തീരാനോവായി പൊന്നോമന; മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ മരിച്ച 3 വയസ്സുകാരിക്ക് യാത്രാമൊഴി

Mail This Article
കോട്ടയം ∙ ‘അമ്മേ ഒന്നും കാണാൻ പറ്റുന്നില്ല... മുറുകെപ്പിടിക്ക്... എന്റെ മോൾ അവസാനമായി പറഞ്ഞത് ഇതാണ്...’ – ഏകപർണികയുടെ വേർപാടിൽ നെഞ്ചുലഞ്ഞ അമ്മ ആഷയുടെ ആർത്തനാദം. മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ കട്ടപ്പന കളിയിക്കൽ വിഷ്ണു സോമന്റെയും ആഷയുടെയും മകൾ ഏകപർണിക (3) മരിച്ചത് ചൊവ്വാഴ്ച രാവിലെയാണ്. ചികിത്സപ്പിഴവാണു കുട്ടിയുടെ മരണത്തിനു കാരണമെന്നാണു മാതാപിതാക്കളുടെ ആരോപണം.
-
Also Read
മുല്ലപ്പെരിയാർ: പുതിയ മേൽനോട്ട സമിതി
‘മോളെ നോക്കാൻ പല തവണ നഴ്സുമാരോടു പഞ്ഞതാണ്. എന്നാൽ അവർ ഒന്നും ചെയ്തില്ല. രാത്രി ഒന്നിന് ഇട്ട ഡ്രിപ്പിൽനിന്ന് അരക്കുപ്പി പോലും രാവിലെ എഴു മണിയായിട്ടും അവളുടെ ദേഹത്തുകയറിയില്ല. കണ്ണുകൾ മിഴിഞ്ഞ്, ചുണ്ട് ഉണങ്ങി, ശ്വാസംകിട്ടാതെ വന്നപ്പോഴാണ് കുഞ്ഞിനെയുമായി നിലവിളിച്ചു കൊണ്ട് ഡോക്ടർമാരുടെ അടുത്തേക്ക് ഓടിയത്. ചികിത്സിക്കാനെത്തിയ ഡോക്ടർമാരിൽ ഒരാൾ വിറയ്ക്കുന്നുവെന്ന് പറഞ്ഞ് പിന്നിലേക്ക് മാറി. മറ്റൊരു ഡോക്ടറാണ് ഉടൻ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റാൻ നിർദേശിച്ചത്. ഞാൻ തന്നെയാണ് കുട്ടിയുമായി ഐസിയുവിലേക്കും ഓടിയത്. കുറച്ചു കഴിഞ്ഞപ്പോഴേക്കും അവൾ ഞങ്ങളെ വിട്ടുപോയി’ – ആശയുടെ നെഞ്ചുലയുന്ന കരച്ചിലിന് ഉത്തരങ്ങളില്ല.
വന്നപ്പോൾ മുതൽ ഡ്യൂട്ടി നഴ്സ് മോശമായാണു പെരുമാറിയതെന്നും ആശ പറയുന്നു. 9 വയസ്സുള്ള മൂത്ത കുട്ടി തന്നോടൊപ്പമാണ് ഉണ്ടായിരുന്നത്. ആ കുഞ്ഞിനെ അവിടെ നിർത്താൻ അനുവദിക്കില്ലെന്നാണു നഴ്സ് പറഞ്ഞത്. കുഞ്ഞിന്റെ ആരോഗ്യനില വഷളായപ്പോൾ പലതവണ നഴ്സിനെ അറിയിച്ചെങ്കിലും അവർ തിരിഞ്ഞുനോക്കിയില്ലെന്നും ആഷ ആരോപിക്കുന്നു. കുഞ്ഞിന്റെ നില ഗുരുതരമാണെന്നറിഞ്ഞപ്പോൾ മറ്റെവിടെയെങ്കിലും കൊണ്ടുപോകാമെന്നു തങ്ങൾ പറഞ്ഞെങ്കിലും കുട്ടി വെറ്റിലേറ്ററിലായതിനാൽ വിടാൻ പറ്റില്ലെന്ന് അധികൃതർ പറഞ്ഞതെന്നും ആഷയും ഭർത്താവ് വിഷ്ണുവും പറഞ്ഞു. ഇന്നലെ രാവിലെ പ്രത്യേകസംഘത്തിന്റെ നേതൃത്വത്തിലാണു പോസ്റ്റ്മോർട്ടം നടത്തിയത്. വൈകിട്ട് ജന്മനാട്ടിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം നടത്തി.
അന്വേഷണത്തിന് വിദഗ്ധ സമിതി
ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്നും പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ മരണകാരണം ഡയഫ്രമാറ്റിക് ഹെർണിയ ആണെന്നാണു പ്രാഥമിക റിപ്പോർട്ടെന്നും കോട്ടയം മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ആശുപത്രിക്കു വീഴ്ച സംഭവിച്ചെന്നുള്ള കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഇതിനായി നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി.പുന്നൂസ്, ആശുപത്രി സൂപ്രണ്ട് കെ.പി.ജയപ്രകാശ് എന്നിവർ അറിയിച്ചു. സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി റിപ്പോർട്ട് തേടി.