ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ ഓഫ് ഷോർ ധാതുക്കളുടെ ഖനനവുമായി ബന്ധപ്പെട്ടുള്ള നീക്കത്തിനെതിരെ കേരളം ശക്തമായ എതിർപ്പു പലവട്ടം അറിയിച്ചെന്നു മന്ത്രി പി.രാജീവ് പറഞ്ഞു. കഴിഞ്ഞ ജനുവരി 11ന് കൊച്ചിയിൽ കേന്ദ്ര ഖനി മന്ത്രാലയം സംഘടിപ്പിച്ച റോഡ്ഷോയിൽ കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പരിപാടിയിൽ പങ്കെടുത്തു വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണു സംസ്ഥാനത്തിന്റെ നിലപാടറിയിച്ചത്. പാരിസ്ഥിതികവും സാമൂഹികവുമായ വിവിധ വിഷയങ്ങൾ പരിഗണിച്ച്, സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനു നടപടിയുണ്ടാകണമെന്ന് അഭ്യർഥിച്ചു.

ജനുവരി 19നു ഭുവനേശ്വറിൽ നടന്ന സെൻട്രൽ ജിയോളജിക്കൽ പ്രോഗ്രാമിങ് ബോർഡിൽ ഈ വിഷയം ചർച്ചയ്ക്കു വന്നപ്പോൾ, കേരളത്തിന് ഇക്കാര്യത്തിൽ ഉത്കണ്ഠയുണ്ടെന്നു കേന്ദ്ര ഖനി സെക്രട്ടറി യോഗത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിച്ചുകൊണ്ടു മാത്രമേ ധാതു പര്യവേക്ഷണത്തിനും ഖനനത്തിനുമുള്ള ലേല നടപടികൾ ആരംഭിക്കാവു എന്ന് ഫെബ്രുവരി 13നു വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര സർക്കാരിനു കത്തുനൽകുകയും ചെയ്തു.

ആഴക്കടൽ ഖനന മേഖലയിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെയും ലേലസംവിധാനം കൊണ്ടുവരുന്നതിന്റെയും ഭാഗമായി 2022ൽ കേന്ദ്രസർക്കാർ ഭേദഗതി നിയമത്തിന്റെ കരട് അയച്ചുതന്നതും സംസ്ഥാനം വിശദമായി പരിശോധിച്ചിരുന്നു. ഇക്കാര്യത്തിലെ ആശങ്ക ആ ഘട്ടത്തിൽതന്നെ ഫിഷറീസ് സെക്രട്ടറി കേന്ദ്ര മൈനിങ് ഡയറക്ടറെ കത്തിലൂടെ അറിയിച്ചിരുന്നു.

കടൽമണൽ ഖനനത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സഹായകരമായ നിലപാടെടുത്തെന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നു മന്ത്രി പറഞ്ഞു. കടൽമണൽ ഖനനം വേണ്ടെന്നു സംസ്ഥാന സർക്കാർ റോഡ് ഷോയിൽ അറിയിച്ചതായി മനോരമയടക്കം അന്നു വാർത്ത കൊടുത്തിരുന്നു. ബിൽ അവതരിപ്പിക്കുന്നതിനു മുൻപ്, 2023 മാർച്ചിൽ കേരളം എതി‍ർപ്പ് അറിയിച്ചതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബിൽ അവതരിപ്പിച്ചപ്പോൾ യുഡിഎഫിന്റെ എംപിമാർ ആരും എന്തുകൊണ്ടു ഭേദഗതി നിർദേശം വച്ചില്ല? മാധ്യമങ്ങളിലൂടെയെങ്കിലും എന്തുകൊണ്ട് എതിർപ്പ് അറിയിച്ചില്ല? ബജറ്റിൽ വന്നപ്പോഴാണോ എംപിമാർ അറിഞ്ഞത്. ജാഥ നടത്തേണ്ടത് ഇവിടെയല്ല, ഡൽഹിയിലാണ്. ഈ ഘട്ടത്തിൽ തർക്കവും ഭിന്നിപ്പുമല്ല, യോജിപ്പാണു വേണ്ടതെന്നു മന്ത്രി പറഞ്ഞു. 

റോഡ് ഷോയുടെ ചെലവ് കേരളം വഹിച്ചിട്ടില്ലെന്ന് മന്ത്രി 

കൊച്ചിയിൽ കേന്ദ്രസർക്കാർ നടത്തിയ റോഡ് ഷോയുടെ ഒരു ചെലവും കേരളം വഹിച്ചിട്ടില്ലെന്നു മന്ത്രി രാജീവ് വ്യക്തമാക്കി. വാർത്ത വന്നശേഷവും ഇക്കാര്യം അന്വേഷിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്താണു ചെലവു വഹിച്ചതെന്നാണു മനസ്സിലാക്കിയത്. ജനുവരി 10നു തിരുവനന്തപുരത്തു കേന്ദ്ര മൈനിങ് സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ കടൽമണൽ ഖനനം അജൻഡയായിരുന്നില്ല. കേന്ദ്ര സെക്രട്ടറി യോഗം വിളിച്ചാൽ സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥർക്കു സ്വാഭാവികമായി പങ്കെടുക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. 

ഒത്താശ ചെയ്തത് സംസ്ഥാന സർക്കാർ തന്നെ: സതീശൻ 

കൊല്ലം ∙ കടൽ മണൽ ഖനനവുമായി ബന്ധപ്പെട്ട റോഡ് ഷോയുമായി കേന്ദ്ര മൈനിങ് മന്ത്രാലയം കേരളത്തിലെത്തിയപ്പോൾ ‌എല്ലാ സൗകര്യവും ചെയ്തു കൊടുത്തതു സംസ്ഥാന സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി.സതീശൻ പറഞ്ഞു. ചെലവിനുള്ള പണം നൽകിയതു പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎൽ ആണെന്നും ആരോപിച്ചു.

ഖനന വിഷയം നിയമസഭയിൽ കൊണ്ടുവന്നപ്പോൾ അതിനെ എതിർക്കും എന്നാണു സർക്കാർ പറഞ്ഞത്. 48 മുതൽ 68 മീറ്റർ വരെ ആഴത്തിലാണു ഖനനം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സ്യ സമ്പത്തുള്ള കൊല്ലം തീരത്താണ് ആദ്യം ഖനനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കടലിലെ സസ്യ– ജന്തുജാലങ്ങളും ഇതോടെ നശിക്കും. 74.5 കോടി ടൺ മണൽ കേരളത്തിന്റെ മേഖലയിലെ കടലിൽ ഉണ്ടെന്നാണു പറയുന്നത്. ഒരു ദശലക്ഷം ടണ്ണിന് 47,000 കോടി രൂപയാണു വില. പതിനായിരക്കണക്കിനു കോടിയുടെ കച്ചവടത്തിനു സംസ്ഥാന സർക്കാരും കൂട്ടുനിൽക്കുന്നു. കേരളത്തിൽ കടൽ മണൽ ഖനനം നടത്താൻ അനുവദിക്കില്ല. മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാകുന്നതിനു പുറമേ പാരിസ്ഥിതിക പ്രശ്നവും ഉണ്ടാമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 

ഹോട്ടൽ വാടക കൊടുത്തത് കെഎംഎംഎൽ എന്ന് ഷിബു ബേബിജോൺ് 

കൊല്ലം ∙ കേന്ദ്ര ഖനി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ തിരുവനന്തപുരത്തു വന്നപ്പോൾ താമസിച്ച ഹോട്ടലിന്റെ വാടക കൊടുത്തതു വ്യവസായ വകുപ്പിനു കീഴിലുള്ള ചവറയിലെ കെഎംഎംഎൽ അടക്കം പൊതുമേഖലാ സ്ഥാപനങ്ങളാണോയെന്നു വ്യവസായ മന്ത്രി വിശദീകരിക്കണമെന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ആവശ്യപ്പെട്ടു. വ്യവസായ മന്ത്രി പി. രാജീവ് നടത്തിയ പ്രസ്‌താവന ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. കേന്ദ്ര ഖനി സെക്രട്ടറി തലസ്ഥാനത്തു വന്നപ്പോൾ മുതൽ വ്യവസായ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്നു. പാർലമെന്റിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച് എംപിമാരുടെ കോൺഫറൻസിൽ വിതരണം ചെയ്ത കുറിപ്പുകളിൽ പോലും കടൽ മണൽ ഖനനം കടന്നു വന്നില്ലെന്നും ഷിബു പറഞ്ഞു.  

പ്രതിഷേധവുമായി ഗവേഷകരും രംഗത്ത് 

തിരുവനന്തപുരം ∙ കടൽമണൽ ഖനനത്തിനെതിരെ കൂടുതൽ ഗവേഷകരും ഗവേഷണ സ്ഥാപനങ്ങളും രംഗത്ത്. കേന്ദ്ര മത്സ്യഗവേഷണ സ്ഥാപനമായ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) 2018–ൽ ഖനനത്തിനെതിരെ വിയോജനക്കുറിപ്പ് ഇറക്കിയിരുന്നു. കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ നേരിൽക്കണ്ടു ചില കേന്ദ്ര കയറ്റുമതി പ്രോത്സാഹന സ്ഥാപനങ്ങളും ഉത്കണ്ഠ അറിയിച്ചു. ഇക്കാര്യം പരിശോധിക്കാമെന്നാണു മന്ത്രി നൽകിയ മറുപടി .

മാർച്ച് 10ന് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ അക്വാറ്റിക് ബയോളജി, മറൈൻ ജിയോളജി വകുപ്പുകൾ ശിൽപശാല സംഘടിപ്പിക്കും. വിവിധ ഗവേഷകർക്കു പുറമേ കുസാറ്റിലെയും കുഫോസിലെയും ശാസ്ത്രജ്ഞരും പങ്കെടുക്കും. ഖനനത്തിനെതിരെ കേരള സർവകലാശാലയുടെ പഠനം പുറത്തുവന്നു. 70 രാജ്യങ്ങളിലെ 931 ഗവേഷകർ ഒപ്പിട്ട നിവേദനവും ഖനനത്തിനെതിരായി പുറത്തുവന്നിട്ടുണ്ട്. ഒപ്പുശേഖരണം കേരളത്തിലും നടക്കുകയാണ്. ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട ഐയുസിഎൻ, യുഎൻഇപി, യുഎൻഇഎ തുടങ്ങിയ സ്ഥാപനങ്ങൾ ഖനനത്തിനു മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു

English Summary:

Offshore Sand Mining: Kerala's opposition to offshore sand mining is unwavering, with Minister Rajeev strongly refuting claims of state support. Numerous protests, research studies, and international organizations voice concerns over the potential environmental devastation and economic repercussions.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com