വിഴിഞ്ഞത്തിന് കേന്ദ്രത്തിന്റെ ‘ചെക്ക്’; തുറമുഖ ചെക്ക്പോസ്റ്റിന് അനുമതിയായില്ല

Mail This Article
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖം വാണിജ്യ പ്രവർത്തനം തുടങ്ങി 3 മാസമായിട്ടും രാജ്യാന്തര യാത്രക്കാരെ കടത്താനും ചരക്ക് നീക്കാനുമുള്ള ‘ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റി’ന് (ഐസിപി) അംഗീകാരമായില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ ബ്യൂറോ ഓഫ് ഇമിഗ്രേഷനാണു തീരുമാനമെടുക്കേണ്ടത്. ഇപ്പോൾ നടക്കുന്ന ‘ട്രാൻസ്ഷിപ്മെന്റി’നു പുറമേ വരുമാനം കണ്ടെത്തണമെങ്കിലും ഐസിപി പദവി നിർബന്ധമാണ്.
ചെക്ക് പോസ്റ്റ് വന്നാൽ എത്തുന്ന കപ്പലിലെ ജീവനക്കാർക്കു ക്രൂ ചേഞ്ചിന്റെ ഭാഗമായി കരയ്ക്കിറങ്ങാൻ കഴിയും. അവർക്ക് ഹോട്ടൽ മുറികളും ടാക്സികളും വേണ്ടിവരും. വിമാനത്താവളം അടുത്തുതന്നെ ആണെന്നതും അനുകൂല ഘടകമാണ്. കോവിഡ് കാലത്തു പ്രത്യേക അനുമതിയോടെ വിഴിഞ്ഞത്തു ക്രൂ ചേഞ്ച് നടത്തിയിരുന്നു. 20 കോടിയുടെ വരുമാനമാണു സർക്കാരിന് ഇതുവഴി ലഭിച്ചത്. ഇപ്പോൾ അടിയന്തര സാഹചര്യത്തിൽ കപ്പൽ ജീവനക്കാരെ കരയ്ക്കിറക്കാറുണ്ടെങ്കിലും അത് ആരോഗ്യ പരിശോധനയ്ക്കും മറ്റും മാത്രമാണ്.
3 മാസത്തിനിടെ ഇന്നലെ വരെ 184 കപ്പലുകൾ തുറമുഖത്തു വന്നു പോയി. ഇതിലെ ജിഎസ്ടി വരുമാനത്തിന്റെ വിഹിതം മാത്രമാണു കേരളത്തിനു ലഭിച്ചത്. ഇറക്കുമതിയും കയറ്റുമതിയും തുടങ്ങാനായിട്ടില്ല. ഇതിലും ആദ്യ കടമ്പ ഐസിപി അംഗീകാരമാണ്. തുറമുഖം വാണിജ്യപ്രവർത്തനം തുടങ്ങിയ ഡിസംബർ മൂന്നിനു മുൻപു തന്നെ ഐസിപിക്ക് അപേക്ഷ നൽകിയിരുന്നു. ഗതാഗത സംവിധാനത്തിന്റെ പോരായ്മയുമുണ്ട്. ദേശീയപാതയുടെ സർവീസ് റോഡ് വഴി ചരക്കുനീക്കത്തിനുള്ള താൽക്കാലിക സംവിധാനമാണ് തയാറാക്കിയതെങ്കിലും ദേശീയപാതാ അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതിനാൽ പ്രവർത്തനസജ്ജമായിട്ടില്ല.
∙ ആകെ ജിഎസ്ടി 462 കോടി
വിഴിഞ്ഞം തുറമുഖം വഴി ഇതുവരെ ലഭിച്ച ആകെ ജിഎസ്ടി 462 കോടി രൂപയാണ്. ഇതിൽ 31 കോടി കപ്പലുകളുടെ വരവിൽനിന്നാണ്. 431 കോടി തുറമുഖത്തേക്കു ക്രെയിൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്ത വകയിലാണ്.