷം രൂപ നൽകും. പ്രകൃതിക്ഷോഭത്തിന് ഇരയാകുന്ന കർഷകർക്കുള്ള കുടിശിക ഉടൻ കൊടുത്തുതീർക്കും.
ടൂറിസം രംഗത്തെ നിക്ഷേപങ്ങളെ വ്യവസായം ആയിത്തന്നെ കണക്കാക്കുന്ന തരത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. വ്യവസായങ്ങൾക്കു പെട്ടെന്ന് വിവിധ അനുമതികൾ ലഭിക്കുന്നത് കണക്കിലെടുത്താണിത്. ക്ഷേമ പെൻഷൻ കുടിശിക കൊടുത്തുതീർക്കുന്നതിലാണ് ഇപ്പോൾ മുൻഗണന. കയർ, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലകളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ സമയബന്ധിതമായി നടപ്പാക്കും. ജിഎസ്ടി വകുപ്പിൽ മനുഷ്യ ഇടപെടലില്ലാതെ ഫയലുകൾ പരിശോധിക്കുന്ന സംവിധാനം നടപ്പാക്കുന്നതിന് 3 കോടി രൂപ നൽകും. തോട്ടം മേഖലയിലെ പാർപ്പിട പ്രശ്നം പരിഹരിക്കുന്നതിനും ലയം പുനർനിർമിക്കുന്നതിനും 10 കോടി രൂപ നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.